കേരള ക്രിക്കറ്റ് ലീഗ് താരലേലം: നാലുപേര്‍ക്ക് ഏഴ് ലക്ഷത്തിന് മുകളില്‍ പ്രതിഫലം

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ ലേലം കൊണ്ടത്

Update: 2024-08-10 15:38 GMT
kerala cricket league
AddThis Website Tools
Advertising

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ 7.4 ലക്ഷം രൂപയ്ക്ക് ഓൾ റൗണ്ടർ എം.എസ്. അഖിലിനെ ട്രിവാൻഡ്രം റോയൽസും 7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പർ വരുൺ നായനാരെ തൃശൂർ ടൈറ്റൻസും സ്വന്തമാക്കി. ഓൾ റൗണ്ടർ മനുകൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും ഏഴു ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. 50000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള്‍ റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന താരലേലം ചാരു ശർമാണ് നിയന്ത്രിച്ചത്.

കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തിൽ 168 കളിക്കാരെയാണ് ഫ്രാഞ്ചൈസികൾക്കു മുന്നിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അണിനിരത്തിയത്. ഐപിഎൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരെ ‘എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയും സി.കെ.നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് മൽസരങ്ങളിൽ കളിച്ചവരെ ‘ബി’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയും അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമായവരെ ‘സി’ വിഭാഗത്തില്‍പെടുത്തി 50,000 രൂപയും അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചാണ് ലേലം നടത്തിയത്. ഇതില്‍ ‘ബി’ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏഴ​ുപേര്‍ ‘എ’ വിഭാഗത്തിന്റെ അടിസ്ഥാന തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം നേടി. ഓള്‍ റൗണ്ടര്‍ അക്ഷയ് മനോഹര്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ തുക നേടി. 3.6 ലക്ഷത്തിന് തൃശൂര്‍ ടൈറ്റന്‍സാണ് അക്ഷയിനെ സ്വന്തമാക്കിയത്.

ആകെ 108 താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ ലേലം കൊണ്ടത്. ‘എ’ വിഭാഗത്തില്‍ ഉള്‍പ്പെട്ട 31 കളിക്കാരില്‍ എല്ലാവരെയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയപ്പോള്‍ ‘ബി’ വിഭാഗത്തിലെ 43ല്‍ 21 പേരെയാണ് ലേലംകൊണ്ടത്. ‘സി’ വിഭാഗത്തിലെ 94 പേരില്‍ 56 പേരെയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ്. കുന്നമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തേതന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. ഒരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാവുക. കേരള ക്രിക്കറ്റ് ലീഗ് ഒഫീഷ്യല്‍ ലോഞ്ചിങ് ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.

 

 

 

 

 

 

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News