ബാറ്ററിക്ക് ലൈഫ് ടൈം വാറന്റി; രണ്ട് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കി മഹീന്ദ്ര
രണ്ട് വാഹനങ്ങളും കൂപ്പെ ഡിസൈനിലുള്ളതാണ്
രണ്ട് പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കി മഹീന്ദ്ര. BE 6e, XEV 9e എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. രണ്ട് വാഹനങ്ങളും കൂപ്പെ ഡിസൈനിലുള്ളതാണ്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇവ നിർമിച്ചിട്ടുള്ളത്.
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) BE 6eന്റെ പ്രാരംഭ വില. 682 കിലോമീറ്റർ റേഞ്ചാണ് എആർഎഐ സർട്ടിഫൈ ചൈയ്തിട്ടുള്ളത്.
59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനിൽ വാഹനം ലഭ്യമാകും. 228 എച്ച്പി, 281 എച്ച്പി എന്നിവയുടെ ഇവയുടെ പരമാവധി പവർ. 380 എൻഎം ആണ് ടോർക്ക്. കൂടാതെ ഉയർന്ന വേരിയന്റിൽ 6.7 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ ഇതിലുണ്ടാകും.
ലൈഫ് ടൈം വാറന്റിയാണ് ബാറ്ററിക്ക് മഹീന്ദ്ര നൽകുന്നത്. 175 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ടാകും. 20 ശതമാനത്തിൽനിന്ന് 80 ശതമാനമെത്താൻ 20 മിനിറ്റ് മതി. വാഹനത്തിന്റെ വിതരണം 2025 ഫെബ്രുവരിയിലോ മാർച്ചിലോ ആരംഭിക്കുമെന്നാണ് വിവരം.
ഒരു വേരിയന്റിന്റെ വില മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാകും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.
XEV 9e
21.90 ലക്ഷം രൂപ മുതലാണ് XEV 9eയുടെ വില ആരംഭിക്കുന്നത്. BE 6eയെക്കാൾ വലിയ വാഹനമാണിത്. 59, 79 കലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്. ജനുവരിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.