'അച്ഛന്‍ ഹൃദ്രോഗിയാണ്, എന്‍റെ കാര്യമോര്‍ത്ത് സ്ട്രെസ്സിലാണ്; എനിക്ക് ആരുടെയും സഹതാപം വേണ്ട'-തുറന്നടിച്ച് അശ്വിൻ

''മുൻപൊക്കെ ടീമിലെ താരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ എല്ലാവരും സഹപ്രവർത്തകരാണ്. നമ്മുടെ വലതും ഇടതും ഇരിക്കുന്നവരോട് മത്സരിച്ച് സ്ഥാനം ഉറപ്പിക്കാനുള്ള തിരക്കിലാണ് എല്ലാവരും. ആരും സഹായത്തിനു വരില്ല.''

Update: 2023-06-20 06:58 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ടീമിൽനിന്ന് പുറത്തായതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കു പിന്നാലെ മനസ്സുതുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ആരോടും പരാതിയോ പരിഭവമോ ഇല്ലെന്ന് താരം വ്യക്തമാക്കി. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ ആരും പരസ്പരം സുഹൃത്തുക്കളല്ലെന്നും സഹപ്രവർത്തകരെപ്പോലെയാണ് പരസ്പരം പെരുമാറുന്നതെന്നും ആരും സഹായത്തിനു വരില്ലെന്നും താരം തുറന്നടിച്ചു. 2019 ലോകകപ്പ് ടീമിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് മാനസികസംഘർഷത്തിലായിരുന്നുവെന്നും അശ്വിൻ വെളിപ്പെടുത്തി.

'ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ വിശദമായ അഭിമുഖത്തിലാണ് താരം തുറന്നുപറച്ചിൽ നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മോശം അന്തരീക്ഷം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം അഭിമുഖത്തിൽ അശ്വിൻ തുറന്നുപറയുന്നുണ്ട്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൻരെ 48 മണിക്കൂർമുൻപാണ് ടീമിലുണ്ടാകില്ലെന്ന വിവരം ലഭിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. ഫൈനലിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കാരണം ടീം അവിടംവരെയെത്തിയതിൽ തനിക്കും പങ്കുണ്ട്. കഴിഞ്ഞ തവണ (ന്യൂസിലൻഡിനെതിരെ നടന്ന) ഫൈനലിൽ നാല് വിക്കറ്റെടുക്കുകയും മനോഹരമായി പന്തെറിയുകയും ചെയ്തിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ടീമിൽ ഇടംലഭിക്കാത്തതിൽ പരാതികളില്ലെന്നും അശ്വിൻ വ്യക്തമാക്കി. 'ആരെയെങ്കിലും കുറ്റപ്പെടുത്താനോ പരിതപിക്കാനോ ഒന്നും എനിക്ക് സമയമില്ല. ആരുടെ കാര്യത്തിലും എനിക്ക് ഖേദമില്ല. ഫൈനൽ കഴിഞ്ഞപ്പോൾ ആ വിഷയം തീർക്കണമെന്ന് കരുതിയാണ് ഞാൻ ഒരു ട്വീറ്റിട്ടത്. ആ വിഷയം അടങ്ങിയാൽ എനിക്ക് അടുത്ത കാര്യം നോക്കാമല്ലോ...''-താരം പറഞ്ഞു.

''അതുതന്നെ നോക്കിനിന്നാൽ വലിയ മാനസികാഘാതമാണ് എന്റെ കുടുംബത്തിനുണ്ടാക്കുക. അച്ഛന് ഹൃദ്രോഗവും വേറെയും അസുഖങ്ങളുണ്ട്. ഓരോ ദിവസവും ഓരോന്ന് സംഭവിക്കും. അപ്പോഴെല്ലാം അച്ഛൻ എന്നെ വിളിക്കും. അദ്ദേഹം മാനസിക പിരിമുറുക്കത്തിലാണ്. ഇതിൽനിന്നൊക്കെ പുറത്തുകടന്ന് കളി തുടരാൻ എനിക്ക് വളരെ എളുപ്പമാണ്. അതെന്റെ നിയന്ത്രണത്തിലാണെന്നതു തന്നെ കാരണം. എന്നാൽ, അച്ഛന്റെ കാര്യം അതല്ല. എനിക്കുള്ളതിന്റെ ഇരട്ടി സംഘർഷത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്.''

