ഏഷ്യകപ്പിന് ഇന്ന് തുടക്കം
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവരാണ് ഏഷ്യയിലെ ചാമ്പ്യന്‍മാരാകാന്‍ മത്സരിക്കുന്നത്
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ദുബൈയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഒരിടവേളക്ക് ശേഷം ഏഷ്യാകപ്പ് ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുകയാണ്. ആറ് സംഘങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവരാണ് ഏഷ്യയിലെ ചാമ്പ്യന്‍മാരാകാന്‍ മത്സരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ ഹോങ്കോങാണ് എതിരാളി. ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ പാകിസ്താന്‍ മത്സരം ബുധനാഴ്ച നടക്കും. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍.