Quantcast

'ദിശതെറ്റി യുദ്ധതന്ത്രം; വ്യക്തമായ ലക്ഷ്യങ്ങളും ഇല്ല'-നെതന്യാഹുവിനു മുന്നറിയിപ്പുമായി ഗാലന്‍റിന്‍റെ കത്ത്

കൂടുതൽ കുഴക്കുന്ന ആശങ്കകളാണെന്നു പറഞ്ഞ് നെതന്യാഹു ഗാലന്റിന്റെ കത്ത് തള്ളിയതായി 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    28 Oct 2024 10:47 AM GMT

Israel’s war lacks clear direction and updated objectives: Israel Defense Minister Yoav Gallant warns PM Benjamin Netanyahu, Israel-Iran tensions, Middle East tensions
X

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. വ്യക്തമായ ദിശയില്ലാതെയാണ് ഇസ്രായേലിന്റെ യുദ്ധതന്ത്രം മുന്നോട്ടുപോകുന്നതെന്ന് ഗാലന്റ് വിമർശിച്ചു. ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച നെതന്യാഹുവിന് അയച്ച രഹസ്യ കത്തിലാണ് വിമർശനമെന്ന് 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിക്കു പുറമെ സുരക്ഷാ കാബിനറ്റിനും കത്ത് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ ഇറാൻ ആക്രമണത്തിനു മുൻപ് അയച്ചതാണ് കത്തെന്ന് ഇസ്രായേൽ മാധ്യമം 'ചാനൽ 13' റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകൾ എഴുത്തിൽ പങ്കുവച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിനുള്ള ഭീഷണികൾ വിപുലമാകുകയാണ്. യുദ്ധലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പിഴയ്ക്കാനുമിടയാക്കുമെന്നും ഗാലന്റ് ചൂണ്ടിക്കാട്ടി.

യുദ്ധത്തിൽ ദൃഢമായ അതിർരേഖകളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും കാബിനറ്റ് തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽനിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓരോ യുദ്ധമുന്നണിക്കും കൃത്യമായ ലക്ഷ്യങ്ങൾ നിർണയിക്കേണ്ടതുണ്ടെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്. ഗസ്സയിൽ ഭീഷണികളില്ലാത്തൊരു സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണം. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക ശക്തിപ്പെടുത്തണമെന്നും ഗാലന്റ് നിർദേശിച്ചു.

ലബനാനുമായുള്ള ഏറ്റുമുട്ടലിൽ വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷാ വിഷയമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വടക്കൻ മേഖലയിലെ താമസക്കാർക്ക് അവരുടെ വീടുകളിലേക്കു സുരക്ഷിതമായി മടങ്ങാൻ കഴിയുന്ന തരത്തിൽ അവിടത്തെ സാഹചര്യം മെച്ചപ്പെടുത്തണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് നിർദേശിച്ചിട്ടുണ്ട്. ദേശസുരക്ഷയും ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമസാധുതയും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഗാലന്റിന്റെ ആശങ്കകൾ നെതന്യാഹു തള്ളിയതായാണ് 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ കുഴക്കുന്ന ആശങ്കകളാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരക്ഷാ കാബിനറ്റ് നിർണയിച്ച ലക്ഷ്യങ്ങൾ മാത്രമാണ് യുദ്ധത്തിന്റെ ഏക സീമയെന്നും ലക്ഷ്യങ്ങൾ നിരന്തരം വിലയിരുത്തുകയും പുതുക്കുകയും ചെയ്യുന്നുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Summary: ''Israel’s war lacks clear direction and updated objectives'': Israel Defense Minister Yoav Gallant warns PM Benjamin Netanyahu

TAGS :

Next Story