ഓസീസ് പരമ്പരക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍, നിരാശപ്പെടുത്തി ബൗളര്‍മാര്‍
ഓപണര്‍മാരായ പൃഥ്വി ഷായും ഹനുമ വിഹാരിയും തുടര്‍ച്ചയായ രണ്ട് ഇന്നിംങ്‌സുകളിലും അര്‍ധ സെഞ്ചുറികള്‍ നേടി. അതേസമയം ന്യൂസിലന്‍ഡ് എയെ ആദ്യ ഇന്നിംങ്‌സില്‍ പോലും ഓള്‍ഔട്ടാക്കാന്‍ കഴിയാതിരുന്നത് നിരാശയായി.
ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ മുന്നൊരുക്കം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഗംഭീരമാക്കിയെങ്കിലും ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ന്യൂസീലന്‍ഡില്‍ നടന്ന പരിശീലന മല്‍സരത്തില്‍ ഓപണര്‍മാരായ പൃഥ്വി ഷായും ഹനുമ വിഹാരിയും തുടര്‍ച്ചയായ രണ്ട് ഇന്നിംങ്‌സുകളിലും അര്‍ധ സെഞ്ചുറികള്‍ നേടി. ഇതിനൊപ്പം മുരളി വിജയും ക്യാപ്റ്റന്‍ രഹാനെയും പാര്‍ഥിവ് പട്ടേലും വിജയ് ശങ്കറും അര്‍ധ സെഞ്ചുറികള്‍ നേടി. അതേസമയം ന്യൂസിലന്‍ഡ് എയെ ആദ്യ ഇന്നിംങ്‌സില്‍ പോലും ഓള്‍ഔട്ടാക്കാന്‍ കഴിയാതിരുന്നത് നിരാശയായി.
ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യ എക്കു വേണ്ടി പൃഥ്വി ഷാ(62), മായങ്ക് അഗര്‍വാള്‍(65), ഹനുമ വിഹാരി(86), പാര്‍ഥിവ് പട്ടേല്‍(94) വിജയ് ശങ്കര്‍(62) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. 467ന് 8 എന്ന നിലയില്‍ നില്‍ക്കെ ഇന്ത്യ എ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് എക്കുവേണ്ടി ഓപണര്‍ ഹാമിഷ് റുഥര്‍ഫോഡ്(114) സെഞ്ചുറി നേടി. അപരാജിതമായ അവസാന വിക്കറ്റില്‍ റാന്‍സും(69) ടിക്‌നറും(30) ചേര്‍ന്ന് 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ന്യൂസിന്‍ഡ് എ ആദ്യ ഇന്നിംങ്‌സ് 458ന് 9 എന്ന നിലയില്‍ ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഓപ്പണര്‍ പൃഥ്വി ഷാ (53 പന്തില്‍ 50), ഹനുമ വിഹാരി (63 പന്തില്‍ 51) എന്നിവര്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടി ഫോം ഉറപ്പിച്ചു. 113 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 60 റണ്‍സെടുത്താണ് മുരളി വിജയ് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടാനാകാതെ പോയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
വെറും ഒന്‍പതു റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നാലാം ചായസമയത്ത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു.