നാല് ലക്ഷം യൂണിറ്റുകൾ കടന്ന് ടാറ്റ ടിയാഗോ
മാരുതിയുടെ കുത്തക തകർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ കൃത്യമായ ഗൃഹപാഠം ചെയ്താണ് ടിയാഗോയെ ടാറ്റ വിപണിയിലെത്തിച്ചത്. ബോഡിയുടെ കരുത്തും ആർപിഎം മീറ്റർ സ്റ്റാൻഡേർഡാക്കിയതും ആ സൂക്ഷ്മതയുടെ ഭാഗമായിരുന്നു.
മാരുതി സുസുക്കി അടക്കിവാണിരുന്ന ഇന്ത്യൻ എൻട്രി ലെവൽ കാർ മാർക്കറ്റിൽ ടാറ്റയുടെ മാസ്റ്റർ സ്‌ട്രോക്കായിരുന്നു ടിയാഗോ എന്ന കുഞ്ഞൻ എന്നാൽ കരുത്തനായ ഹാച്ച് ബാക്ക്. മേഖലയിൽ മാരുതിയുടെ കുത്തക തകർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ കൃത്യമായ ഗൃഹപാഠം ചെയ്താണ് ടിയാഗോയെ ടാറ്റ വിപണിയിലെത്തിച്ചത്. ബോഡിയുടെ കരുത്തും ആർപിഎം മീറ്റർ സ്റ്റാൻഡേർഡാക്കിയതും ആ സൂക്ഷ്മതയുടെ ഭാഗമായിരുന്നു.
ബോൾട്ടിനെയും സെസ്റ്റിനെയും പിൻവലിച്ച് ടിയാഗോയും ടിഗോറും പുറത്തിറക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. 2016 ൽ ആദ്യമായി പുറത്തിറങ്ങി ആറ് വർഷം കൊണ്ട് നാലു ലക്ഷം ടിയാഗോ നിർമിച്ച് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ.
2016 മുതൽ 2020 വരെയുള്ള കാലയളവിൽ മൂന്നു ലക്ഷം ടിയാഗോ നിർമിച്ചുവെങ്കിൽ 2020 ൽ നൽകിയ ഫേസ് ലിഫ്റ്റ് വിൽപ്പന വേഗം വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സാനന്ദ് പ്ലാന്റിലാണ് നാല് ലക്ഷം ടിയാഗോ എന്ന നാഴികകല്ല് അവർ പൂർത്തിയാക്കിയത്.
800 സിസി,1000 സിസി വാഹനങ്ങൾ എൻട്രി ലെവൽ മാർക്കറ്റിൽ വിലസുമ്പോഴാണ് 1.2 ലിറ്റർ 3 സിലിണ്ടർ റെവട്രോൺ പെട്രോൾ എഞ്ചിനുമായി ടിയാഗോ വന്നത്. 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ പറ്റുന്ന ഈ എഞ്ചിനൊപ്പും 5 സ്പീഡ് മാനുവൽ/ എഎംടി ഗിയർ ബോക്‌സുകളും ടാറ്റ നൽകി.
2019 ൽ 1.05 ലിറ്റർ ഡീസൽ എഞ്ചിൻ അവതരിപ്പിച്ചെങ്കിലും തൊട്ടടുത്ത വർഷം ബിഎസ് 6 നിയമങ്ങളെ തുടർന്ന് അത് പിൻവലിച്ചു.
അടുത്തിടെ ഐസിഎൻജി എന്ന പേരിൽ സിഎൻജി എഞ്ചിനും ടിയാഗോയിൽ ഉൾപ്പെടുത്തി. ലിറ്ററിന് 23.84 കിലോമീറ്ററാണ് ടിയാഗോയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
സുരക്ഷയിലും യാതൊരുവിധ ഒത്തുതീർപ്പിനും തയാറാകാതെയാണ് ടിയാഗോ വന്നത്. ഗ്ലോബൽ എൻകാപ്പ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങും വാഹനത്തിന് ലഭിച്ചു. എബിഎസ്, ഇരട്ട എയർബാഗുകൾ, റിയർ പാർക്കിങ് ക്യാമറ തുടങ്ങി ഇറങ്ങിയ കാലം മുതൽ സുരക്ഷക്ക് അവർ പ്രാമുഖ്യം നൽകിയിരുന്നു. 14 ഇഞ്ച് വീലുകൾ, എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങിയ 7.0 ഇഞ്ച് ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, ഹർമൻ 8 സ്പീക്കർ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അങ്ങനെ ആ വിലയ്ക്ക് നൽകാവുന്ന ഫീച്ചറുകളിൽ പരമാവധി നൽകാൻ ടാറ്റ ശ്രമിച്ചിട്ടുണ്ട്.
അടുത്ത വർഷം മാർച്ചോടെ അഞ്ച് ലക്ഷം യൂണിറ്റ് ടിയാഗോ പുറത്തിറക്കാനാണ് ടാറ്റയുടെ ലക്ഷ്യം. 6.11 ലക്ഷത്തിനാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.
Summary: Tata Tiago production crosses 4 lakh units