സാമ്പത്തിക വർഷം 20 ലക്ഷം കാറുകൾ നിർമിക്കാൻ മാരുതി സുസുക്കി
ഹരിയാനയിലെ ഖാർഖൂഡയിൽ പുതിയ നിർമാണ പ്ലാന്റ് ആരംഭിക്കാൻ മാരുതി സുസുക്കി ഭൂമി വാങ്ങിയിട്ടുണ്ട്. 11,000 കോടിയാണ് പ്ലാന്റിൽ മാരുതി നിക്ഷേപിക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഉത്പാദനത്തിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. 2022-2023 സാമ്പത്തികവർഷത്തിൽ 20 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുമെന്നാണ് മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ അറിയിച്ചിരിക്കുന്നത്. പുതുതായി പുറത്തിറക്കാൻ പോകുന്ന ഗ്രാൻഡ് വിറ്റാരയായിരിക്കും ഈ നാഴികകല്ലിൽ ഒരു പ്രധാനപങ്ക് വഹിക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഹനനിർമാണ മേഖലയിൽ നിലനിന്നിരുന്ന ചിപ്പ് ക്ഷാമത്തിന് പരിഹാരമായതോടെയാണ് മാരുതിക്ക് അവരുടെ ഉത്പാദനം വൻതോതിൽ വർധിപ്പിച്ചത്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ റെക്കോർഡ് നിർമാണമാണ് അവർ നടത്തിയത്. 4,54,161 യൂണിറ്റുകളാണ് ഇക്കാലയളവിൽ അവർ നിർമിച്ചത്. കഴിഞ്ഞ വർഷം ഇതേക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം അധികമാണ് ഈ കണക്ക്. ഉത്പാദനം ഈ രീതിയിൽ മുന്നോട്ടുപോയാൽ 20 ലക്ഷം യൂണിറ്റുകൾ എന്ന ലക്ഷ്യം മാരുതി സുസുക്കി എളുപ്പത്തിൽ മറിക്കടക്കുമെന്നാണ് കരുതുന്നത്.
സെമി കണ്ടക്ടറുകളുടെ ക്ഷാമം അവസാനിച്ചതും ഗ്രാൻഡ് വിറ്റാരയുടെ ഉത്പാദനം ടൊയോട്ട പ്ലാന്റിൽ വച്ചായതും മാരുതിയുടെ ഉത്പാദനത്തെ വളരെയധികം സ്വാധീനിക്കുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. ബ്രസക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ലഭിക്കുന്ന ജനപ്രീതി കണക്കിലെടുത്ത് ഇന്ത്യയിൽ ഹോട്ട് സെല്ലിങ് വിഭാഗമായ എസ്.യു.വി വിപണിയിൽ കൂടുതൽ മോഡലുകൾ മാരുതിയിൽ നിന്നുണ്ടാകുമെന്നും മാരുതി സുസുക്കി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു.
അതേസമയം ഭാവിയിലെ ഉത്പാദന ആവശ്യങ്ങൾ കണക്കിലെടുത്ത് ഹരിയാനയിലെ ഖാർഖൂഡയിൽ പുതിയ നിർമാണ പ്ലാന്റ് ആരംഭിക്കാൻ മാരുതി സുസുക്കി ഭൂമി വാങ്ങിയിട്ടുണ്ട്. 11,000 കോടിയാണ് പ്ലാന്റിൽ മാരുതി നിക്ഷേപിക്കുക. 2025 ൽ പ്ലാന്റിന്റെ ആദ്യഘട്ടം പൂർത്തിയാക്കും.