ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തുലാസിൽ; പരമ്പര റാഞ്ചാന്‍ 'യുവ ഇന്ത്യ'

കൂട്ടത്തകർച്ചയ്ക്കുശേഷം സഞ്ജു സാംസൺ നടത്തിയ വീരോചിതമായ പോരാട്ടമായിരുന്നു ആദ്യ മത്സരത്തിൽ കണ്ടത്. രണ്ടാം മത്സരത്തിൽ സെഞ്ച്വറി പ്രകടനത്തിലൂടെ ശ്രേയർ അയ്യരും സെഞ്ച്വറിയോളം പോന്ന പ്രകടനത്തിലൂടെ ഇഷൻ കിഷനും ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു

Update: 2022-10-11 02:16 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ ഇന്ന് നിർണായക മത്സരം. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ ഇന്നു വിജയം അനിവാര്യമാണ്. സ്വന്തം മണ്ണിൽ ഒരു പരമ്പര നഷ്ടമെന്ന നാണക്കേട് ഒഴിവാക്കാൻ ശിഖർ ധവാനും സംഘത്തിനും ഇന്ന് ജയിക്കണം.

എന്നാൽ, ദക്ഷിണാഫ്രിക്കയക്ക് ഇന്നു പല കാരണങ്ങൾ കൊണ്ട് ജീവന്മരണ പോരാട്ടമാണ്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരു വീതം മത്സരങ്ങളാണ് ജയിച്ചത്. ഏകദിനമാണെങ്കിലും ഒരു പരമ്പര ജയത്തിന്റെ കരുത്തോടെ ടി20 ലോകകപ്പിനായി ആസ്‌ട്രേലിയയിലേക്ക് പറക്കാനാകും തെംബ ബാവുമയും സംഘവും ആഗ്രഹിക്കുന്നത്.

എന്നാൽ, അതിലേറെ നിർണായകമായൊരു ഘടവും ഇന്നത്തെ മത്സരത്തിൽ പ്രോട്ടിയേസിനുണ്ട്. ഇന്നു പരാജയപ്പെട്ടാൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് സാധ്യതകൾ തുലാസിലാകും. നിലവിൽ ഐ.സി.സി ഏകദിന സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുള്ളത്. അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ്, അയർലൻഡ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾക്കും പിന്നിലാണ് ബാവുമയുടെ സംഘം.

ഇന്നത്തെ മത്സരം ജയിച്ച് പരമ്പര ജയിച്ചാൽ പോയിന്റ് പട്ടികയിൽ ലങ്കയ്ക്കും അയർലൻഡിനും മുന്നിൽ ഒൻപതാം സ്ഥാനത്തെത്താനാകും ദക്ഷിണാഫ്രിക്ക. എട്ടാം സ്ഥാനത്തെത്തിയാലേ ലോകകപ്പിലേക്ക് നേരിട്ട് എൻട്രി ലഭിക്കൂ. ഇന്നത്തെ ജയത്തിനൊപ്പം ലോകകപ്പിനു മുൻപ് ബാക്കിയുള്ള അഞ്ച് മത്സരങ്ങളും ജയിക്കാനായാൽ അത്തരം സാധ്യതയിലേക്ക് കണ്ണുവയ്ക്കാനാകും. ഇന്നു തോറ്റാൽ ചെറു ടീമുകൾക്കൊപ്പം യോഗ്യതാ മത്സര കടമ്പ കടന്നുവേണം ടീമിന് ലോകകപ്പിനെത്താൻ.

കരുത്തന്മാരുടെ അഭാവത്തിലും ശക്തരായ ദക്ഷിണാഫ്രക്കൻ നിരയ്‌ക്കെതിരെ ഇന്ത്യൻ യുവനിര മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ടു മത്സരത്തിലും നടത്തിയത്. കൂട്ടത്തകർച്ചയ്ക്കുശേഷം സഞ്ജു സാംസൺ നടത്തിയ വീരോചിതമായ പോരാട്ടമായിരുന്നു ആദ്യ മത്സരത്തിൽ കണ്ടത്. അവസാന ഓവർ വരെ നീണ്ട മത്സരം കൈയകലെയാണ് സഞ്ജുവിന് നഷ്ടമായത്. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ മികച്ച സ്‌കോർ സെഞ്ച്വറി പ്രകടനത്തിലൂടെ ശ്രേയർ അയ്യരും സെഞ്ച്വറിയോളം പോന്ന പ്രകടനത്തിലൂടെ ഇഷൻ കിഷനും ചേർന്ന് മറികടന്നത്. റാഞ്ചിയിലെ കളിയിലും സഞ്ജുവിന്റെ ഇന്നിങ്‌സ് മികച്ചുനിന്നു. ബൗളിങ് നിരയിയിൽ മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും കുൽദീപ് യാദവുമെല്ലാം മികച്ച ഫോമിലുമുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് പരിഹരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായും നായകൻ തെംബ ബാവുമയുടെ ഫോം തന്നെയാണ്. ടി20 അടക്കം ഇന്ത്യയിൽ കഴിഞ്ഞ നാലു മത്സരങ്ങളിൽ ആകെ 11 റൺസാണ് ബാവുമയ്ക്ക് കണ്ടെത്താനായത്. മികച്ചൊരു സ്‌കോർ കണ്ടെത്തി ലോകകപ്പിന് തിരിക്കാനായിരിക്കും താരത്തിന്റെ ശ്രദ്ധ. തങ്ങളുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെ ഇന്ത്യൻ യുവനിര നേടി അവിസ്മരണീയ പോരാട്ടവും ദക്ഷിണാഫ്രിക്കയ്ക്കുമുന്നിൽ തലവേദനയായി അവശേഷിക്കുന്നുണ്ട്.

Summary: IND vs SA 2022 3rd ODI preview

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News