''ഈ യാത്രയിൽ എനിക്കൊരു സഹതാപവുമില്ല. അവനത് കിട്ടി, എനിക്കു കിട്ടിയില്ല എന്നു പറഞ്ഞിരിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ, ഒരു നിമിഷം പോലും എനിക്കെന്നോട് സഹതാപമില്ല. അതുകൊണ്ടാണ് ആ വിഷയം തീർപ്പാക്കാനായി ഞാൻ ട്വീറ്റിട്ടത്. ആളുകൾ എന്നോട് സഹതാപം കാണിക്കുന്നത് കാണുന്നത് തന്നെ വെറുപ്പാണ്. എനിക്കതു വേണ്ട.

ഈ സോഷ്യൽ മീഡിയയുടെ കാലത്ത് നമ്മൾ കളിച്ചില്ലെങ്കിൽ ടീമിലുണ്ടാകുന്നതിനെക്കാളും വലിയ ആളാകും. അവനെ കളിപ്പിച്ചിരുന്നെങ്കിൽ നമ്മൾ ജയിക്കുമായിരുന്നെന്നെല്ലാം ആളുകൾ പറയും. ഞാൻ കളിച്ചിരുന്നെങ്കിൽ ടീം ജയിക്കുമായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പൊന്നുമില്ല. എന്നാൽ, എന്റെ പരമാവധി ടീമിനു വേണ്ടി സമർപ്പിക്കുകയും അങ്ങനെ വിജയം നേടാൻ പരിശ്രമിക്കുയും ചെയ്യുമായിരുന്നുവെന്ന് ഉറപ്പായും ചിന്തിക്കുന്നുണ്ട്. ഓരോ ടൂറും കഴിഞ്ഞു തിരിച്ചെത്തിയാൽ അക്കാദമിയിൽ പോകും ഞാൻ. അവിടെ ബൗളിങ് പരിശീലനം നടത്തും. എന്റെ കഴിവുകൾ മോശമാകാതെ നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് ഒരു ദിവസം പോലും അവധിയെടുക്കാറില്ല.''

2018ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം 2019 ലോകകപ്പിൽ ഞാൻ കളിച്ചില്ല. ലോകകപ്പിന്റെ സാധ്യതാസംഘത്തിൽ പോലും ഞാനുണ്ടായിരുന്നില്ല. അതിനുശേഷം നല്ല മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. പിന്നീട് എല്ലാത്തിൽനിന്നും പുറത്തുകടന്നപ്പോൾ അതിലൊന്നും വലിയ കാര്യമില്ലെന്ന് ഞാൻ സ്വയം തന്നെ പറഞ്ഞുബോധ്യപ്പെടുത്തി. മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന് ഒരു ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നു. ടീമിനെ നയിക്കാനുള്ള നല്ല കഴിവും എനിക്കുണ്ടെന്ന് എപ്പോഴും സ്വയം വിശ്വസിച്ചിരുന്നു. എനിക്കൊരു നല്ല ക്യാപ്റ്റനാകാൻ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും അശ്വിൻ വെളിപ്പെടുത്തി.

ഇപ്പോൾ ടീമിൽ എല്ലാവരും സഹതാരങ്ങളാണ്. മുൻപൊക്കെ ക്രിക്കറ്റിൽ ടീമിലെ താരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ എല്ലാവരും സഹപ്രവർത്തകരാണ്. നമ്മുടെ വലതും ഇടതും ഇരിക്കുന്നവരോട് മത്സരിച്ച് സ്ഥാനം ഉറപ്പിക്കാനുള്ള തിരക്കിലാണ് എല്ലാവരും. അതുകൊണ്ട്, 'എന്തൊക്കെയുണ്ട് അളിയാ' എന്ന് അടുത്തുവന്ന് ചോദിക്കാനൊന്നും ആർക്കും സമയമില്ല. സത്യത്തിൽ പങ്കുവയ്ക്കുമ്പോഴാണ് ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റൊരാളുടെ സാങ്കേതികത്തികവും കടന്നുവന്ന വഴികളുമെല്ലാം അറിയുമ്പോൾ നമ്മളും കൂടുതൽ മെച്ചപ്പെടും. എന്നാൽ, അങ്ങനെയൊന്നും ഇപ്പോൾ നടക്കില്ല. ആരും സഹായത്തിനു വരില്ല. ഇതൊരു ഒറ്റയ്ക്കുള്ള യാത്രയാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Summary: 'My father has a heart problem and other issues, he is stressed. I hated the fact that people are giving me sympathy, I just couldn’t take it anymore.' Ravichandran Ashwin after WTC Final snub

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News