ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ ടെസ്‌ല; റിക്രൂട്ട്‌മെന്‍റ് തുടങ്ങി
മോദി-മസ്ക് കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നീക്കം


ന്യൂഡൽഹി: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുവക്കാനുള്ള പദ്ധതികളെക്കുറിച്ച് സൂചന നൽകി അമേരിക്കൻ കമ്പനിയായ ടെസ്‌ല നിയമന പ്രക്രിയ തുടങ്ങി. ടെസ്‌ല സിഇഒ ഇലോൺ മസ്‌കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നീക്കം.
‘ലിങ്ക്ഡ്ഇനി’ൽ വന്ന ജോബ് പോസ്റ്റിൽ ടെസ്‌ല മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ തേടുന്നത്. സർവീസ് ടെക്നീഷ്യൻസ്, കസ്റ്റമർ എൻഗേജ്മെന്റ് മാനേജേഴ്സ്, ഡെലിവറി ഓപറേഷൻസ് സ്പെഷലിസ്റ്റ്സ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനം.
ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ, ഉയർന്ന ഇറക്കുമതി തീരുവ വിലങ്ങുതടിയായി. അതേസമയം, 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തിൽനിന്ന് 70 ശതമാനമായിയി കുറച്ചതുൾപ്പെടെയുള്ള സമീപകാല സർക്കാർ നയ മാറ്റങ്ങൾ ടെസ്ലയെ മാറിച്ചിന്തിപ്പിച്ചു.
കഴിഞ്ഞ വർഷം 11 ദശലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും ചെറുതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം ഒരു ലക്ഷം ഇലക്ട്രിക് കാറുകളാണ് ഇന്ത്യയിൽ വിറ്റത്. എന്നാൽ, കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ടെസ്‌ല ഇന്ത്യയിൽ വലിയൊരു ഭാവി കാണുന്നുണ്ട്.
വാഹനങ്ങൾ എന്ന് മുതൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ടെസ്‌ല ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, ആവശ്യകതയും സർക്കാർ പിന്തുണയുമുണ്ടെങ്കിൽ പ്രാദേശിക നിർമാണം ആരംഭിക്കും മുമ്പ് ടെസ്‌ല കാറുകൾ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധർ കരുതുന്നത്.