ടി20യില്‍ സൂര്യ നയിക്കും; ഏകദിനത്തില്‍ സഞ്ജുവിന് ഇടമില്ല

ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമല്ല. ടി20യിലും ഏകദിനത്തിലും യുവതാരം ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍

Update: 2024-07-18 15:45 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ഏകദിനത്തില്‍ ടീമിനെ നയിക്കുക. ഏകദിനത്തില്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍സിയില്‍ തുടരും. മലയാളി താരം സഞ്ജു സാംസണിന് ടി20 സംഘത്തില്‍ വീണ്ടും ഇടം ലഭിച്ചപ്പോള്‍ ഏകദിന സ്‌ക്വാഡില്‍നിന്നു പുറത്തായി. അതേസമയം, ടി20 ക്യാപ്റ്റനാകുമെന്നു പ്രതീക്ഷിച്ച ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായില്ലെന്നതും ശ്രദ്ധേയമാണ്.

ശുഭ്മന്‍ ഗില്ലാണ് ടി20യിലും ഏകദിനത്തിലും വൈസ് ക്യാപ്റ്റന്‍. ഹര്‍ദിക് പാണ്ഡ്യ ടീമിലുള്ളപ്പോഴാണ് യുവതാരത്തിനു 'സ്ഥാനക്കയറ്റം'. രോഹിതിനൊപ്പം വിരാട് കോഹ്ലിയും ടീമിലെത്തിയപ്പോള്‍ പേസ് താരം ജസ്പ്രീത് ബുംറയ്ക്കും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ.എല്‍ രാഹുലും ശ്രേയര്‍ അയ്യരും ഏകദിനത്തില്‍ തിരിച്ചെത്തി. അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മയ്ക്കും ഓപണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിനും സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യശസ്വി ജയ്‌സ്വാളിനുമൊന്നും ടി20 ടീമില്‍ ഇടംലഭിച്ചിട്ടില്ല.

ഏകദിന സംഘത്തില്‍ ഹര്‍ദികിന് ഇടമില്ല. ഏകദിനത്തിലും ടി20യിലും ഓള്‍റൗണ്ടറായി ശിവം ദുബെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിയാന്‍ പരാഗ് ടി20 സംഘത്തില്‍നിന്നു പുറത്തായപ്പോള്‍ ഏകദിനത്തില്‍ ഇതാദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി.

മൂന്ന് ടി20 മത്സരങ്ങളോടെയാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ജൂലൈ 27ന് പല്ലേകെലെയിലാണ് ആദ്യ മത്സരം. 28നും 30നുമാണു മറ്റു രണ്ട് ടി20 മത്സരങ്ങള്‍. ആഗസ്റ്റ് രണ്ടിന് ഏകദിന പരമ്പരയ്ക്കും തുടക്കമാകും. നാല്, ഏഴ് തിയതികളില്‍ ബാക്കി ഏകദിന മത്സരങ്ങളും നടക്കും. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായെത്തിയ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനു കീഴിലുള്ള ആദ്യ പരമ്പര കൂടിയാണിത്.

ഇന്ത്യയുടെ ടി20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ശ്ദീപ് സിങ്, ഖലീല്‍ അഹ്‌മദ്, മുഹമ്മദ് സിറാജ്.

ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ശ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹ്‌മദ്, ഹര്‍ഷിത് റാണ.

Summary: India vs Sri Lanka squad announcement LIVE updates: Suryakumar Yadav to lead in T20Is, Shubman Gill named Vice-Captain

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News