'കണ്ണു നിറഞ്ഞുപോയി; അൽപനേരം ഡഗ്ഗൗട്ടിൽ തന്നെ നിന്ന ശേഷമാണ് ബോധം വന്നത്'; മനസ് തുറന്ന് ധോണി
'റായുഡു ടീമിലുണ്ടെങ്കിൽ ഞങ്ങൾക്ക് ഫെയർപ്ലേ അവാർഡ് ലഭിക്കില്ല. എന്നെപ്പോലെ അധികം ഫോൺ ഉപയോഗിക്കാത്തയാളാണ്.'
അഹ്മദാബാദ്: ചെന്നൈ ആരാധകരുടെ സ്‌നേഹവായ്പ്പിനെക്കുറിച്ച് മനസ് തുറന്ന് നായകൻ എം.എസ് ധോണി. അളവറ്റ സ്‌നേഹവും വികാരവായ്പുമാണ് ആരാധകരിൽനിന്ന് തനിക്കു ലഭിക്കുന്നതെന്ന് ധോണി പറഞ്ഞു. ഒരുവേള കണ്ണിൽ വെള്ളം നിറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.
കരിയറിന്റെ അവസാന നിമിഷങ്ങളാണെന്നതു കൊണ്ടുതന്നെ വികാരഭരിതനാകുന്നത് സ്വാഭാവികമാണ്. ഇത് ഇവിടെത്തന്നെയാണ്(അഹ്മദാബാദ് സ്‌റ്റേഡിയം) തുടങ്ങിയത്. ഇവിടെ നടന്ന ആദ്യ മത്സരത്തിൽ ഞാൻ വെറുതെ പുറത്തിറങ്ങിയപ്പോൾ ഗാലറി ഒന്നാകെ എന്റെ പേര് വിളിച്ച് അലറുകയായിരുന്നു. കണ്ണുനിറഞ്ഞുപോയി ആ സമയം. ഡഗ്ഗൗട്ടിൽ അൽപനേരം സ്തബ്ധനായി നിന്നു. കുറച്ചു കഴിഞ്ഞാണ് യാഥാർത്ഥ്യബോധത്തിലേക്കെത്തുന്നത്. ഈ നിമിഷം ആസ്വദിക്കേണ്ടതാണെന്ന തിരിച്ചറിവിലേക്കെത്തുന്നത്. ഇതുതന്നെയായിരുന്നു ചെന്നൈയിലെയും സ്ഥിതി. അവിടെ നടന്ന അവസാന മത്സരത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്-ഫൈനലിനുശേഷം ധോണി കമന്റേറ്റർ ഹർഷ ഭോഗ്ലെയോട് പ്രതികരിച്ചു.
'എന്റെ വ്യക്തിത്വത്തോടുള്ള സ്‌നേഹമാണിതെന്നാണ് ഞാൻ കരുതുന്നത്. ഞാൻ കളിക്കുന്ന ശൈലിയിലുള്ള ക്രിക്കറ്റ് അവർക്കും കളിക്കാനാകുമെന്നാണ് അവർ കരുതുന്നത്. അതിൽ യാഥാസ്ഥിതികമായ ഒന്നുമില്ല. അതുകൊണ്ടാണ് അവർക്ക് മറ്റാരെക്കാളും എന്നോട് റിലേറ്റ് ചെയ്യാനാകുന്നത്. പക്ഷെ, എന്റെ രീതിയിൽ മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ യഥാർത്ഥ സ്വഭാവത്തിലല്ലാതെ എന്ന ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'
സാഹചര്യം നോക്കിയാൽ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. എവിടെ പോകുമ്പോഴും വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ഇപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞ് വിരമിക്കുന്നതാണ് ഏറ്റവും എളുപ്പം. എന്നാൽ, ഇനിയും ഒൻപത് മാസം കഠിനാധ്വാനം ചെയ്ത് ഒരു സീസൺ കൂടി കളിക്കുക ദുഷ്‌കരമാണ്. ഏറെയും എന്റെ ശരീരത്തെ ആശ്രയിച്ചിരിക്കുമത്. തീരുമാനമെടുക്കാൻ ആറേഴു മാസം കൂടി കൈയിലുണ്ട്-ധോണി വ്യക്തമാക്കി.
സി.എസ്.കെ ആരാധകരിൽനിന്ന് ലഭിക്കുന്ന ഈ അളവറ്റ സ്നേഹത്തിന് ഒരു സീസൺ കൂടി കളിച്ച് പകരംവീട്ടുന്നതാകും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്രയെളുപ്പമുള്ള കാര്യമല്ലെങ്കിലും എന്റെ ഭാഗത്തുനിന്നുള്ള പാരിതോഷികമാണത്. അവർ കാണിച്ച സ്നേഹത്തിനും വികാരവായ്പിനുമെല്ലാം എന്തെങ്കിലുമൊക്കെ പകരം നൽകേണ്ടതുണ്ട്.
'ഇന്നത്തെ കളിയിലും ഒരുപാട് പോരായ്മകളുണ്ടായി. ബൗളർമാക്ക് പിഴച്ചപ്പോൾ ബാറ്റർമാരാണ് ഇന്ന് സമ്മർദം ഏറ്റെടുത്തത്. ഓരോ താരങ്ങൾക്കും ഓരോ റോളുകൾ നൽകുന്നുണ്ട്. രഹാനയെപ്പോലുള്ളവരോട് അധികം പറയേണ്ട കാര്യമില്ല. പരിചയസമ്പന്നനായ താരമാണ്. വേറെയും അനുഭവസമ്പത്തുള്ള താരങ്ങളുണ്ട്. അവർ അവരുടെ ഉത്തരവാദിത്തം ഏറ്റെടുത്താൽ മതി. അതവർ കൃത്യമായി നിർവഹിക്കുകയും ചെയ്തു.'
ഫൈനലോടെ ഐ.പി.എല്ലിൽനിന്നു വിരമിച്ച അംബാട്ടി റായുഡിവുനെക്കുറിച്ചും ധോണി സംസാരിച്ചു. 'ഗ്രൗണ്ടിലുണ്ടെങ്കിൽ നൂറുശതമാനവും കളിയിൽ സമർപ്പിക്കുന്ന താരമാണെന്നതാണ് റായുഡുവിന്റെ പ്രത്യേകത. മറ്റൊരു കാര്യം റായുഡു ടീമിലുണ്ടെങ്കിൽ ഞങ്ങൾക്ക് ഫെയർപ്ലേ അവാർഡ് ലഭിക്കില്ല. പെട്ടെന്ന് പ്രതികരിക്കുന്നയാളാണ് അവൻ. കിടിലൻ ക്രിക്കറ്ററാണ്. ഞങ്ങൾ ഒപ്പം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള താരമാണ്. ഈ മത്സരത്തിൽ എന്തെങ്കിലും പ്രത്യേകമായി അവൻ ചെയ്യുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഏറെ സന്തോഷമുണ്ട്. റായുഡു ഏറെക്കാലം ഓർത്തിരിക്കാൻ സാധ്യതയുള്ള ഒരു മത്സരമായിരിക്കുമിതെന്നാണ് ഞാൻ കരുതുന്നത്. എന്നെപ്പോലെ അധികം ഫോൺ ഉപയോഗിക്കാത്തയാളാണ് റായുഡു.'-ധോണി കൂട്ടിച്ചേർത്തു.
Summary: ‘My eyes were filled with water…’: Dhoni reveals he cried in dugout during CSK's IPL 2023 opener vs GT in Ahmedabad