300 കോടിയില്‍ നിന്ന് 8000 കോടി ടേണ്‍ഓവര്‍! 'ഫ്രൂട്ടി' മാജിക്കിന് പിന്നിലെ യുവതി; ആരാണ് നാദിയ ചൗഹാൻ?

2003ൽ 17-ാം വയസ്സില്‍ നാദിയ പാര്‍ലേ അഗ്രോയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ വരുമാനം വെറും 300 കോടി രൂപയായിരുന്നു. അവിടെ നിന്ന് പിന്നീട് കണക്കുകള്‍ സഞ്ചരിച്ചത് മിന്നലിന്‍റെ വേഗത്തിലായിരുന്നു

Update: 2023-07-09 13:36 GMT

ഫ്രൂട്ടിയുടെ വിജയത്തിന് പിന്നിലെ സ്ത്രീ ശക്തി; നാദിയ ചൗഹാൻ

Advertising

ഫ്രൂട്ടിയും ആപ്പി ഫിസുമൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കഴിക്കാത്ത ആളുകളുണ്ടാകുമോ? വിരളമായിരിക്കും...! ഫ്രൂട്ടി എന്ന ബ്രാന്‍ഡിന്‍റെ പേര് കേള്‍ക്കാത്ത ഇന്ത്യക്കാരുണ്ടാകുമോ എന്ന് ചോദിച്ചാല്‍ അതിനുത്തരും ഉറപ്പായും ഒരു 'നോ' ആയിരിക്കും. ഫ്രൂട്ടി എന്ന പദം ഇന്ത്യക്കാരുടെ സ്വന്തം ഡ്രിങ്ക് എന്ന ലേബല്‍ എന്നേ നേടിക്കഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ എല്ലാ കോണുകളിലേക്കും ഇറങ്ങിച്ചെല്ലാന്‍ ഒരു മാംഗോ ജ്യൂസ് ബ്രാന്‍ഡിന് കഴിഞ്ഞു എന്നത് വലിയ വിജയമായിത്തന്നെ കാണേണ്ട ഒന്നാണ്. 

ഇന്ത്യയിലെ ശീതളപാനീയ മേഖല അടക്കിഭരിക്കുന്ന ഫ്രൂട്ടിയുടെ പേരിലാണ് സോഫ്റ്റ് ഡ്രിങ്കുകളുടെ ടോട്ടല്‍ മാര്‍ക്കറ്റ് സെയിലിന്‍റെ 48 ശതമാനവും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിക്കണം. ഇന്ത്യയിലെ ശീതളപാനീയ മേഖലയിലെ ഏറ്റവും വലിയ വമ്പന്‍ പ്രകാശ് ചൗഹാന്‍റെ ഉടമസ്ഥതയിലുള്ള പാര്‍ലെ അഗ്രോയുടെ ഫ്രൂട്ടി എന്ന മാംഗോ ജ്യൂസ് ആണ്.

നിരവധി  ഉൽപ്പന്നങ്ങൾ പാർലെ അഗ്രോയ്ക്ക് മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായി എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഫ്രൂട്ടി എന്ന ഉല്‍പ്പന്നം മുന്‍പന്തിയില്‍ തുടരുന്നതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. മാര്‍ക്കറ്റ് ഷെയറിന്‍റെ 48 ശതമാനവും തങ്ങളുടെ പ്രൊഡക്ട് വില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞതെങ്ങനെയാകും?

അതിന്‍റെ ഉത്തരം ചെന്നെത്തിനില്‍ക്കുക പാർലെ അഗ്രോയുടെ ഉടമ പ്രകാശ് ചൗഹാന്റെ മകളായ നാദിയ ചൗഹാൻ എന്ന പേരിലായിരിക്കും

ആരാണ് നാദിയ ചൗഹാൻ?

പ്രകാശ് ചൗഹാൻറെ ഇളയ മകളായ നാദിയചൗഹാൻ കാലിഫോർണിയയിലാണ് ജനിച്ചതെങ്കിലും വളർന്നത് മുംബൈയിലാണ്. എച്ച്.ആർ കോളേജിൽ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്ത നാദിയ പഠനശേഷം കുടുംബത്തിന്‍റെ ബിസിനസ് പാരമ്പര്യത്തിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ പാരമ്പര്യ സ്വത്തിന്‍റെയും കുടുംബത്തിന്‍റെ ബിസിനസ് സാമ്രാജ്യത്തിന്‍റേയും മാത്രം പച്ചയില്‍ വെറുതേ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരാളായിരുന്നില്ല നാദിയ. 

