സ്‌കൂട്ടർ മാത്രമല്ല ഒലയിൽ നിന്ന് ഇലക്ട്രിക് കാറും വരുന്നു
സ്‌കൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്നത് പോലെ ഫ്യൂച്ചറിസ്റ്റിക്കും എന്നാൽ മിനിമനലിസ്റ്റിക്കുമായ ഡിസൈനാണ് കാറുകളിലും ഒല ഉപയോഗിച്ചിരിക്കുന്നത്
ഇന്ത്യൻ ഇവി സ്‌കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാൻഡാണ് ഒല. തികച്ചും ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനും ഫീച്ചറുകളും മറ്റു ഇവി സ്‌കൂട്ടറുകളിൽ നിന്ന് ഒലയെ വൃത്യസ്തമാക്കി നിർത്തി. പല പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മാസത്തെ ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ വിൽപ്പന ചാർട്ടിൽ മുൻനിരയിൽ തന്നെ ഒല എസ്-1, എസ്-1 പ്രോ എന്നീ മോഡലുകളുണ്ടായിരുന്നു.
ഇവി സ്‌കൂട്ടറുകൾ അവതരിപ്പിക്കുമ്പോൾ തന്നെ ഇത് ഇതുകൊണ്ടൊന്നും തീരില്ലെന്ന സൂചന ഒല തന്നിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇലക്ട്രിക് ഇരുചക്ര വാഹനം കൂടാതെ ഇലക്ട്രിക് കാർ വിപണിയിലേക്കും ഒല കടക്കുകയാണ്. തങ്ങൾ പുറത്തിറക്കാൻ പോകുന്ന ഇവി കാറുകളുടെ ടീസർ ചിത്ര ഒല കഴിഞ്ഞദിവസം പുറത്തുവിട്ടു.
ഒല സ്‌കൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്നത് പോലെ ഫ്യൂച്ചറിസ്റ്റിക്കും എന്നാൽ മിനിമനലിസ്റ്റിക്കുമായ ഡിസൈനാണ് കാറുകളിലും ഒല ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്. മൂന്ന് കാറുകളുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നും സെഡാൻ മോഡലാണ്.
ആദ്യത്തെ കാറിന് ഉയരം കുറഞ്ഞ ബോണറ്റും റാപ്പറൗണ്ട് എഫക്റ്റുള്ള ഹെഡ്ലൈറ്റുകളുമുണ്ട്. പിൻഭാഗം Kia EV6 പോലെയുള്ള മുഴുനീള ടെയിൽ-ലൈറ്റുകളുള്ള ഒരു ചെറിയ ബൂട്ടിന്റെ സൂചന നൽകുന്നു.
രണ്ടാമത്തെ കാറിന് ഫ്രണ്ട് ലൈറ്റുകൾക്ക് റാപ്പറൗണ്ട് എഫക്റ്റ് നൽകിയിട്ടുണ്ട്. എന്നാൽ ഹെഡ്ലാമ്പുകൾക്കായി ഇരട്ട യൂണിറ്റുകളും ആക്രമണാത്മക ശൈലിയിലുള്ള ഫ്രണ്ട് ബമ്പറുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാമത്തെ മോഡലിന് മുന്നിൽ ഒറ്റ നിരയിലുള്ള ഹെഡ് ലാമ്പുകളും പിറകിൽ മറ്റു രണ്ടു മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ടെയിൽ ലാമ്പുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് മുകളിൽ പറഞ്ഞത്. പ്രൊഡക്ഷൻ മോഡലിലേക്ക് വരുമ്പോൾ ഇതിൽ മാറ്റങ്ങൾ വന്നേക്കാം.
വാഹനത്തിന്റെ മറ്റുവിവരങ്ങളൊന്നും ഒല പുറത്തുവിട്ടിട്ടില്ല. എന്നാൽ 70 മുതൽ 80 kWh ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. 25 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന ഒല ഇലക്ട്രിക് കാറുകൾ 2023 അവസാനം മാത്രമേ വിപണിയിലെത്താൻ സാധ്യതയുള്ളൂ.
Summary: Ola Enters Into EV Car Market