വല്ലാത്ത ചെയ്ത്തായി പോയി; 50 ഓവറില്‍ 596 റണ്‍സ്, എതിരാളിയെ 25 റണ്‍സില്‍ ഒതുക്കി ഒരു ടീം

ക്രിക്കറ്റിലെ വമ്പന്‍മാര്‍ ടെസ്റ്റില്‍ രണ്ടു ദിവസം കൊണ്ട് അടിച്ചുകൂട്ടുന്നത്രയും റണ്‍സാണ് 50 ഓവറില്‍ പിറന്നത്. 

Update: 2018-10-16 05:54 GMT
Advertising

എന്നാലും ഇതു വല്ലാത്ത ചെയ്ത്തായി പോയി എന്ന് ആരും പറഞ്ഞു പോകും, ഈ കളിഫലം കണ്ടാല്‍. ആസ്ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരഫലമാണ് ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. SACA PC സൂപ്പര്‍വുമണ്‍ ഫസ്റ്റ് ഗ്രേഡ് ടൂര്‍ണമെന്‍റില്‍ കഴിഞ്ഞദിവസം ഏറ്റുമുട്ടിയത് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സും പോര്‍ട്ട് അഡ്‍ലെയ്ഡും. ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് അക്ഷരാര്‍ഥത്തില്‍ റണ്‍മഴയൊഴുക്കി.

50 ഓവറില്‍ കേവലം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 596 റണ്‍സ്. ക്രിക്കറ്റിലെ വമ്പന്‍മാര്‍ ടെസ്റ്റില്‍ രണ്ടു ദിവസം കൊണ്ട് അടിച്ചുകൂട്ടുന്നത്രയും റണ്‍സാണ് 50 ഓവറില്‍ പിറന്നത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന്‍റെ നാലു താരങ്ങള്‍ സെഞ്ച്വറി നേടി. അതും വെടിക്കെട്ട് റണ്‍റേറ്റില്‍. ടോപ് സ്കോററായ മക്ഫാര്‍ലിന്‍ നേടിയത് 80 പന്തില്‍ 130 റണ്‍സ്. സാം ബെറ്റ്സ് 124 റണ്‍സും തബിത സെവില്ലെ 120 റണ്‍സും ഡാര്‍സി ബ്രൌണ്‍ 117 റണ്‍സും അടിച്ചുകൂട്ടി. പോര്‍ട്ട് അഡ്‍ലെയ്ഡിന്‍റെ അച്ചടക്കമില്ലാത്ത ബോളിങും നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന് റണ്‍സ് വാരിക്കോരി നല്‍കി. 75 വൈഡുകള്‍ അടക്കം 88 റണ്‍സാണ് എക്സ്ട്രാ നല്‍കിയത്.

എന്നാല്‍ ഇതുപോലൊരു വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് എതിരാളിയെ ശരിക്കും ഞെട്ടിച്ചത് പന്ത് കയ്യിലെടുത്തപ്പോഴായിരുന്നു. പോര്‍ട്ട് അഡ്‍ലെയ്ഡിന്‍റെ താരങ്ങളെ ക്രീസില്‍ അല്‍പ്പനേരം നിലയുറപ്പിക്കാന്‍ പോലും നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന്‍റെ ബോളര്‍മാര്‍ അനുവദിച്ചില്ല. കേവലം 25 റണ്‍സില്‍ പോര്‍ട്ട് അഡ്‍ലെയ്ഡിനെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് ചുരുട്ടിക്കെട്ടി. ഇതോടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സിന്‍റെ പെണ്‍പുലികള്‍ സ്വന്തമാക്കിയത് 571 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയം.

Tags:    

Similar News