ഭാരത് എന്‍കാപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത്; ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി ടാറ്റയുടെ രണ്ട് വാഹനങ്ങള്‍
കഴിഞ്ഞ ഒക്‌ടോബറിലണ് ഭാരത് എന്‍കാപ് നടപ്പാക്കുന്നത്
വാഹനങ്ങളിലെ സുരക്ഷ സംവിധാനങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്ന ഭാരത് എന്‍കാപ്പിന്റെ ആദ്യ പരിശോധന ഫലങ്ങള്‍ പുറത്തുവന്നു. ടാറ്റയുടെ എസ്.യു.വികളായ സഫാരി, ഹാരിയര്‍ എന്നിവയാണ് ആദ്യമായി ക്രാഷ് ടെസ്റ്റ് നടത്തിയത്. ഇരുവാഹനങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങായ ഫൈവ് സ്റ്റാര്‍ തന്നെ ലഭിച്ചു.
അഡള്‍റ്റ്, ചൈല്‍ഡ് സുരക്ഷ വിഭാഗങ്ങളിലായി രണ്ട് വാഹനങ്ങള്‍ക്കും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ്. മുന്‍വശം 64 കിലോമീറ്റര്‍, സൈഡില്‍ 50 കിലോമീറ്റര്‍, പിന്നില്‍ 29 കിലോമീറ്റര്‍ എന്നിങ്ങനെ വേഗതയിലാണ് ഭാരത് എന്‍കാപ് പ്രകാരം ക്രാഷ് ടെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ ഒക്‌ടോബറിലണ് ഭാരത് എന്‍കാപ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഭാരത് എന്‍കാപ്പില്‍ ആദ്യമായി ക്രാഷ് ടെസ്റ്റ് നടത്തുകയും ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിക്കുകയും ചെയ്ത ടാറ്റയുടെ വാഹനങ്ങളെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. ഇരു വാഹനങ്ങള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു.
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തിറക്കിയ പുതിയ സഫാരിക്കും ഹാരിയറിനും ഗ്ലോബല്‍ എന്‍കാപ്പിലും ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ് ലഭിച്ചിരുന്നു. 16.19 ലക്ഷം മുതല്‍ 27.34 ലക്ഷം രൂപ വരെയാണ് ടാറ്റ സഫാരിയുടെ എക്‌സ് ഷോറൂം വില. 15.49 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് ഹാരിയറിന്റെ വില ആരംഭിക്കുന്നത്. ഉയര്‍ന്ന മോഡലിന് 26.44 ലക്ഷമാണ് (എക്‌സ് ഷോറൂം) വില.