ചൗഹാൻമാരുടെ ബിസിനസ്സ് കുടുംബത്തിൽ ജനിച്ച നാദിയയ്ക്ക് ചെറുപ്പം മുതലേ ബിസിനസിനോട് തന്നെയായിരുന്നു താൽപ്പര്യം. സ്‌കൂൾ കാലഘട്ടത്തിൽത്തന്നെ കമ്പനിയുടെ കാര്യങ്ങളും ബിസിനസ് തിരക്കുകളും ആസ്വദിക്കാന്‍ നാദിയ ശീലിച്ചു, അവിടെ ധാരാളം സമയം ചിലവഴിച്ചു, ഒടുവിൽ ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ നാദിയയെ പിതാവ് മകളുടെ താല്‍പ്പര്യം പോലെ തന്നെ തന്‍റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് കൈപിടിച്ചു കയറ്റി.

പാര്‍ലേ അഗ്രോയില്‍ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായി ഔദ്യോഗിക സ്ഥാനം ഏറ്റെടുത്ത നാദിയ അച്ഛന്‍റെ ബിസിനസ് സാമ്രാജ്യത്തില്‍ വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. 2003ൽ 17-ാം വയസ്സില്‍ നാദിയ പാര്‍ലേ അഗ്രോയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ വരുമാനം വെറും 300 കോടി രൂപയായിരുന്നു. അവിടെ നിന്ന് പിന്നീട് കണക്കുകള്‍ സഞ്ചരിച്ചത് മിന്നലിന്‍റെ വേഗത്തിലായിരുന്നു. 2017ൽ കമ്പനിയുടെ വരുമാനം 4200 കോടി രൂപയിലെത്തിച്ച നാദിയ ഏറ്റവുമൊടുവില്‍ 2022-2023 സാമ്പത്തിക വർഷത്തിലേക്കെത്തുമ്പോള്‍ കമ്പനിയുടെ വിറ്റുവരവ് 8000 കോടി രൂപയിലേക്ക് ഉയര്‍ത്തി. 2030ഓടെ കമ്പനിയുടെ വാര്‍ഷിക ടേണ്‍ഓവര്‍ ഇരുപതിനായിരം കോടിയിലെത്തിക്കാനാണ് നാദിയ നാദിയ ചൗഹാൻ ലക്ഷ്യമിടുന്നത്




ഫ്രൂട്ടിയുടെ മുഖച്ഛായ തന്നെ മാറിയതെങ്ങനെ?

2003ൽ നാദിയ പാര്‍ലെ അഗ്രോയിലേക്ക് വരുമ്പോള്‍ 17 വയസ്സ് മാത്രമായിരുന്നു അവര്‍ക്ക് പ്രായം. ആദ്യം തന്നെ ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ് എന്നായിരുന്നു നാദിയയുടെ നോട്ടം. അങ്ങനെ പഠനം നടത്തിയ നാദിയ പാര്‍ലെ അഗ്രോയുടെ 95 ശതമാനം വിറ്റുവരവും ഒരൊറ്റ ഉൽപ്പന്നത്തിൽ നിന്നാണെന്ന് മനസിലാക്കി. ഫ്രൂട്ടി എന്ന മാംഗോ ഡ്രിങ്ക് ആയിരുന്നു അത്. ഫ്രൂട്ടിയുടെ ഉല്‍പ്പാദനം കൂട്ടാനും കൂടുതല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങളും നാദിയ പ്രാവര്‍ത്തികമാക്കി.

ടെട്രാ പാക്കും പെറ്റ് ബോട്ടിലുകളുമൊക്കെ അവതരിപ്പിച്ച് നാദിയ ഫ്രൂട്ടിയെ കൂടുതല്‍ ജനകീയമാക്കി. അതോടെ ഫ്രൂട്ടിയുടെ ഉല്‍പ്പാദനവും വിറ്റുവരവും ഗണ്യമായി വര്‍ധിച്ചു. ഒപ്പം തന്നെ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് നാദിയ ആപ്പി ഫിസും നിംബു പാനിയുമെല്ലാം പുറത്തിറക്കി, വിജയിപ്പിച്ചു.

