ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തിവെച്ച് പോർഷെ; ലക്ഷ്യം മലിനീകരണ നിയന്ത്രണം
ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തിവെക്കുകയാണെന്നും പെട്രോൾ, വൈദ്യുത, ഹൈബ്രിഡ് എഞ്ചിൻ കാറുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നും ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെ അറിയിച്ചു.
പോർഷെയുടെ മാതൃകമ്പനിയായ ഫോക്സ്‌വാഗൺ ഡീസൽ കാറുകളുടെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ കൃത്രിമം കാണിച്ചുവെന്ന് സമ്മതിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. 2015 ലാണ് വിവാദത്തിനാസ്പദമായ കുറ്റസമ്മതം ഫോക്സ്‌വാഗൺ നടത്തുന്നത്.
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഴക്കം വന്ന ഡീസൽ കാറുകൾ ചില ജർമ്മൻ നഗരങ്ങളിൽ നിരോധിച്ചിരുന്നു.
സ്പോർട്സ് കാറുകളുടെ നിർമ്മാതാക്കളായ തങ്ങൾക്ക് പെട്രോൾ എഞ്ചിനുകളാണ് കൂടുതൽ ഇണങ്ങുന്നത് എന്നതിനാലാണ് ഡീസൽ കാറുകൾ ഉപേക്ഷിക്കുന്നത് എന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒലിവർ ബ്ലൂം പറഞ്ഞു. എന്നാൽ, ഡീസൽ പ്രധാനപ്പെട്ട ഒരു പ്രൊപൽഷൻ സാങ്കേതിക വിദ്യയായിത്തന്നെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
1898 ൽ പോർഷെയുടെ സ്ഥാപകൻ രൂപകൽപ്പന ചെയ്ത കാറിന് വൈദ്യുതി എഞ്ചിനായിരുന്നു ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം ഈ കാർ ഒരു ഗാരേജിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.