എസ്.യു.വി വിൽപ്പന 20 ലക്ഷം പിന്നിട്ടു; വമ്പൻ ഓഫറുമായി ടാറ്റ
നെക്സോൺ ഇ.വിക്ക് 1.30 ലക്ഷം വരെ ഇളവ്
സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്.യു.വി) വിൽപ്പന 20 ലക്ഷം പിന്നിട്ട് ടാറ്റ മോട്ടോഴ്സ്. ചരിത്ര നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷ വേളയിൽ തങ്ങളുടെ ജനപ്രിയ വാഹനങ്ങൾക്ക് വമ്പൻ ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചു. സഫാരി, ഹാരിയർ, നെക്സോൺ, പഞ്ച് എന്നീ വാഹനങ്ങൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.
‘ഈ നേട്ടം ആഘോഷിക്കുമ്പോൾ, കിങ് ഓഫ് എസ്.യു.വി ഫെസ്റ്റിവലുമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നതിൽ ആഹ്ലാദമുണ്ട്. മുൻനിര എസ്.യു.വികളായ ഹാരിയർ (14.99 ലക്ഷം), സഫാരി (15.49 ലക്ഷം) എന്നീ വാഹനങ്ങളുടെ പ്രാരംഭ വില പരിഷ്കരിച്ചിരിക്കുകയാണ്. ജനപ്രിയ എസ്.യു.വി വേരിയന്റുകളിൽ 1.40 ലക്ഷം രൂപയുടെ ആനുകൂല്യം വരെ ലഭിക്കും’-കമ്പനി അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നെക്സോൺ ഇ.വിക്ക് 1.30 ലക്ഷം വരെ ആനുകൂല്യം ലഭിക്കും. പഞ്ച് ഇ.വിക്ക് 30,000 രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചത്. ജൂലൈ 31 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാവുക.
1991ൽ പുറത്തിറക്കിയ ‘സിയറ’യാണ് ടാറ്റയുടെ ആദ്യ എസ്.യു.വി. സഫാരിയാണ് ഇതിന് ശേഷം വന്ന എസ്.യു.വി. 2014ലെ ഓട്ടോ എക്സ്പോയിലാണ് നെക്സോൺ എസ്.യു.വിയുടെ കൺസപ്റ്റ് അവതരിപ്പിക്കുന്നത്.
അതിനുശേഷം ഹാരിയറും പുതിയ മോഡൽ സഫാരിയും അവസാനമായി സബ് കോംപാക്ട് എസ്.യു.വി പഞ്ചുമെല്ലാം പുറത്തിറക്കി. സിയറ, കർവ് തുടങ്ങിയ പുതിയ എസ്.യു.വികൾ ടാറ്റയുടെ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ പലതും ഇലക്ട്രിക് വാഹനങ്ങളാണ്.
ഇക്കഴിഞ്ഞ ജൂണിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റ കാർ ടാറ്റ പഞ്ചാണ്. 18,238 യൂനിറ്റുകളാണ് ടാറ്റക്ക് വിൽപ്പന നടത്താനായത്.