സിമ്മിങ് പൂൾ, ഹെലിപ്പാഡ്... ഗിന്നസ് റെക്കോഡിട്ട്‌ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ

നവീകരിച്ചതോടെ 30.5 മീറ്ററായ വാഹനത്തിൽ ആറ് ഹോണ്ട സിറ്റി സെഡാനുകൾ പാർക്ക് ചെയ്താൽ പിന്നെയും സ്ഥലം ബാക്കിയുണ്ടാകും

Update: 2022-03-11 14:07 GMT
Advertising

സിമ്മിങ് പൂൾ, ഹെലിപ്പാഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളുമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ നവീകരിച്ച്‌ പുതിയ റെക്കോഡിട്ടു. 'ദി അമേരിക്കൻ ഡ്രീം' എന്ന് പേരിട്ട സൂപ്പർ ലിമോ കാറാണ് നവീകരിച്ച്‌ അതിന്റെ തന്നെ മുൻ റെക്കോഡ് തകർത്തിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 30.54 മീറ്ററാണ് നീളം (100 അടി, 1.50 ഇഞ്ച്). സാധാരണ ഒരു കാർ 12 മുതൽ 16 അടി വരെയാണ് നീളമുണ്ടാകാറുള്ളത്. നവീകരിച്ച വാഹനത്തിന്റെ ചിത്രവും വീഡിയോയും ഗിന്നസ് വേൾഡ് റെക്കോഡ്‌സിന്റെ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ആദ്യമായി 1986 ലാണ് ഈ കാർ നിർമിക്കപ്പെട്ടിരുന്നത്. കാലിഫോർണിയയിലെ ബർബാങ്കിൽ നിന്നുള്ള കാർ കസ്റ്റമൈസറായ ജയ് ഓബെർഗായിരുന്നു നിർമാതാവ്. അന്നു 60 അടിയായിരുന്നു നീളം. 26 ചക്രങ്ങളും ഒരു ജോഡി എഎട്ട് എൻജിനുകളുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നവീകരിച്ചതോടെ വാഹനം 30.5 മീറ്ററായി. ഇതോടെ 15 അടിയുള്ള ഇന്ത്യയിലെ ആറ് ഹോണ്ട സിറ്റി സെഡാനുകൾ പാർക്ക് ചെയ്താൽ ഈ കാറിൽ പിന്നെയും സ്ഥലം ബാക്കിയുണ്ടാകും. 1976 ലെ കാഡില്ലാക് എൽഡൊറാഡേ ലിമിനസിനെസ് പ്രകാരമുള്ള 'ദി അമേരിക്കൻ ഡ്രീമർ' ഇരുവശത്ത് നിന്നും ഓടിക്കാൻ പറ്റും. രണ്ടു സെക്ഷനുകളായി നിർമിച്ച ശേഷം ഒരു ഹിഞ്ച് ഉപയോഗിച്ച് മധ്യത്തിൽ യോജിപ്പിക്കുകയായിരുന്നുവെന്ന് ഗിന്നസ് വേൾഡ് റെക്കോഡ്‌സ് അധികൃതർ അറിയിച്ചു.

ആഡംബരങ്ങളുടെ ലിസ്റ്റ് നീളും

വെറുതെ നീളത്തിൽ വാഹനം നിർമിക്കുകയല്ല ചെയ്തിട്ടുള്ളത്. നിരവധി ആഡംബരങ്ങളിലാണ് കാറിലുള്ളത്. വലിയ വാട്ടർബെഡ്, ഡൈവിങ് ബോർഡ് അടക്കമുള്ള വലിയ സിമ്മിങ് പൂൾ, ജാക്വസി, ബാത്ഡബ്, മിനി ഗോൾഫ് കോഴ്‌സ്, ഹെലിപ്പാഡ് എന്നിവയൊക്കെ ഈ കാറിൽ സജ്ജീകരിച്ചിരിക്കുകയാണ്. 5000 പൗണ്ട് ഭാരം വഹിക്കാനാകുന്ന സ്റ്റീൽ ബ്രാക്കറ്റുകൾ സഹിതം ഹെലിപ്പാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുകയാണെന്ന് നവീകരണ പ്രവൃത്തിയിൽ പങ്കെടുത്ത മികായേൽ മാന്നിങ് പറഞ്ഞു.


Full View


റെഫ്രിജറേറ്റർ, ടെലിഫോൺ, ടെലിവിഷനുകൾ, എന്നിവയൊക്കെയുള്ള വാഹനം ഒരേസമയം 75 ലേറെ ആളുകൾക്ക് ഉപയോഗിക്കാനാകുമെന്ന് ഗിന്നസ് അധികൃതർ അവകാശപ്പെട്ടു. പല സിനിമകളിലും പ്രത്യക്ഷപ്പെട്ട ഈ നീളൻ കാർ വാടകയ്ക്കും നൽകപ്പെടുന്നുണ്ട്. വാഹനം നവീകരിക്കാൻ തീരുമാനിച്ച മാന്നിങ് ഇബേയിൽ നിന്നാണിത് വാങ്ങിയത്. ഷിപ്പിങ്, നിർമാണ സാമഗ്രികൾ, തൊഴിലാളികളുടെ കൂലി എന്നിവയടക്കം രണ്ടരലക്ഷം ഡോളറാണ് കാർ നവീകരിക്കാൻ ചെലവ് വന്നിരിക്കുന്നത്. മൂന്നു വർഷം കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും കാർ നിരത്തിലിറങ്ങില്ല. ഡെസർലാൻഡ് പാർക് കാർ മ്യൂസിയത്തിലെ ക്ലാസിക് കാറുകളിലെ ശേഖരത്തിലാണ് കാർ സൂക്ഷിച്ചുവെക്കുക.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News