എല്ലാ മോഡലുകൾക്കും റെക്കോർഡ് ബുക്കിങ്; പക്ഷേ മഹീന്ദ്ര വാഹനം കിട്ടാൻ രണ്ടു വർഷം വരെ കാത്തിരിക്കണം

ഈ പട്ടികയിലേക്കാണ് സ്‌കോർപിയോ എൻ കൂടി കടന്നുവരുന്നത്. ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചുവെങ്കിലും ഈ വർഷം 20,000 സ്‌കോർപിയോ എൻ മാത്രമേ ഡെലിവറി ചെയ്യാൻ സാധിക്കൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Update: 2022-07-30 14:40 GMT
Editor : Nidhin | By : Web Desk
Advertising

മഹീന്ദ്ര അടുത്തകാലത്ത് പുറത്തിറക്കിയ എല്ലാ മോഡലുകൾക്ക് വൻ വരവേൽപ്പാണ് വിപണിയിൽ നിന്ന് ലഭിച്ചത്. പ്രത്യേകിച്ചും എക്‌സ്.യു.വി 700 ന് നിരവധി ബുക്കിങുകളാണ് ലഭിക്കുന്നത്. 1.50 ലക്ഷത്തിലധികം ബുക്കിങാണ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലിന് ഇതുവരെ ലഭിച്ചത്. എക്‌സ് ഷോറൂം മൂല്യം വച്ചു നോക്കിയാൽ 9,500 കോടിയുടെ എക്‌സ് യു വി 700 ബുക്ക് ചെയ്തു കഴിഞ്ഞു.

ഇന്ന് ബുക്കിങ് ആരംഭിച്ച സ്‌കോർപിയോ എൻ അര മണിക്കൂർ കൊണ്ടാണ് ഒരു ലക്ഷം ബുക്കിങ് പിന്നിട്ടത്. 18,000 കോടിയുടെ എക്‌സ് ഷോറൂം മൂല്യം വരുന്ന സ്‌കോർപിയോ എൻ ഇതുവരെ ബുക്ക് ചെയ്തു.

കാര്യങ്ങൾ അങ്ങനെയിരിക്കെ മഹീന്ദ്ര നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇത്രയും വാഹനങ്ങൾ ഡെലിവറി ചെയ്യാൻ എടുക്കുന്ന കാലതാമസമാണ്. ഇന്ന് ബുക്കിങ് ആരംഭിച്ച സ്‌കോർപിയോ എൻ ഒഴിച്ചു നിർത്തിയാൽ ജൂലൈ ഒന്നിന് പുറത്തുവന്ന കണക്ക് അനുസരിച്ച് 1.43 ലക്ഷം എസ്.യു.വികളാണ് മഹീന്ദ്ര ഇന്ത്യയിൽ മാത്രം ഡെലിവർ ചെയ്യാനുള്ളത്.

എക്സ്യുവി 700, എക്സ്യുവി 300, ഥാർ, ബൊലേറോ എന്നിവ മാത്രം ചേർത്താണ് ഇത്രയും ബാക്ക്ലോഗുണ്ടായിരിക്കുന്നത്. ഈ മാസം 30ന് പുതിയ സ്‌കോർപിയോ എൻ ബുക്കിങ് ആരംഭിച്ചാൽ ഈ കണക്ക് ഇനിയും വലുതാകും.

ഈ പട്ടികയിൽ എക്സ്യുവി 700 ആണ് ഏറ്റവും കൂടുതൽ ബുക്കിങ് ഉള്ളത്. 80,000 ബുക്കിങാണ് നിലവിൽ എക്സ്യുവി 700 നുള്ളത്. പ്രതിമാസം ശരാശരി 9,800 ബുക്കിങ് പുതുതായി ലഭിക്കുന്നുണ്ട്. എക്സ് ഷോറൂം മൂല്യം വച്ച് നോക്കിയാൽ 9,500 കോടി രൂപയുടെ എക്സ് യു വി 700 ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 35,824 യൂണിറ്റുകളാണ് ഇതുവരെ ഡെലിവറി ചെയ്യാൻ സാധിച്ചിട്ടുള്ളത്. ചില വേരിയന്റുകൾ ഇപ്പോൾ ബുക്ക് ചെയ്താൽ 2024 ൽ മാത്രമേ ഡെലിവറി ലഭിക്കുകയുള്ളൂ എന്നാണ് ഡീലർമാർ സൂചിപ്പിക്കുന്നത്.

പട്ടികയിൽ രണ്ടാമതുള്ളത് ഓഫ് റോഡ് വാഹനമായ ഥാറാണ്. 26,000 ഥാറുകളാണ് ഇനി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത്. ഇതുവരെ 58,391 യൂണിറ്റുകളാണ് ഇതുവരെ നിരത്തിലിറങ്ങിയത്.

കാലങ്ങളായി മഹീന്ദ്രയുടെ വിൽപ്പന ചാർട്ടിൽ വീഴാതെ നിൽക്കുന്ന ബൊലേറോയാണ് മൂന്നാമത്. 15,000 യൂണിറ്റുകളാണ് ബൊലേറോ ഇനി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത്. അവസാനസ്ഥാനത്തുള്ളത് കോംപാക്ട് എസ്.യു.വി എക്സ്.യു.വി 300 ആണ്. 14,000 യൂണിറ്റുകൾ ഡെലിവറി ചെയ്യാനുള്ള ഈ മോഡലിന് നിലവിൽ ബുക്കിങ് കുറവാണ്.

ഈ പട്ടികയിലേക്കാണ് സ്‌കോർപിയോ എൻ കൂടി കടന്നുവരുന്നത്. ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചുവെങ്കിലും ഈ വർഷം 20,000 സ്‌കോർപിയോ എൻ മാത്രമേ ഡെലിവറി ചെയ്യാൻ സാധിക്കൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഇപ്പോൾ ലഭിച്ച ബുക്കിങ് പൂർത്തിയാക്കാൻ തന്നെ 2023 പകുതി കഴിയും. ബുക്കിങ് മുന്നോട്ടു പോകുമ്പോൾ സ്‌കോർപിയോ എൻ ഡെലിവറി ഡേറ്റ് 2023 ഉം കടന്നു മുന്നോട്ടുപോകാനാണ് സാധ്യത. പൂർണമായും പരിഹരിക്കാത്ത ചിപ്പ് ക്ഷാമവും കുറഞ്ഞ പ്രൊഡക്ഷൻ കപ്പാസിറ്റിയുമാണ് മഹീന്ദ്രയുടെ കാത്തിരിപ്പ് സമയത്തിൽ വൻ വർധന വരാൻ കാരണം. ഡെലിവറി പരമാവധി വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News