Quantcast

‘എങ്ങനെ മികച്ച രക്ഷിതാവാകാം’ എന്ന് ക്ലാസെടുത്ത വ്​ലോഗർ കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; 60 വർഷം തടവ് വിധിച്ച് കോടതി

വിശപ്പ് സഹിക്കാനാകാതെ 12 കാരൻ ജനൽ ചാടി അയൽവാസിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്

MediaOne Logo

Web Desk

  • Published:

    21 Feb 2024 7:08 AM GMT

Ruby Franke,youtuber
X

വാഷിങ്ടൺ: എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിനെ പറ്റി ഓൺലൈൻ ക്ലാസെടുത്തിരുന്ന യൂടൂബ് വ്ലോഗർക്ക് കുട്ടികളെ പട്ടിണിക്കിട്ട് പീഡിച്ചിച്ചതിന് 60 വർഷം തടവ്. ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ റൂബി ഫ്രാങ്കെക്കാണ് കനത്ത ശിക്ഷാ നടപടി നേരിടേണ്ടിവന്നത്.

ആറ് മക്കളുടെ അമ്മയായ ഫ്രാങ്കെ നാല് കേസുകളിൽ ​കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് 60 വർഷം തടവിന് ജഡ്ജി റിച്ചാർഡ് ക്രിസ്റ്റഫേഴ്സൺ ശിക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് റൂബി ഫ്രാങ്കെയും അവരുടെ മുൻ ബിസിനസ്സ് പങ്കാളി ജോഡി ഹിൽഡെബ്രാൻഡിനെയും അറസ്റ്റ് ചെയ്യുന്നത്. നാല് ബാലപീഡന കേസിൽ വിചാരണ നേരിട്ടിരുന്ന അവർ കഴിഞ്ഞ ഡിസംബറിൽ കുറ്റസമ്മതം നടത്തിയിരുന്നു.

ഫ്രാങ്കെയുടെ ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതി​നൊപ്പം ഭക്ഷണം നൽകാതെ അടച്ചിട്ടു. കുട്ടികൾ തടങ്കൽ പാളയത്തിന് സമാനമായ സാഹചര്യത്തിലാണ് കഴിഞ്ഞതെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞത്.

കുട്ടികൾക്ക് ഭക്ഷണവും, വെള്ളവും കൊടുത്തിരുന്നില്ല. കിടക്കാനുള്ള സൗകര്യങ്ങൾക്ക് പുറമെ വിനോദങ്ങളിലേർപ്പെടുന്നത് പോലും നി​ഷേധിച്ചുവെന്നാണ് കണ്ടെത്തൽ. ശിക്ഷാവിധി കേട്ടതിന് പിന്നാലെ കോടതിയിൽ അവർ പൊട്ടിക്കരഞ്ഞെന്നും കുട്ടികളോട് ക്ഷമ ചോദിച്ചെന്നും ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാങ്കിൻ്റെ പോഷകാഹാരക്കുറവുള്ള 12 വയസ്സുള്ള മകൻ വിശപ്പ് സഹിക്കാനാകാതെ വീടിന്റെ ജനൽ ചാടിക്കടന്ന് അയൽവാസിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകൾ കയർ കൊണ്ട് കെട്ടിയിരുന്നതിനാൽ ജനൽ ചാടിക്കടക്കുന്നതിനിടയിൽ മുറിവേറ്റുവെന്നും പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു

TAGS :

Next Story