രണ്ട് ഇലക്ട്രിക് കാറുകളുമായി വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് ഇന്ത്യയിലേക്ക്
കാറുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റ് പ്രദർശിപ്പിച്ചിട്ടുണ്ട്


ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലേക്ക് ചുവടുവെച്ച് വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റ് ഓട്ടോ. ന്യൂഡൽഹിയൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോ 2025ൽ തങ്ങളുടെ വാഹനങ്ങൾ കമ്പനി പ്രദർശിപ്പിച്ചു. പ്രീമിയം ഇലക്ട്രിക് എസ്‍യുവികളായ വിഎഫ്7, വിഫ്6 എന്നിവ ഈ വർഷം ഇന്ത്യയിൽ നിരത്തിലിറക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
500 ദശലക്ഷം ഡോളറാണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുകുടിയിൽ നിർമാണം പുരോഗമിക്കുന്ന പ്ലാൻറ് 2025 പകുതിയോടെ പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനുശേഷമാകും വാഹനങ്ങൾ പുറത്തിറക്കുകയെന്ന് വിൻഫാസ്റ്റ് ഏഷ്യ സിഇജ ഫാം സാൻ ചൗ പറഞ്ഞു.
ഈ വർഷം കമ്പനി രണ്ട് വാഹനങ്ങൾ അവതരിപ്പിക്കും. പ്രീമിയം ഇലക്ട്രിക് എസ്‍യുവികളായ വിഎഫ് 7, വിഎഫ് 6 എന്നിവയായിരിക്കും അവ. ദീർഘവീക്ഷണത്തോടെയാണ് ഞങ്ങൾ വരുന്നത്. കാർ വിൽപ്പന മാത്രമല്ല, മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് ഞങ്ങൾ വരിക. ഫാക്ടറി, ഡീലർ നെറ്റ് വർക്കുകളും സർവീസ് സെന്ററുകളും, ചാർജിങ് പോയിന്റുകളുടെ ശൃംഘല എന്നിവയെല്ലാം അതിൽ ഉൾപ്പെടുമെന്നും ഫാം സാൻ ചൗ കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്ന് വാഹനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. എയർപോർട്ടും തുറമുഖവും അടുത്തുള്ളതിനാലാണ് തൂത്തുകുടി പ്ലാന്റിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ വിൻഫാസ്റ്റ് തങ്ങളുടെ മുഴുവൻ വാഹനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിഎഫ് 7, വിഎഫ് 6 എന്നിവ കൂടാതെ വിഎഫ് 3, വിഎഫ് ഇ34, വിഎഫ് 8, വിഎഫ് 9 എന്നീ എസ്‍യുവികൾ, ഇവോ 200, ക്ലാര, ഫെലിസ്, വെന്റോ, തിയോൺ എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ, ഡ്രാഗൺ ഫ്ലൈ ഇലക്ട്രിക് ബൈക്ക്, വിഎഫ് വൈൽഡ് പിക്കപ് ട്രക്ക് എന്നിവയെല്ലാം പ്രദർശിപ്പിച്ചവയിൽ ഉൾപ്പെടും.
ന്യൂഡൽഹിയിലെ വാഹനപ്പൂരം
ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ നിരവധി പുതിയ വാഹനങ്ങളാണ് വിവിധ കമ്പനികൾ അവതരിപ്പിച്ചിട്ടുള്ളത്. മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‍യുവിയായ ഇ-വിറ്റാരയാണ് ഇതിൽ പ്രധാനം. ഇതിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രികും എക്സ്പോയിലുണ്ട്. വാഹനത്തിന്റെ വില ഹ്യുണ്ടായ് ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. 17.99 ലക്ഷം മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇ-വിറ്റാരയുടെ ടൊയോട്ട പതിപ്പായ അർബൻ ക്രൂയിസർ ഇവിയും എക്സ്പോയിലുണ്ട്. ഇത് കൂടാതെ എക്സ്-വാൻ കൺസപ്റ്റും ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ സൂപ്പർബ്, കോഡിയാഖ് എന്നിവ സ്കോഡ അവതരിപ്പിച്ചു. ടാറ്റയും വ്യത്യസ്ത മോഡലുകളുമായാണ് എക്സ്പോയിൽ എത്തിയിട്ടുള്ളത്. ഹാരിയർ ഇവി, സിയറ, അവിന്യ എക്സ് കൺസപ്റ്റ് എന്നിവയാണ് ടാറ്റയുടെ പവലയിനിലുള്ളത്. എം9 ഇലക്ട്രിക് എംപിവി, ഗ്ലോസ്റ്ററിന്റെ ഫേസ്‍ലിഫ്റ്റായ മജെസ്റ്റർ എന്നിവയാണ് എംജിയുടെ അവതരണങ്ങൾ.
സുസുക്കിയുടെ ജനപ്രിയ സ്കൂട്ടറായ ആക്സസിന്റെ ഇലക്ട്രിക് പതിപ്പാണ് മറ്റൊരു ശ്രദ്ധേയമായ അവതരണം. ഒറ്റച്ചാർജിൽ 95 കിലോമീറ്റർ ചാർജാണ് ഇ-ആക്സസിന് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ പ്രധാന എതിരാളിയായ ഹോണ്ട ആക്റ്റീവ ഇലക്ട്രിക്കിന്റെ അവതരണവും നടന്നു. 1.17 ലക്ഷമാണ് വാഹനത്തിന്റെ വില. 102 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.