മഹീന്ദ്ര 19,000ത്തിലധികം വാഹനങ്ങൾ തിരികെ വിളിച്ചു
ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്‌യുവി 700, സ്‌കോർപിയോ എൻ എന്നീ മോഡലുകളാണ് തിരികെ വിളിച്ചിരിക്കുന്നത്
മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ അവരുടെ നിലവിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്‌യുവി 700, സ്‌കോർപിയോ എൻ എന്നീ മോഡലുകളുടെ 19,000 യൂണിറ്റുകൾ തിരികെവിളിച്ചു. 2022 നവംബർ ഒന്നിനും 11 നും ഇടയിൽ നിർമിച്ച മോഡലുകളാണ് തിരികെവിളിച്ചത്.
മാനുവൽ ഗിയർ ബോക്‌സുള്ള 12,566 യൂണിറ്റ് എക്‌സ്.യു.വി 700, 6,618 യൂണിറ്റ് സ്‌കോർപിയോ എൻ എന്നീ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബെൽ ഹൗസിങിന് താഴെയുള്ള റബർ ഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കാനാണ് കമ്പനി വാഹനങ്ങളെ തിരികെ വിളിച്ചിരിക്കുന്നത്. പ്രസ്തുത കാലയളവിൽ നിർമിച്ച മോഡലുകളുടെ ഉടമകളെ ഡീലർഷിപ്പുകളിൽ നിന്ന് ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന്റെ പരിശോധനയും പരിഹരിക്കലും പൂർണമായും സൗജന്യമായിരിക്കുമെന്ന് മഹീന്ദ്ര ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ രീതിയിൽ മാരുതി സുസുക്കിയും തങ്ങളുടെ ചില മോഡലുകളെ തിരികെ വിളിച്ചിട്ടുണ്ട്.
2022 നവംബർ രണ്ടിനും 28 നും ഇടയിൽ നിർമിച്ച ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്സ് എൽ 6, സിയാസ് എന്നീ മോഡലുകളെയാണ് മാരുതി തിരികെ വിളിച്ചിരിക്കുന്നത്. ആകെ 9,125 കാറുകളാണ് ഇക്കാലയളവിൽ മേൽപ്പറഞ്ഞ മോഡലുകളിൽ മാരുതി സുസുക്കി നിർമിച്ചത്. ഗ്രാൻഡ് വിറ്റാരയുടെ ടൊയോട്ടയിലെ സഹോദരനായ അർബൻ ക്രൂയിസർ ഹൈ റൈഡർ എന്ന മോഡലും തിരികെ വിളിച്ചിട്ടുണ്ട്.
ഇതിന്റെ ഉടമകൾക്കെല്ലാം മാരുതി തിരികെ ഷോറൂമിലെത്തി തകരാർ പരിഹരിക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുന്നിലെ ഡ്രൈവർ, പാസഞ്ചർ സീറ്റുകളിലെ സീറ്റ് ബെൽറ്റ് അഡ്ജസ്റ്ററിലെ പ്രശ്നം മൂലമാണ് മാരുതി സുസുക്കി ഇത്രയും വാഹനങ്ങൾ തിരികെവിളിച്ചത്. ഈ പ്രശ്നത്തോടെ വാഹനമോടിച്ചാൽ സീറ്റ് ബെൽറ്റ് പൂർണമായും തകരാറിലാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇക്കാലയളവിൽ എല്ലാ വാഹന ഉടമകളോടും അടുത്തുള്ള മാരുതി സുസുക്കി അംഗീകൃത സർവീസ് സെന്ററിലെത്തി തകരാർ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൗജന്യമായാണ് ഈ പ്രശ്നം കമ്പനി പരിഹരിച്ചു നൽകുക.
ഈ വർഷം മാരുതി സുസുക്കി ഇത് ആദ്യമായല്ല തങ്ങളുടെ വാഹനങ്ങൾ തിരികെ വിളിക്കുന്നത്. ഒക്ടോബററിൽ ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനും ഇടയിൽ നിർമിച്ച വാഗൺ ആർ, സെലേറിയോ ഇഗ്‌നിസ് എന്നീ മോഡലുകളിയലായി 9,925 യൂണിറ്റ് ബ്രേക്ക് യൂണിറ്റിലെ തകരാർ മൂലം കമ്പനി തിരികെ വിളിച്ചിരുന്നു. അതിന് മുമ്പ് ഏപ്രിലിൽ റിം സൈസ് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് 19,731 യൂണിറ്റ് ഈക്കോ എംപിവികളും കമ്പനി തിരികെ വിളിച്ചിരുന്നു.