ടാറ്റയും കളത്തിലേക്ക്; സിഎൻജി വിപണിയിൽ മത്സരം കടുക്കുന്നു
ഇന്ത്യയിൽ മാരുതിയും ഹ്യുണ്ടായിയുമാണ് നിലവിൽ സിഎൻജി കാറുകളുടെ നിർമാണത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്നത്.
പെട്രോൾ, ഡീസൽ വിലയിൽ ബുദ്ധിമുട്ടുന്ന ആൾക്കാർ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരമുള്ള ഒരു വാഹനം ആലോചിക്കുമ്പോൾ ഇവിക്കൊപ്പം മനസിൽ വരുന്ന ഇന്ധന വകഭേദമാണ് സിഎൻജി (CNG-Compressed Natural Gas). ഇന്ത്യയിൽ മാരുതിയും ഹ്യുണ്ടായിയുമാണ് നിലവിൽ സിഎൻജി കാറുകളുടെ നിർമാണത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്നത്.
ഇപ്പോൾ ടാറ്റയും സിഎൻജി വാഹനങ്ങൾ പുറത്തിറക്കുകയാണ്. അവരുടെ എൻട്രി ലെവൽ ഹാച്ച് ബാക്കായ ടിയാഗോയിലും സെഡാൻ മോഡലായ ടിഗോറിലുമാണ് ടാറ്റ സിഎൻജി വേരിയന്റ് പുറത്തിറക്കുന്നത്.
നിലവിലെ ടിയാഗോ, ടിഗോർ മോഡലുകളുടെ എക്‌സറ്റീരിയർ, ഇന്റീരിയർ ഡിസൈനുകളിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് സിഎൻജി വേരിയന്റുകളും പുറത്തിറങ്ങുക. എഞ്ചിനിലേക്ക് വന്നാൽ നിലവിൽ ഉപയോഗിക്കുന്ന 86 ബിഎച്ച്പി പവറും, 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവട്രോൺ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. എന്നിരുന്നാലും സിഎൻജി വേരിയന്റുകൾക്ക് സ്വാഭാവികമായിട്ടുള്ള പവർ നഷ്ടം ഇവയ്ക്കുണ്ടാകും.
ഈ മാസം തന്നെ സിഎൻജി വേരിയന്റുകൾ പുറത്തിറങ്ങുമെന്നാണ് സൂചന. നിലവിൽ ഇരു മോഡലുകളുടെയും വിൽപ്പന ആരംഭിച്ചിട്ടുണ്ട്. വില കമ്പനി പുറത്തുവിട്ടിലെങ്കിലും ആറര ലക്ഷത്തിനും ഏഴു ലക്ഷത്തിനുമിടയിലാണ് ഇരു മോഡലുകൾക്കും വില പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ പരിപാലനചെലവ്, പരിസ്ഥിതി സൗഹൃദം ഇതൊക്കെയാണ് സിഎൻജിയുടെ പ്രധാന ഗുണങ്ങളായി പരിഗണിക്കുന്നത്.
നിലവിൽ ചില കാർ നിർമാണ കമ്പനികൾ ഫാക്ടറി ഫിറ്റഡായി തന്നെ സിഎൻജി മോഡലുകൾ പുറത്തിറക്കുന്നുണ്ട്. അത് കൂടാതെ സിഎൻജി കിറ്റ് ഉപയോഗിച്ച് നിലവിലെ പെട്രോൾ കാറുകൾ സിഎൻജിയിലേക്ക് മാറ്റാനും സാധിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സിഎൻജി ഇന്ത്യക്കാർക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. അതിന് ചില കാരണങ്ങളുണ്ട്.
കൂടിയ വില
പെട്രോൾ, ഡീസൽ വേരിയന്റുകളേക്കാൾ വില കൂടുതലാണ് സിഎൻജി വേരിയന്റിന്. ഓൾട്ടോയുടെ പെട്രോൾ വേരിയന്റിനേക്കാൾ ഒരു ലക്ഷത്തിനടുത്ത് അധികം സിഎൻജിക്ക് അധികം നൽകണം. പുറത്ത് നിന്ന് സിഎൻജി കിറ്റ് വാങ്ങിയാലും അതിന് അധിക വില നൽകണം. ഫിറ്റിങ് ചാർജ് വേറെയും നൽകണം.
