ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും വാതുവെപ്പ് വിവാദം
20-20 ലോകകപ്പ് ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായി വെളിപ്പെടുത്തല്‍
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും വാതുവെപ്പ് വിവാദം. 20-20 ലോകകപ്പ് ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായി വെളിപ്പെടുത്തല്‍. അല്‍ജസീറ ചാനലാണ് വാതുവെപ്പിന്റെ തെളിവുകള്‍ പുറത്ത് വിട്ടത്. വിഷയത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.
2011 -12 കാലഘട്ടത്തില്‍ 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒത്തുകളി നടന്നതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ആറ് ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്‍റി -20 മത്സരങ്ങളിലുമാണ് ഒത്തുകളി നടന്നത്. 2011 ജൂലൈയിൽ നടന്ന ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് മൽസരവും ഇതിലുള്‍പ്പെടും. മത്സരം പൂര്‍ണമായും ഒത്തുകളിക്കുന്നതിന് പകരം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന സ്പോട്ട് ഫിക്സിംഗാണ് നടന്നത്.
ഇത്തരത്തില്‍ 15 മത്സരങ്ങളില്‍ നിന്നായി ആകെ 26 ഒത്തുകളികള്‍ നടന്നു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകളിലെ താരങ്ങളാണ് സ്പോട് ഫിക്സിങ്ങിൽ ഏര്‍പ്പെട്ടത്. പല പ്രമുഖ താരങ്ങളും ഉള്‍പ്പെട്ടതായും സൂചനയുണ്ട്.
വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീൽ മുനവറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ചാനല്‍ പറഞ്ഞു. ഇയാള്‍ പല പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ചാനല്‍ പുറത്ത് വിട്ടു. അനീല്‍ മുനവറിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും ചാനല്‍ പറയുന്നു. സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ചാനല്‍ അറിയിച്ചു.
വിഷയത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.