പക്ഷേ അപ്പോഴും ഫ്രൂട്ടി എന്ന ഉല്‍പ്പന്നത്തെ ഇത്രയും കാലം നിരന്തരം ജനപ്രിയമാക്കി നിലനിര്‍ത്താനും സമയാസമയങ്ങളില്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ മാറ്റിമാറ്റി പരീക്ഷിക്കാനും പായ്ക്കിങിലും ബ്രാന്‍ഡിങ്ങിലുമടക്കം വ്യതസ്തത കൊണ്ടുവരാനും നാദിയ ശ്രദ്ധ പുലര്‍ത്തി. അങ്ങനെ ഫ്രൂട്ടി വീണ്ടും വീണ്ടും ഇന്ത്യന്‍ ജനതയുടെ തീന്‍മേശകളിലും സ്വീകരണമുറികളിലുമെല്ലാം കസേരയിട്ടിരുന്നു!.



ഫ്രൂട്ടിയുടേയും നാദിയയുടേയും വളര്‍ച്ച അതിവേഗമായിരുന്നു. 2003ൽ 17-ാം വയസ്സില്‍ നാദിയ ചുമതല ഏറ്റെടുക്കുമ്പോള്‍ വെറും 300 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2017ൽ 4200 കോടി രൂപയിലെത്തി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകള്‍ പ്രകാരം പാര്‍ലെ അഗ്രോയുടെ വിറ്റുവരവ് 8000 കോടി രൂപയാണ്. 2030ഓടെ കമ്പനിയുടെ വാര്‍ഷിക ടേണ്‍ഓവര്‍ ഇരുപതിനായിരം കോടിയിലെത്തിക്കുമെന്നാണ് നാദിയ പറയുന്നത്.

ഫ്രൂട്ടിക്കും ആപ്പി ഫിസിനുമെല്ലാം പുറമേ അവരുടെ മറ്റ് ഉൽപ്പന്നങ്ങളുടെ വിറ്റുവരവും പതിന്മടങ്ങ് വര്‍ധിച്ചു. പാര്‍ലെ അഗ്രോയുടെ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ ആയ ബെയ്ലി കൊണ്ട് മാത്രം  1,000 കോടി രൂപയുടെ വാര്‍ഷിക ബിസിനസ് ആണ് നടക്കുന്നത്



നാദിയ ചൗഹാന്‍റെ മുത്തച്ഛനായ മോഹൻലാൽ ചൗഹാനാണ്1929ൽ പാർലെ ഗ്രൂപ്പ് സ്ഥാപിച്ചത്. മോഹൻലാലിന്റെ ഇളയ മകൻ ജയന്തിലാൽ 1959-ൽ ശീതളപാനീയങ്ങളുടെ ബിസിനസ് ആരംഭിച്ചു. തംസ് അപ്പ്, ലിംക, മാസ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കമ്പനി പിന്നീട് രമേഷ് ചൗഹാനും പ്രകാശ് ചൗഹാനും കൈമാറുകയായിരുന്നു. 1990-കളിൽ പാർലെ ഗ്രൂപ്പ് ഈ ബ്രാൻഡുകൾ കൊക്കകോളയ്ക്ക് വിറ്റു. പിന്നീട് രണ്ട് സഹോദരന്മാരും അവരുടെ ബിസിനസ്സ് സാമ്രാജ്യം രണ്ടായി വിഭജിക്കുകയായിരുന്നു. 




 നിലവില്‍ പ്രകാശ് ചൗഹാന്‍റെ ഉടമസ്ഥതയിലുള്ള പാർലെ ആഗ്രോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമാണ് നാദിയ ചൗഹാൻ. നാദിയ ചൗഹാൻറെ തന്നെ മൂത്ത സഹോദരി ഷൗന ചൗഹാൻ ആണ് പാർലെ ആഗ്രോയുടെ സി.ഇ.ഒ




 


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News