സ്വന്തമായി മൊബൈൽ ഫോണില്ല, താമസം രണ്ടു മുറി ഫ്‌ളാറ്റിൽ; രത്തൻ ടാറ്റയ്ക്ക് ഇങ്ങനെയൊരു സഹോദരനുമുണ്ട്

മാതാപിതാക്കളുടെ വിവാഹമോചനത്തെ തുടർന്ന് താനും സഹോദരനും സ്‌കൂളിൽ ഉൾപ്പെടെ വലിയ മാനസികപീഡനം നേരിട്ടിരുന്നതായി ഒരിക്കൽ രത്തൻ ടാറ്റ വെളിപ്പെടുത്തിയിരുന്നു

Update: 2024-10-10 10:26 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ടാറ്റാ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്ന രത്തൻ ടാറ്റയുടെ ഇതിഹാസസമാനമായ ജീവിതത്തെ ആദരവോടെ ഓർക്കുകയാണിപ്പോൾ രാജ്യം. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുംബൈയിലെ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്‌സിലാണ് പൊതുദർശനം നടക്കുന്നത്. ഇതിനിടെ, സഹോദരനെ അവസാനമായൊരു നോക്കുകാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി എൻസിപിഎ ലോൺസിലേക്ക് വീൽചെയറിൽ എത്തിയ ജിമ്മി നവാൽ ടാറ്റയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രത്തൻ ടാറ്റയുടെ ഇളയ സഹോദരനാണ് ജിമ്മി. പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാറില്ല അദ്ദേഹം. ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളിൽ ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും കമ്പനിയുടെ മുഖമായി ഒരിക്കലും അദ്ദേഹത്തെ ആരും കണ്ടുകാണില്ല. 2023 ജനുവരിയിൽ രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു പിന്നാലെയാണ് ജിമ്മിയെ കുറിച്ച് ആളുകൾ തിരയാൻ തുടങ്ങിയത്.

'സന്തോഷനാളുകളായിരുന്നു അത്. ഒന്നിനും ഞങ്ങളെ വേർപിരിക്കാനായില്ല. 1945ൽ എന്റെ സഹോദരൻ ജിമ്മിക്കൊപ്പം'-എന്നു പറഞ്ഞായിരുന്നു വളർത്തുനായയ്‌ക്കൊപ്പമുള്ള തങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം രത്തൻ പങ്കുവച്ചത്.

രത്തന്‍ ടാറ്റയുടെ പൊതുദര്‍ശനത്തിനെത്തിയ ജിമ്മി ടാറ്റ

ഇതിനുമുൻപ് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയും ജിമ്മിയെ കുറിച്ചൊരു കുറിപ്പ് പങ്കുവച്ചിരുന്നു സോഷ്യൽ മീഡിയയിൽ. മുംബൈയിലെ കൊളാബയിൽ രണ്ടുമുറി ഫ്‌ളാറ്റിൽ നിശബ്ദജീവിതം നയിക്കുന്ന രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി ടാറ്റയെ അറിയുമോ എന്നായിരുന്നു അന്ന് എക്‌സിൽ(അന്നത്തെ ട്വിറ്റർ) ഹർഷ് ചോദിച്ചത്. ബിസിനസിൽ ഒരു താൽപര്യവുമില്ലാത്തയാളാണ്. എന്നാൽ, മികച്ചൊരു സ്‌ക്വാഷ് കളിക്കാരനാണ്. എപ്പോഴും എന്നെ സ്‌ക്വാഷിൽ പരാജയപ്പെടുത്തുന്നയാളെന്ന് ഹർഷ് ഗോയങ്ക പറഞ്ഞു. ടാറ്റാ ഗ്രൂപ്പിലെ ഒരു 'ലോ പ്രൊഫൈൽ' വ്യക്തിത്വം എന്നു പറഞ്ഞാണ് ജിമ്മിയുടെ ഒരു തെളിച്ചം കുറഞ്ഞ പടം ആർപിജി തലവൻ പങ്കുവച്ചത്.

