മാഷ് ഒരു ചെറിയ മീനല്ല
ചുവപ്പു ഷാള്‍ ഒരിക്കല്‍ മാറിലണിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പുറത്തുപോകാന്‍ തോന്നിയാല്‍ സൂക്ഷിക്കണം. കാരണം, ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, പാര്‍ട്ടി കോണ്‍ഗ്രസാണ്. മട്ടും ഭാവവും പെട്ടെന്ന് മാറും.
തിരുത പൊരിച്ചതുണ്ട്, കരിമീന്‍ വറുത്തതുണ്ട്, കുടം പൊളി ഇട്ടുവെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്, തുമ്പപ്പു നിറമുള്ള ചെറുമണി ചോറുണ്ട്, ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനെ..
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മൂന്ന് മച്ചുനന്മാരെ സ്‌നേഹപൂര്‍വം ഉണ്ണാന്‍ വിളിച്ചു. പരമ്പരാഗതമായി മനസ്സില്‍, പ്രദേശത്തെ കോണ്‍ഗ്രസ് കമ്മിറ്റിയോട് നീരസത്തിന്റെ തിരമാല അലയടിക്കുന്നവരെയായിരുന്നു തെരഞ്ഞുപിടിച്ചു ക്ഷണിച്ചത്. ഒന്നാം പിണറായി സര്‍ക്കാറിനെതിരെ നാഴികക്ക് നാല്‍പ്പതുവട്ടം പത്രസമ്മേളനം നടത്തി, ജയിച്ചാല്‍ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട മാന്യദേഹമാണ് ഒരാള്‍. മലയാളം അത്രയധികം വശമില്ലാത്തതിനാല്‍, കെപിസിസിയേട് രാശിയൊക്കാത്ത തരൂര്‍ജി അടുത്തയാള്‍. ലോകസഭയില്‍ ടിക്കറ്റ് കിട്ടാതിരുന്നും, രാജ്യസഭാസീറ്റിനായി ദാഹിച്ചു കാത്തിരുന്നും, നിരാശനായി പരവശനായ തോമസ് മാഷാണ് മുന്നാമന്‍. ചുണ്ടയില്‍ പക്ഷെ മാഷ് മാത്രം വേഗം കൊത്തി താന്‍ മെയ്‌വഴക്കമുള്ള മീനാണെന്ന് തെളിയിച്ചു. തന്നെ പണ്ടേയിവര്‍ തിരുതയെന്ന് വിളിച്ചു അപമാനിച്ചതായി മാഷിന് പരാതിയുണ്ട്.
സെമിനാറില്‍ പങ്കെടുത്താല്‍ തോമസ് മാഷിന്റെ മൂക്ക് ചെത്തിക്കളയുമെന്നായിരുന്നു ഭീഷണിയെങ്കിലും ടിയാന് ഒരു ചുക്കും സംഭവിക്കില്ലെന്ന് ആഭ്യന്തരചുമതലയുള്ള മുഖ്യമന്ത്രി വേദിയില്‍ വെച്ച് ഉറപ്പു നല്‍കി. ആ ഉറപ്പ് നല്‍കാന്‍ യോഗ്യതയുള്ള പാര്‍ട്ടി തന്നെയാണ് കണ്ണൂരിലുള്ളത്. 51 വെട്ടിന്റെ ഓര്‍മകള്‍ ഉള്ളിലൊതുക്കി കെ.കെ രമയെന്നൊരു വിപ്ലവ വിധവ നിയമസഭയിലിരിക്കുന്ന സമയത്ത്, നയതന്ത്രയ്ക്ക് ഒന്നേ പറയാനുള്ളു. ചുവപ്പു ഷാള്‍ ഒരിക്കല്‍ മാറിലണിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പുറത്തുപോകാന്‍ തോന്നിയാല്‍ സൂക്ഷിക്കണം. കാരണം, ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, പാര്‍ട്ടി കോണ്‍ഗ്രസാണ്. മട്ടും ഭാവവും പെട്ടെന്ന് മാറും.
സുധാകരന്‍ നല്ലവനാണെന്നാണ് തോമാസ് മാഷിന്റെ അഭിപ്രായം. പക്ഷെ, അദ്ധേഹത്തിന് ചുറ്റുമുള്ളവര്‍ തിമിഗംലങ്ങളാണത്രെ. വലിയ തിമിംഗലങ്ങളുള്ള കടലില്‍, തോമയെന്ന ചെറിയമീന്‍ എങ്ങിനെ നീന്തി നില്‍ക്കും. കുഴങ്ങുന്ന ചോദ്യം തന്നെയാണ്. പ്രതിസന്ധിയിലാണെങ്കിലും മാഷ് സംസാരിക്കുന്നതെല്ലാം മീനിന്റെ ഭാഷയില്‍ തന്നെയാണ്. പിന്നെ, തോമസ് മാഷിന് കൊടുത്ത ചിത്രം അടിപൊളിയായെന്ന് പറയാതിരിക്കാനാവില്ല. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റുന്നതിന് മുമ്പുള്ള യേശുവിന്റെ ചിത്രം. പാര്‍ട്ടിയെ തേച്ചൊട്ടിച്ചു വരുന്നൊരാള്‍ക്ക് ഇതിനേക്കാള്‍ പ്രതീകാത്മാകമായി എങ്ങിനെയാണ് ഉപഹാരം നല്‍കാന്‍ സാധിക്കുക.
