2021ന്റെ കോടിപതികൾ
ലോകത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ വളർച്ചയുണ്ടായ വർഷം കൂടിയായിരുന്നു നമ്മോട് വിടപറയുന്നത്. 2,755 പേരാണ് പ്രമുഖ ബിസിനസ് മാസികയായ ഫോബ്‌സിന്റെ മുപ്പത്തിയഞ്ചാമത് ലോക കോടീശ്വര പട്ടികയിൽ ഉൾപ്പെട്ടത്. കഴിഞ്ഞ വർഷത്തേക്കാൾ 660 പേരാണ് ഇത്തവണ ലിസ്റ്റിൽ ഇടം പിടിച്ചത്. ഇതിൽത്തന്നെ 493 പേർ 'പുതുമുഖങ്ങളാണ്'. തുടർച്ചയായ നാലാം വർഷവും ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് തന്നെയാണ് പട്ടികയിൽ ഒന്നാമത്. 2021 ആദ്യ പത്ത് കോടീശ്വരന്മാർ ഇവരാണ്:
1. ജെഫ് ബെസോസ്
ആകെ വരുമാനം : 177 ബില്യൺ ഡോളർ
1994 ലാണ് ബെസോസ് അമേരിക്കയിലെ സീറ്റിലിൽ ആമസോൺ തുടങ്ങുന്നത്. ഈ വർഷം ജൂലൈ അഞ്ചിന് കമ്പനിയുടെ സി.ഇ.ഓ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ബെസോസ് നിലവിൽ ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനാണ്. കോവിഡ് മഹാമാരിക്കാലത്ത് ആമസോണിന്റെ വരുമാനം കുത്തനെയാണ് ഉയർന്നത്. അമേരിക്കയിലെ പ്രമുഖ പത്രമായ ദി വാഷിംഗ്ടൺ പോസ്റ്റ്, ഏറോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ എന്നിവയുടെ ഉടമ കൂടിയാണ് 57 കാരനായ ബെസോസ്.
2. എലോൺ മസ്‌ക്
ആകെ വരുമാനം : 151 ബില്യൺ ഡോളർ
ഭൂമിയിലെയും ആകാശങ്ങളിലെയും സഞ്ചാര സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നിതാന്ത പരിശ്രമത്തിന്റെ പേര് കൂടിയാണ് എലോൺ മസ്‌ക്. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിന്റെയും ഉടമയാണ് അമ്പത് വയസുകാരനായ എലോൺ മസ്‌ക്. സൗത്ത് ആഫ്രിക്കയിൽ ജനിച്ച് വളർന്ന മസ്‌ക് പതിനേഴാം വയസിൽ കാനഡയിലേക്ക് കുടിയേറി. പെൻസിൽവാനിയ സർവകലാശാലയിലെ വിദ്യാർത്ഥിയായാണ് ഇദ്ദേഹം അമേരിക്കയിലെത്തുന്നത്.
3. ബെർണാഡ് അർണോ
ആകെ വരുമാനം : 150 ബില്യൺ ഡോളർ
ആഡംബര ബ്രാൻഡുകളുടെ കുലപതിയാണ് ഫ്രഞ്ച് കോടീശ്വരനായ ബെർണാഡ് അർണോ . ഈ വർഷം ജനുവരിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലൂയി വുയ്ടെൻ കമ്പനി 15.8 ബില്യൺ ഡോളറിനാണ് അമേരിക്കൻ ജുവല്ലറി ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനി സ്വന്തമാക്കിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര ബ്രാൻഡ് വില്പനയായിരുന്നു ഇത്.
4. ബിൽ ഗേറ്റ്സ്
അകെ വരുമാനം : 124 ബില്യൺ ഡോളർ
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും നിലവിൽ ബിൽ ഗേറ്റ്സ് ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ അധ്യക്ഷനുമാണ് 66 കാരനായ ബിൽ ഗേറ്റ്സ്. 2020 മാർച്ചിൽ മൈക്രോസോഫ്റ്റിന്റെ ബോർഡിൽ നിന്നും പടിയിറങ്ങുമ്പോൾ ബിൽ ഗേറ്സിന് കമ്പനിയുടെ ഓഹരിയുടെ ഒരു ശതമാനമായിരുന്നു ഉടമസ്ഥത. പൊതു സ്ഥാപനങ്ങളിലെ 5.7 ബില്യൺ ഡോളറോളം വരുന്ന തന്റെ ഓഹരികൾ അദ്ദേഹം തന്റെ ഭാര്യയായിരുന്ന മെലിൻഡക്ക് കൈമാറി. ഈ വർഷം മേയിലാണ് 27 വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ബിൽ ഗെറ്റസും മെലിൻഡയും വേർപിരിഞ്ഞത്. എന്നിരുന്നാലും ഇരുവരും ബിൽ ഗേറ്റ്സ് ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ അധ്യക്ഷരായി തുടരും.
5. മാർക് സക്കർബർഗ്
അകെ വരുമാനം : 97 ബില്യൺ ഡോളർ
സാമൂഹ്യ മാധ്യമ ഭീമൻ ഫേസ്‌ബുക്കിന്റെ സഹ സ്ഥാപകനാണ് 37 കാരനായ മാർക് സക്കർബർഗ്. 2004 ൽ പത്തൊമ്പതാം വയസിലാണ് ഹാർവാർഡ് വിദ്യാർത്ഥിയായിരുന്ന സക്കർബർഗ് ഫേസ്ബുക് സ്ഥാപിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് വിവരകൈമാറ്റത്തോടൊപ്പം വ്യാജ വാർത്തകളും ഫേസ്‌ബുക്കിലൂടെ പങ്കുവെക്കപ്പെട്ടു. ഈ വർഷം ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് തുടങ്ങിവയുടെ മാതൃ കമ്പനിയുടെ പേര് ഫേസ്‌ബുക്കിൽ നിന്നും മെറ്റാ എന്നാക്കി മാറ്റി. 2100 ഓടെ ലോകത്തെ രോഗങ്ങളിൽ നിന്നും മുക്തമാക്കാനുള്ള പദ്ധതിയിലാണ് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും.
