30 വയസിന് ശേഷവും അവിവാഹിതയാണോ? സംരംഭം തുടങ്ങാന്‍ പലിശയില്ലാതെ അരലക്ഷം

അരലക്ഷം രൂപാ പലിശ ഇല്ലാതെ സംരംഭം തുടങ്ങാനായി സര്‍ക്കാര്‍ തരും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഫണ്ട് അനുവദിക്കുന്നത്‌

Update: 2023-07-16 14:53 GMT
Editor : സബീന | By : Web Desk
Advertising

വനിതകളുടെ ഉന്നമനത്തിനായി കേന്ദ്ര,കേരള സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഒട്ടേറെ സ്വയം തൊഴില്‍ പദ്ധതികളും സംരംഭം തുടങ്ങാനുള്ള ഫണ്ടുമൊക്കെ പല വിധ സ്‌കീമുകള്‍ ഉറപ്പുനല്‍കുന്നുണ്ട്. ചെറുകിട സംരംഭം തുടങ്ങി ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതികളുടെയൊക്കെ പ്രത്യേകത. അതിലൊന്നാണ് കേരള സര്‍ക്കാരിന്റെ ശരണ്യ പദ്ധതി. സഹായിക്കാന്‍ ആരും ഇല്ലാത്ത അശരണരായ സ്ത്രീകളെ കൈപിടിച്ച് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. വിധവകളോ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയവരോ മുപ്പത് വയസിന് ശേഷം അവിവാഹിതകളായി തുടരുന്നവരോ ആയ സ്ത്രീകളെയാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കളായി കാണുന്നത്. സ്‌കീമിന്റെ പകുതി തുക സബ്‌സിഡിയായി ലഭിക്കും. പരമാവധി അരലക്ഷം രൂപാ വരെയാണ് ശരണ്യ പദ്ധതിയിലൂടെ ലഭിക്കുക. അതില്‍ കാല്‍ ലക്ഷം രൂപ സബ്‌സിഡിയാണ്. കുടില്‍ വ്യവസായങ്ങളോ സ്റ്റിച്ചിങ് യൂനിറ്റോ ഫുഡ് ബിസിനസോ അങ്ങിനെ ചെറുകിട സംരംഭങ്ങളായി തുടങ്ങാന്‍ സാധിക്കുന്ന എന്തിനും ഈ സ്‌കീം വഴി മുതല്‍മുടക്ക് കണ്ടെത്താം. 13 വര്‍ഷം മുമ്പാണ് ഈ പദ്ധതി സര്‍ക്കാര്‍ തുടങ്ങിയത്. സ്‌കീം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നടത്തുന്നത്.

 


 സ്‌കീം അറിയാം

ശരണ്യ സ്‌കീമിലൂടെ അര ലക്ഷം രൂപാ വരെയാണ് പലിശയില്ലാത്ത വായ്പ ലഭിക്കുക. ഇതില്‍ അമ്പത് ശതമാനം സബ്‌സിഡി ലഭിക്കും. സമര്‍പ്പിക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപാവരെ വായ്പ അനുവദിക്കാനും സാധ്യതയുണ്ട്. അരലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മൂന്ന് ശതമാനം ഫ്‌ളാറ്റ് റേറ്റില്‍ പലിശ നല്‍കേണ്ടി വരും. അഞ്ച് വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതി. അറുപത് തവണകളാണ് അടക്കേണ്ടി വരുന്നത്. 18നും 55 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 വയസ് കഴിഞ്ഞിട്ടും വിവാഹിതരല്ലാത്ത സ്ത്രീകള്‍, വിധവകള്‍, ഭര്‍ത്താവിനെ കാണാതാകുകയോ ഉപേക്ഷിച്ചുപോകുകയോ ചെയ്ത സ്ത്രീകള്‍, എസ്.സി,എസ്.ടി വിഭാഗത്തിലുള്ള അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് സ്വയം സംരംഭം തുടങ്ങി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. സംരംഭം തുടങ്ങുമ്പോള്‍ പത്ത് ശതമാനം തുക സംരംഭകര്‍ സ്വയം കണ്ടെത്തണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരാണ് സ്‌കീമിനായി അപേക്ഷിക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്ട്രര്‍ ചെയ്തവര്‍ ഈ പദ്ധതിയ്ക്ക് അപേക്ഷിച്ച് സ്‌കീം പാസായാല്‍ തൊഴില്‍രഹിത വേതനം പിന്നീട് ലഭിക്കില്ല. അതുപോലെ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ഈ പദ്ധതിയിലെ വായ്പാ തുക തിരിച്ചടക്കേണ്ടതുണ്ട്. സ്‌കീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.

രേഖകള്‍

ഭര്‍ത്താവ് ഉപേക്ഷിക്കുകയോ കാണാതാകുകയോ ചെയ്തവര്‍ തഹസില്‍ദാറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഭര്‍ത്താവിനെ ഏഴ് വര്‍ഷമായി കാണാനില്ലെന്ന സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. അതുപോലെ പട്ടിക ജാതി ,പട്ടിക വര്‍ഗത്തിലെ അവിവാഹിതയായ അമ്മയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് വില്ലേജ് ഓഫീസറോ അതിന് മുകളില്‍ റാങ്കുള്ള റവന്യു അധികാരിയാണ്.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News