അല്ല, സില്‍വര്‍ ലൈന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തുവോ ഇല്ലയോ. ആര്‍ക്കുമൊരെത്തും പിടിയുമില്ല. യെച്ചൂരി പറഞ്ഞത് അത് ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ പാടുപെട്ട് ദില്ലിയില്‍ നിന്നും കണ്ണൂരെത്തിയത് എന്നാണ്. എന്നാല്‍, മുഖ്യമന്ത്രി സ്വാഗതപ്രസംഗത്തില്‍ തന്നെ സില്‍വര്‍ ലൈന്‍ അഭിമാനത്തിന്റെ അശോകസ്തംഭമാണെന്ന് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിനെ എതിര്‍ക്കുന്ന സഖാക്കള്‍ അല്‍പ്പം നീരസം പ്രകടിപ്പിച്ചു. തമിഴ് മക്കളും കൃഷിഭൂമി നഷ്ടപ്പെടുത്തുന്നതില്‍ സഹതാപം കൂറി. ബംഗാളില്‍ നിന്നെത്തിയവര്‍ നന്ദിഗ്രാം സിംഗൂര്‍ എന്നീ രണ്ടു സ്ഥലപ്പേരുകള്‍ മാത്രമേ പറഞ്ഞൊള്ളൂ. ഇതൊക്കെ തമ്മില്‍ വൈരുദ്ധ്യമില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇനി ഏതുഭാഷയില്‍ മറുപടി പറയുമെന്ന് ക്ഷോഭിച്ച് യെച്ചൂരി മുങ്ങി. കേമം തന്നെ ഈ വൈരുദ്ധ്യാത്മക ഭൗതീകവാദം.
ദില്ലയിലെ ഡിഎംകെ ഓഫീസായ അണ്ണാ കലൈഞ്ജര്‍ അറിവാലയത്തിന്റെ ഉദ്ഘാടനത്തിന് എം.കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടൊത്ത് നില്‍ക്കുന്ന ചിത്രം പാര്‍ലറില്‍ കണ്ടു. കുടെ നില്‍ക്കുന്നവരെ കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. സാക്ഷാല്‍ സീതാറാം യെച്ചൂരിയും ഡി. രാജയും. അതേ സ്റ്റാലിനെയാണ് ഇപ്പോള്‍ കണ്ണൂരില്‍ കൊണ്ടുവന്നിരുത്തി കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ഏറ്റവും അര്‍ഥവത്തായി തോന്നുന്നത് തരത്തിനൊത്ത് തരം മാറുന്ന ഈ നേതാക്കന്മാരെ കാണുമ്പോഴാണ്.
കഴിഞ്ഞാഴ്ച്ച ദില്ലിയില്‍ നടന്ന ഹിന്ദു മഹാ പഞ്ചായത്തില്‍ എല്ലാ മുസ്‌ലിംകളേയും കശാപ്പു ചെയ്യണമെന്ന് ഒരു സ്വാമിജി സ്‌നേഹബുദ്ധ്യാ അനുയായികളെ ഉപദേശിച്ചു. ഈ സ്വാമി ഒരേയൊരു പ്രസംഗമേ കാണാതെ പഠിച്ചിട്ടുള്ളൂ. മുമ്പ് ഹരിദ്വാറിലും ഇതേ പ്രസംഗം ഇദ്ധേഹം നടത്തിയിരുന്നു. ന്യൂനപക്ഷ കശാപ്പിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗത്തിനെതിരെ നിഷ്‌കളങ്കരായ ചില എംപിമാര്‍ രാജ്യസഭയില്‍ സംസാരിച്ചു. ഉടനെ വെങ്കയ്യ നായിഡു ഇടപെട്ടു ചര്‍ച്ച തടഞ്ഞു. ഇത്തരം വിദ്വേഷപരാമര്‍ശങ്ങള്‍ രാജ്യസഭയില്‍ നടത്താന്‍ പാടില്ലത്രെ. അതു പവിത്രമായ രാജ്യസഭക്ക് കളങ്കമാണ് പോലും. എങ്ങിനെയുണ്ട് തമാശ. പ്രതിപക്ഷ കക്ഷികള്‍ വിലക്കയറ്റത്തെകുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സഭ രണ്ടു ദിവസം നേരത്തെ പിരിച്ചുവിട്ടു മന്ത്രിമാര്‍ തടിതപ്പുകയും ചെയ്തു.
ഉറുമ്പു ആനയെ കല്ല്യാണം കഴിക്കാന്‍ പോയ കഥ കേട്ടിട്ടുണ്ടോ. ആ കഥ ഓര്‍മിപ്പിച്ചത് രസികനായ സുധാകരനാശാനാണ്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് മുന്നില്‍ കേരളത്തില്‍ മാത്രമുള്ള സിപിഎം നിര്‍ദോശമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതാണ് സുധാകരനാശാനെ ചൊടിപ്പിച്ചത്.
മേരാ പ്യാര്‍ ദേശ് വാസിയോം
ഇതിനിടയിലാണ് നമ്മുടെ അമിത് ഷാ ഹിന്ദി സംസാരിക്കണമെന്ന വാദവുമായി രംഗത്തുവരുന്നത്. ഭാഷയുടെ പേരിലും രാജ്യത്തെ വിഭജിക്കാനുള്ള നടപടിയാണ് അതിന് പിന്നില്‍. വിദ്വേഷരാഷ്ട്രീയം പറയുന്നത് ഹിന്ദിക്കാരാകുമ്പോള്‍ നമ്മള്‍ ജാവോന്ന് പറയണം. ജാവോ. ഈ ഹിന്ദി വാക്കോടെ പാര്‍ലര്‍ ഹതം കര്‍ത്താ ഹേ. ധന്യവാദ്..