6. വാറൻ ബഫറ്റ്
അകെ വരുമാനം : 96 ബില്യൺ ഡോളർ
ഒമാഹയിലെ ദീർഘദർശിയെന്നറിയപ്പെടുന്ന വാറൻ ബഫറ്റ് ലോകത്തെ എക്കാലത്തെയും മികച്ച നിക്ഷേപകരിൽ ഒരാളാണ്. വിവിധ മേഖലകളിൽ അറുപതിലധികം കമ്പനികളുള്ള ബെർക്‌ഷെയർ ഹാത്എവേയുടെ ഉടമയാണ് ഇദ്ദേഹം. അമേരിക്കൻ കോൺഗ്രസ് അംഗത്തിന്റെ മകനായ ബഫറ്റ് പതിനൊന്നാം വയസിലാണ് ആദ്യമായി ഓഹരി ഇടപാട് നടത്തുന്നത്. പതിമൂന്നാം വയസ്സുമുതൽ ഇദ്ദേഹം നികുതി നൽകാൻ തുടങ്ങി. തന്റെ സ്വത്തിന്റെ 99 ശതമാനവും ദാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ 91 കാരൻ.
7. ലാറി എല്ലിസൺ
അകെ വരുമാനം : 93 ബില്യൺ ഡോളർ
സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിളിന്റെ സഹസ്ഥാപകനും അധ്യക്ഷനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് ലാറി എല്ലിസൺ. 2018 ൽ മുപ്പത് ലക്ഷം ഓഹരികൾ വാങ്ങി ടെസ്ലയുടെ ബോർഡംഗമായി ഈ 77 കാരൻ. 2012 ൽ ഹവായൻ ദ്വീപായ ലനായിയുടെ ഭൂരിഭാഗവും 300 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയ ഇദ്ദേഹം കഴിഞ്ഞ വർഷം ഇവിടെ സ്ഥിരതാമസമാക്കി. കോളേജ് വിദ്യാഭാസം പോലും പൂർത്തിയാക്കാത്തയാളാണ് ഈ ടെക്ക് വിദഗ്ദൻ.
8. ലാറി പേജ്
അകെ വരുമാനം : 91.5 ബില്യൺ ഡോളർ
ടെക് ഭീമൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സഹസ്ഥാപകനായ ലാറി പേജ് 2019 ൽ കമ്പനിയുടെ സി.ഇ.ഓ സ്ഥാനത്ത് നിന്നും പടിയിറങ്ങിയശേഷം ബോർഡ് അംഗമായി തുടരുകയാണ്. സ്റ്റാഫോർഡിലെ തന്റെ സഹപാഠിയായ സെർജി ബ്രിന്നുമൊന്നിച്ച് 1998 ലാണ് ലാറി പേജ് ഗൂഗിൾ തുടങ്ങുന്നത്.
9. സെർജി ബ്രിൻ
അകെ വരുമാനം : 89 ബില്യൺ ഡോളർ
ആൽഫബെറ്റിന്റെ സഹസ്ഥാപകനായ സെർജി ബ്രിൻ 2019 ഡിസംബറിൽ കമ്പനിയുടെ അധ്യക്ഷസ്ഥാനത്ത് നിന്നും പടിയിറങ്ങി. ഈ വർഷം മുതൽ ആൽഫബെറ്റിന്റെ പൊതു ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്ന ബ്രിൻ ചന്ദ്രദൗത്യത്തിന്റെ ഗവേഷണത്തിലാണ് കൂടുതൽ സമയം ചെലവഴിച്ചത്.
10. മുകേഷ് അംബാനി
അകെ വരുമാനം : 84.5 ബില്യൺ ഡോളർ
ഫോബ്‌സിന്റെ ലോകകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തിലെ ഏക ഇന്ത്യൻ സാന്നിധ്യമാണ് റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനും ചെയർമാനുമായ മുകേഷ് അംബാനി. പെട്രോകെമിക്കൽ, ഇന്ധന, വാതക, ടെലികോം, വ്യാപാരരംഗംങ്ങളിൽ മുദ്ര പതിപ്പിച്ച കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. 1966 ൽ വസ്ത്രവ്യാപാരിയായ ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ്. 2002 ൽ അദ്ദേഹത്തിന്റെ വിയോഗശേഷം അനുജൻ അനിൽ അംബാനിയുമായി തെറ്റിപ്പിരിഞ്ഞതോടെ റിലയൻസ് ഗ്രൂപ് പിളർന്നു.
പിൻകുറിപ്പ്: ഈ വർഷം ഏപ്രിൽ അഞ്ചാം തീയതി വരെയുള്ള കണക്കുകൾ വെച്ചാണ് ഈ വർഷത്തെ കോടീശ്വര പട്ടിക ഫോർബ്‌സ് മാസിക തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ നിലവിലെ കണക്കുകൾ വെച്ച് പട്ടികയിൽ നേരിയ ഏറ്റക്കുറവുകൾ ഉണ്ടായേക്കാം.
Summary : Millionaires of 2021
Adjust Story Font
16