ഗവേഷണ പ്രബന്ധം കോപ്പിയടിച്ചെന്ന് ആരോപണമുള്ള അധ്യാപികക്ക് സ്ഥിരനിയമനം നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല

താരതമ്യ സാഹിത്യ പഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ച ശ്രീകല മുല്ലശ്ശേരിക്കെതിരെയാണ് ആരോപണം

Update: 2021-03-12 01:55 GMT
Advertising

ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപണമുള്ള ഉദ്യോഗാർഥിക്ക് കാലിക്കറ്റ് സർവകലാശാലയില്‍ അധ്യാപക നിയമനം നല്‍കിയതായി പരാതി. താരതമ്യ സാഹിത്യ പഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ച ശ്രീകല മുല്ലശ്ശേരിക്കെതിരെയാണ് ആരോപണം. കോപ്പിയടി സംബന്ധിച്ച റിപ്പോർട്ട് സർവകലാശാല പൂഴ്ത്തിയതാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചു. കാലിക്കറ്റ് സർവകലാശാലയില്‍ താരതമ്യ സാഹിത്യ പഠനം വിഭാഗത്തിലെ ശ്രീകല മുല്ലശ്ശേരിയുടെ നിയമനമാണ് വിവാദത്തിലായത്.

2016 ലാണ് ശ്രീകല പി.എച്.ഡി പൂർത്തിയാക്കുന്നത്. പ്രബന്ധം പകർത്തിയെഴുതിയാണെന്ന് പരാതി വന്നതിനെ തുടർന്ന് യൂണിവെഴ്സിറ്റി മൂന്നംഗം അന്വേഷണസംഘത്തെ നിയോഗിച്ചു. മലയാളവിഭാഗം ഡീൻ ചെയർമാനും, ഇംഗ്ലീഷ്, റഷ്യൻ വകുപ്പു മേധാവികള്‍ അംഗങ്ങളുമായി സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിനിടയില്‍ ശ്രീകല ഗസ്റ്റ് അധ്യാപികയായി യൂണിവെഴ്സിറ്റിയില്‍ അപേക്ഷിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ അപേക്ഷ തടസപ്പെട്ടു. തുടർന്ന് ശ്രീകല കോടതിയെ സമീപിച്ചു. അന്വേഷണ റിപ്പോർട്ടില്‍ തുടർ നടപടിയില്ലെന്ന് യൂണിവെഴ്സിറ്റി അറിയിക്കുകയും ശ്രീകലക്ക് നിയമനം ലഭിക്കുകയും ചെയ്തു.

എന്നാല്‍ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി യൂനിവേഴ്സിറ്റി ശ്രീകലയെ വഴിവിട്ട് സഹായിച്ചെന്ന് ആരോപണമുണ്ട്. ഇപ്പോള്‍ ആ അധ്യാപിക തന്നെ അസിസ്റ്റന്‍റ് പ്രൊഫസറായി സ്ഥിരം നിയമനം നേടുകയും ചെയ്തു. ശ്രീകലയുടെ പ്രബന്ധം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമനം റദ്ദാക്കാന്‍ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് യൂണിവെഴ്സിറ്റി കമ്മറ്റി ഗവർണർക്ക് പരാതി നല്‍കി. ഒരു എം.എല്‍.എയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്. ശ്രീകലക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാർഥികള്‍.

Tags:    

Similar News