നാല് ലക്ഷം ചാർജിങ് പോയിന്‍റുകൾ; പുതിയ പദ്ധതിയുമായി ടാറ്റ മോട്ടോഴ്‌സ്
രണ്ട് വർഷത്തിനുള്ളിൽ 500 മെഗാ ചാർജറുകൾ സ്ഥാപിക്കും


ന്യൂഡൽഹി: ഇന്ത്യയിലെ ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് ‘ഓപ്പൺ കൊളാബറേഷൻ 2.0’ പദ്ധതി പ്രഖ്യാപിച്ചു. മെഗാ ചാർജർ ശൃംഖല സ്ഥാപിക്കാനായി Tata.ev പ്രധാന ചാർജിങ് പോയിന്റ് ഓപ്പറേറ്റർമാരുമായി ധാരണയിലെത്തി.
2023 മുതൽ ടാറ്റ മോട്ടോഴ്‌സ് വിവിധ ചാർജിങ് ഓപ്പറേറ്റർമാരുമായും ഓയിൽ മാർക്കറ്റിങ് കമ്പനികളുമായും ചേർന്ന് പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഹൈവേകളിൽ ഇവി ചാർജറുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഫലമായി രാജ്യത്തെ പൊതു ചാർജിങ് പോയിന്റുകളുടെ എണ്ണം 15 മാസത്തിനുള്ളിൽ ഇരട്ടിയിലധികമായി. 18,000ലധികം ചാർജറുകളാണ് നിലവിലുള്ളത്. 200ലധികം നഗരങ്ങളിലായി ടാറ്റ ഡീലർഷിപ്പുകളിൽ 1.5 ലക്ഷത്തിലധികം സ്വകാര്യ/ഹോം ചാർജറുകൾ, 2500 കമ്മ്യൂണിറ്റി ചാർജറുകൾ, 750 ചാർജറുകൾ എന്നിവയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
2027 ആകുമ്പോഴേക്കും ചാർജിങ് പോയിന്റുകളുടെ എണ്ണം 4,00,000 ആയി വർധിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗപ്രദവും സൗകര്യപ്രദവുമാക്കുക എന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. പുതിയ സംരംഭത്തിന് കീഴിൽ ചർജിങ് പോയിന്‍റ് ഓപ്പറേറ്റർമാർ 30,000 പുതിയ പൊതു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. ഇവ എല്ലാ ഇലക്ട്രിക് വാഹന കമ്പനികൾക്കും ഉപയോഗിക്കാനാകും.
രണ്ട് വർഷത്തിനുള്ളിൽ 500 മെഗാ ചാർജറുകൾ സ്ഥാപിക്കാൻ ടാറ്റ പവർ, ചാർജ്സോൺ, സ്റ്റാറ്റിക്, സിയോൺ എന്നീ കമ്പനികളുമായി Tata.ev ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഈ സൂപ്പർഫാസ്റ്റ് ചാർജറുകൾ പ്രധാന നഗരങ്ങളിലും പ്രധാന ഹൈവേകളിലും സ്ഥാപിക്കും. ഇവ എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഉപയോഗിക്കാനാകും. അതേസമയം, ടാറ്റ ഉപഭോക്താക്കൾക്ക് മുൻഗണനയുണ്ടാകും. IRA.ev ആപ്പ് വഴി ഉപഭോക്താക്കൾക്ക് മെഗാ ചാർജറുകൾ കണ്ടെത്താനും പണമടയ്ക്കാനും സാധിക്കും.