സിഎൻജി പമ്പുകളുടെ ലഭ്യതക്കുറവ്
സിഎൻജി ഉപഭോക്താക്കൾ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സിഎൻജി പമ്പുകളുടെ ലഭ്യതക്കുറവ്. മിക്കവാറും ഒരു ജില്ലയിൽ ഒന്നോ രണ്ടോ സിഎൻജി പമ്പുകൾ മാത്രമേ ഉണ്ടാകൂ. ഒരു സിഎൻജി പമ്പു പോലും ലഭ്യമല്ലാത്ത ജില്ലകളുമുണ്ട്. പെട്രോൾ പോലെ ഇടക്കിടെ ഇന്ധനം നിറക്കേണ്ടങ്കിലും സിഎൻജി വാഹനങ്ങളുടെ എണ്ണം കൂടുന്നത് കൊണ്ട് തന്നെ പമ്പുകളിൽ തിരക്കും വർധിക്കുന്നുണ്ട്.
കുറഞ്ഞ സ്റ്റോറേജ് സ്പേസ്
സിഎൻജി കിറ്റ് സ്ഥാപിക്കുന്നത് കാറുകളുടെ ബൂട്ടിലാണ്. വലിയ ടാങ്കായത് കൊണ്ട് തന്നെ ബൂട്ട് സ്പേസിന്റെ വലിയ ഭാഗം തന്നെ സിഎൻജി അപഹരിക്കും. പ്രത്യേകിച്ചും ബൂട്ട് സ്പേസ് കുറഞ്ഞ ഹാച്ച് ബാക്കുകളിൽ ഇന്ന് നന്നായി ബാധിക്കും.
പെർഫോർമൻസിലുണ്ടാകുന്ന കുറവ്
സിഎൻജി പരിസ്ഥിതി സൗഹൃദമാണെങ്കിലും പെർഫോർമൻസിന്റെ കാര്യം വരുമ്പോൾ ചില വിട്ടുവീഴ്ചകൾക്ക് നമ്മൾ തയാറാകണം. പെർഫോമൻസിൽ വലിയ മാറ്റം പെട്ടെന്ന് മനസിലാകിലെങ്കിലും 3-4 വർഷത്തിനുള്ളിൽ സിഎൻജി വാഹനങ്ങളുടെ പെർഫോർമൻസിൽ കുറവ് വരാറുണ്ട്. പെട്രോൾ കാറുകളേക്കാൾ ആക്സിലേറഷനിലെ കുറവ് ശ്രദ്ധിച്ചാൽ തന്നെ അത് മനസിലാകും. ഓരോ വർഷവും സിഎൻജി കാറുകളുടെ പെർഫോമൻസ് 10 ശതമാനം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഎൻജി കിറ്റ് വാഹനത്തിന്റെ ഭാരം കൂട്ടുന്നതും പ്രകടനത്തെ ബാധിക്കും.
എൻജിൻ ഇഞ്ചക്ടർ പ്രശ്നങ്ങൾ
കാറുകളുടെ മിക്ക എഞ്ചിൻ ഭാഗങ്ങൾക്കും കൃത്യമായ ലൂബ്രിക്കേഷൻ നൽകേണ്ടതുണ്ട്. എഞ്ചിൻ ഓയിലിനെ കൂടാതെ പെട്രോൾ/ഡീസൽ എന്നിവയും ചില ഭാഗങ്ങളുടെ ലൂബ്രിക്കന്റായി വർത്തിക്കാറുണ്ട്. അതിൽ പ്രധാനിയാണ് ഫ്യൂയർ ഇഞ്ചക്ടർ. സിഎൻജി ഗ്യാസായതു കൊണ്ട് തന്നെ ലൂബ്രിക്കേഷൻ ലഭിക്കില്ല. അത് ഇഞ്ചക്ടർ ഡ്രൈയാകാൻ ഇടയാക്കും. ലോങ് റണ്ണിൽ അത് എഞ്ചിനിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട്് തന്നെ സിഎൻജി വാഹനങ്ങൾക്ക് കൂടുതൽ കൃത്യമായ സർവീസ് ആവശ്യമാണ്.