ഇന്ത്യയെ വട്ടം കറക്കി ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട്; ആസ്‌ട്രേലിയയ്ക്ക് കൂറ്റൻ സ്‌കോർ, ഓൾഔട്ട്‌

കങ്കാരുക്കൾ കീഴടക്കിയ അഹ്മദാബാദ് പിച്ചിൽ ആറു വിക്കറ്റ് കൊയ്ത് രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ രക്ഷകനായത്

Update: 2023-03-10 11:00 GMT
Editor : Shaheer | By : Web Desk
Advertising

അഹ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഇന്ത്യയ്ക്ക് നിർണായകയമായ അവസാന ടെസ്റ്റിൽ ആസ്‌ട്രേലിയയ്ക്ക് കൂറ്റൻ സ്‌കോർ. ഓപണർ ഉസ്മാൻ ഖവാജയും ഓൾറൗണ്ടർ കാമറോൺ ഗ്രീനും ചേർന്ന് ഇന്ത്യൻ ബൗളർമാരെ വട്ടംകറക്കുകയായിരുന്നു അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ചത്ത പിച്ചിൽ. കങ്കാരുക്കൾ മേധാവിത്വം പുലർത്തിയ പിച്ചിൽ ആറു വിക്കറ്റ് കൊയ്ത് രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ രക്ഷകനായത്.

ഇരട്ട സെഞ്ച്വറിയുടെ 20 റൺസകലെയാണ് ഖവാജ വീണത്. ഗ്രീൻ(114) ഗിയർ മാറ്റി ഇന്നിങ്‌സ് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെയും വീണു. ഒടുവിൽ ഒൻപതാം വിക്കറ്റിൽ നേഥൻ ലയണും ടോഡ് മർഫിയും ചേർന്ന് നടത്തിയ ഏകദിന ശൈലിയിലുള്ള ബാറ്റിങ്ങാണ് സന്ദർശകരെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.

നാലിന് 255 എന്ന നിലയിൽ കളി പുനരാരംഭിച്ച ആസ്‌ട്രേലിയയെ ആദ്യ മണിക്കൂറിനുള്ളിൽ കൂടാരംകയറ്റാമെന്ന ഇന്ത്യൻ മോഹങ്ങൾ ഖവാജയും ഗ്രീനും ചേർന്ന് തല്ലിത്തകർക്കുന്ന കാഴ്ചയാണ് ഇന്ന് മൊട്ടേരയിൽ കണ്ടത്. ഉച്ചയ്ക്ക് ലഞ്ചിനു പിരിയുമ്പോഴും ഇരുവരുടെയും കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യൻ ബൗളർമാർ തലങ്ങും വിലങ്ങും ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയ്ക്ക് ആശ്വാസ ബ്രേക്ത്രൂ സമ്മാനിച്ചത്.

ഖവാജ-ഗ്രീൻ കൂട്ടുകെട്ട് 200ഉം കടന്ന് മുന്നേറവേയാണ് അശ്വിന്റെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച് ഗ്രീൻ വീണത്. ഗ്രീനിന്റെ ഗ്ലൗവിൽ ടച്ച് ചെയ്ത് പോയ പന്ത് മികച്ച നീക്കത്തിലൂടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എസ് ഭരത് കൈപിടിയിലൊതുക്കി. അഞ്ചാം വിക്കറ്റിൽ നിർണായകമായ 208 റൺസ് ചേർത്താണ് ഇരുവരും പിരിഞ്ഞത്. 170 പന്തിൽ 18 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് താരം 114 റൺസെടുത്തത്.

പിന്നാലെ വന്ന അലെക്‌സ് ക്യാരിയും മിച്ചൽ സ്റ്റാർക്കും വന്ന വഴിക്കു തന്നെ മടങ്ങി. പിന്നീട് ലയോണിനെ ഒരറ്റത്ത് നിർത്തിയായി ഖവാജയുടെ പോരാട്ടം. എന്നാൽ, ഇരട്ട സെഞ്ച്വറിയിലേക്കു കുതിച്ച താരത്തിന്റെ പോരാട്ടം അക്‌സർ പട്ടേൽ തകർത്തു. വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്താകുമ്പോൾ 422 പന്ത് നേരിട്ടാണ് ഖവാജ 180 റൺസെടുത്തിരുന്നത്. 21 ബൗണ്ടറി ഇന്നിങ്‌സിനു മിഴിവേകി.

പിന്നീടായിരുന്നു മർഫിയുടെ കൗണ്ടർ അറ്റാക്ക്. അർധസെഞ്ച്വറിക്ക് തൊട്ടരികെ 41 റൺസുമായി ആദ്യം മർഫിയെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കി. 61 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം 41 റൺസെടുത്താണ് താരം പുറത്തായത്. ആറ് ബൗണ്ടറിയുമായി 34 റൺസെടുത്തുനിന്ന ലയണിനെയും പിടികൂടി അശ്വിൻ വൻ ആഘാതം ഒഴിവാക്കി.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ അശ്വിൻ തന്നെയാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. മറ്റുള്ളവരെല്ലാം വിക്കറ്റ് കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ ആറു വിക്കറ്റ് കൊയ്തായിരുന്നു അശ്വിന്റെ വിളയാട്ടം. വൻ ബാധ്യതയായി മാറിയ ഗ്രീൻ-ഖവാജ കൂട്ടുകെട്ട് ആദ്യം പൊളിച്ചു. വാലറ്റത്തിൽ മർഫി-ലയോൺ പോരാട്ടവും അവസാനിപ്പിച്ച് താരം ഇന്ത്യയുടെ രക്ഷകനായി. മുഹമ്മദ് ഷമിക്ക് രണ്ടും രവീന്ദ്ര ജഡേജയ്ക്കും അക്‌സറിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: Indian vs Australia 4th test live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News