ഏറ്റവും പവർഫുൾ സി.എൻ.ജി ഹാച്ച്ബാക്ക്; മാരുതി സുസുകി സ്വിഫ്റ്റ് സി.എൻ.ജി ലോഞ്ച് ചെയ്തു
മാരുതി പറയുന്നത് ശരിയാണെങ്കിൽ സ്വിഫ്റ്റ് സി.എൻ.ജിയാണ് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സി.എൻ.ജി പ്രീമിയം ഹാച്ച്ബാക്ക്
മാരുതി സുസുകി സ്വിഫ്റ്റ് സി.എൻ.ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 7.77 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. വി.എക്‌സ്.ഐ, സെഡ്.എക്‌സ്.ഐ എന്നിങ്ങനെ രണ്ടു വേരിയൻറുകളിലാണ് പുതിയ സി.എൻ.ജി സ്വിഫ്റ്റ് ലഭ്യമാകുക. ഇവയിൽ ആദ്യത്തേതിന് 7.77 ലക്ഷമാണ് എക്‌സ്‌ഷോറൂം വിലയെങ്കിൽ രണ്ടാമത്തേതിന് 8.45 ലക്ഷം നൽകേണ്ടിവരും. കൂടാതെ പുതിയ സ്വിഫ്റ്റിനായി 16,499 രൂപയുടെ പുതിയ മാസാന്ത സബ്‌സ്‌ക്രിപ്ഷൻ പ്ലാനും കമ്പനി നടപ്പാക്കുന്നുണ്ട്. നിലവിൽ ആൾട്ടോ, വാഗൺആർ, സെലാറിയോ, ഡിസൈർ, എർട്ടിഗ, സൂപ്പർ കാരി, ടൂർ എസ് എന്നീ മോഡലുകളിൽ സി.എൻ.ജി വേരിയൻറ് കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ പട്ടികയിലേക്കാണ് സി.എൻ.ജി സ്വിഫ്റ്റ് കൂടിയെത്തുന്നത്.
2022 മാരുതി സ്വിഫ്റ്റ് സി.എൻ.ജി മൈലേജ് ?
2022 മാരുതി സ്വിഫ്റ്റ് സി.എൻ.ജി മോഡലിൽ 1.2 ലിറ്റർ കെ സിരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വി.വി.ടി എൻജിനാണുണ്ടാകുക. 6000 ആർ.പി.എമ്മിൽ 57 കിലോ വാട്ട് പവറും 4300 ആർ.പി.എമ്മിൽ 98.5 എൻ.എം പീക് ടോർക്കുമും രണ്ട് മോഡലിലുമുണ്ടാകും. പെട്രോൾ മോഡിൽ 89 പി.എസും 113 എൻ.എമ്മുമാണ് എൻജിൻ പവർ. 30.90 കി.മി പെർ കെ.ജിയാണ് സി.എൻ.ജി കാറിന്റെ ഇന്ധനക്ഷമത. മാരുതി പറയുന്നത് ശരിയാണെങ്കിൽ സ്വിഫ്റ്റ് സി.എൻ.ജിയാണ് ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയതും ഇന്ധനക്ഷമതയുള്ളതുമായി സി.എൻ.ജി പ്രീമിയം ഹാച്ച്ബാക്ക്.
തങ്ങളുടെ സി.എൻ.ജി വാഹനങ്ങളിൽ ഡ്യുവൽ ഇൻറർഡിപ്പൻഡെൻറ് ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റും ഇൻറലിജൻറ് സംവിധാനവും ഉണ്ടെന്നാണ് മാരുതി വ്യക്തമാക്കുന്നത്.
Maruti Suzuki Swift CNG launched in India