നവാൽ ടാറ്റ-സോനി ടാറ്റ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ജിമ്മിയുടെ ജനനം. 1948ൽ നവാലും സോനിയും വേർപിരിഞ്ഞതോടെ മുത്തശ്ശി നവാജ്ബായ് ടാറ്റയാണ് രത്തനെയും ജിമ്മിയെയും വളർത്തിയത്. മാതാപിതാക്കളുടെ വിവാഹമോചനത്തെ തുടർന്ന് താനും സഹോദരനും സ്‌കൂളിൽ ഉൾപ്പെടെ വലിയ മാനസിക പീഡനം നേരിട്ടിരുന്നതായി ഒരിക്കൽ രത്തൻ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനമൊന്നും സമൂഹത്തിൽ അത്ര വ്യാപകമല്ലാത്ത കാലമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നവാൽ ടാറ്റയുടെ രണ്ടാമത്തെ ഭാര്യ സിമോൺ ടാറ്റയുമായുള്ള ദാമ്പത്യത്തിൽ നോയൽ ടാറ്റ എന്നൊരു അർധസഹോദരനും ഇവർക്കുണ്ട്.

തുടക്കം മുതൽ തന്നെ കുടുംബത്തിന്റെ പാരമ്പര്യത്തിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല ജിമ്മി. ബിസിനസിനോട് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തമായ വഴികൡലൂടെ ഒതുങ്ങിക്കൂടിയുള്ള ജീവിതമായിരുന്നു. സഹോദരൻ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിവിഐപികളിലൊരാളും വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായും പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോഴും ആ വഴികളിൽനിന്നെല്ലാം മാറിസഞ്ചരിച്ചു ജിമ്മി.

ഒരു സമയത്തും ടാറ്റയുടെ ദൈനംദിന കാര്യങ്ങളിൽ ജിമ്മി ഇടപെട്ടില്ല. എല്ലാം സഹോദരനായിരുന്നു നോക്കിനടത്തിയിരുന്നത്. പിന്നീട് വിവാഹം കഴിച്ച് കുടുംബജീവിതമായപ്പോഴും പൊതുശ്രദ്ധകളിൽനിന്നെല്ലാം മാറിനിന്നു. ഇപ്പോൾ കൊളാബയിലെ ഹാംപ്റ്റൻ കോർട്ടിന്റെ ആറാം നിലയിൽ രണ്ട് കിടപ്പുമുറികൾ മാത്രമുള്ള ഫ്‌ളാറ്റിലാണ് അദ്ദേഹത്തിന്റെ താമസം. സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എത്തിനിൽക്കുമ്പോഴും സ്വന്തമായൊരു മൊബൈൽ ഫോണില്ല അദ്ദേഹത്തിന്. പത്രങ്ങളിൽനിന്നും പുസ്തകങ്ങളിൽനിന്നുമാണത്രെ അദ്ദേഹം ലോകവിവരങ്ങൾ അറിയുന്നതും മനസിലാക്കുന്നതുമെല്ലാം.

അതേസമയം, ടാറ്റ മോട്ടേഴ്‌സ്, ടാറ്റ സ്റ്റീൽ, ടാറ്റ സൺസ്, ടാറ്റ കൺസൾട്ടൻസി സർവിസസ്(ടിസിഎസ്), ടാറ്റ പവർ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ കെമിക്കൽ തുടങ്ങി ടാറ്റ കമ്പനികളിലെല്ലാം ജിമ്മിക്ക് വലിയ ഓഹരിയുണ്ട്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ശതകോടികളാണ് ആസ്തിയെങ്കിലും ആരുമറിയാതെ ലളിതജീവിതം തുടരുകയാണ് ജിമ്മി ടാറ്റ.

Summary: Who is Jimmy Tata, Ratan Tata's younger brother maintains a humble life in a 2BHK flat in Mumbai with no mobile phone?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News