വാലില്‍ കുത്തി തലപൊക്കി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശിന് ജയിക്കാന്‍ 256 റണ്‍സ്
വേര്‍പിരിയാത്ത എട്ടാം വിക്കറ്റില്‍ റാഷിദ് ഖാനും(57*) ഗുല്‍ബാദിന്‍ നയിബും(42*) ചേര്‍ന്ന് നേടിയ 95 റണ്‍സാണ് അഫ്ഗാന്‍ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്.
അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 256 റണ്‍സിന്റെ വിജയലക്ഷ്യം. വേര്‍പിരിയാത്ത എട്ടാം വിക്കറ്റില്‍ റാഷിദ് ഖാനും(57*) ഗുല്‍ബാദിന്‍ നയിബും(42*) ചേര്‍ന്ന് നേടിയ 95 റണ്‍സാണ് അഫ്ഗാന്‍ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്. അഫ്ഗാനിസ്ഥാനായി ഹഷ്മത്തുള്ള ഷാഹിദി(58) അര്‍ധ സെഞ്ചുറി നേടി. ബംഗ്ലാദേശിനുവേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തി.
40.5 ഓവറില്‍ 7ന് 160 എന്ന നിലയിലേക്ക് തകര്‍ന്നതായിരുന്നു അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ഒമ്പതാമനായിറങ്ങിയ റാഷിദ് ഖാന്‍ ഒന്നാം നമ്പര്‍ ബാറ്റിംങ് കാഴ്ച്ചവെച്ചതോടെ ഓവറുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 7ന് 255 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് അഫ്ഗാനിസ്ഥാനെത്തി. ഓപണര്‍ മുഹമ്മദ് ഷഹ്‌സാദിന്റേയും(37) ഹഷ്മത്തുള്ള ഷാഹിദി(58)യുടേയും ബാറ്റിംങ് മാത്രമാണ് നാല്‍പ്പതാം ഓവര്‍ വരെ അഫ്ഗാനിസ്ഥാന് ആശ്വാസമായിരുന്നത്.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകയ്യന്‍ സ്പിന്നര്‍ ഷാക്കിബ് അല്‍ഹസന്‍ അഫ്ഗാനിസ്ഥാനെ കറക്കിവീഴ്ത്തുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ടി 20 ശൈലിയില്‍ ബാറ്റുവീശിയ റാഷിദ് ഖാനാണ് അഫ്ഗാന്‍ ഇന്നിംങ്‌സിന് ഉയിരേകിയത്. 32 പന്തുകളില്‍ നിന്നാണ് റാഷിദ്ഖാന്‍ 57 റണ്‍സ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഒരു സിക്‌സറുകളും റാഷിദ് നേടി. അഞ്ച് ബൗണ്ടറികളുടെ അകമ്പടിയിലായിരുന്നു 38 പന്തുകളില്‍ നിന്നും ഗുല്‍ബദിന്‍ നയിബ് 42 റണ്‍സ് നേടിയത്.