'നിയന്ത്രണം വിട്ടുപോയത് ആദ്യമായല്ല...' ഉള്ളില്‍ ചങ്ങലക്കിട്ട കലിപ്പനെക്കുറിച്ച് ദ്രാവിഡ്

മുംബൈക്കെതിരെ 2014ല്‍ നടന്ന മത്സരത്തിനിടെയാണ് ടീമിന്‍റെ പ്രകടനത്തില്‍ അസംതൃപ്തനായി ദ്രാവിഡ് തൊപ്പി വലിച്ചൂരി എറിയുന്ന സംഭവം ഉണ്ടായത്...

Update: 2021-10-16 02:29 GMT
Advertising

മാന്യന്മാരുടെ കളിയിലെ ഏറ്റവും മാന്യന്‍... ക്രിക്കറ്റ് ജെന്‍റില്‍മാന്‍സ് ഗെയിം ആണെങ്കില്‍ അതില്‍ മാന്യതയുടെ അമരക്കാരന്‍ ആരെന്നതിന് എതിരഭിപ്രായം ഉണ്ടാകില്ല. ആ സിംഹാസനം എന്നും രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വന്‍മതിലിന്‍റെ പേരിനൊപ്പം തര്‍ക്കമില്ലാതെ ആരാധകര്‍ ചേര്‍ത്തുവെച്ചതാണ്. 

കളിക്കളത്തില്‍ രാഹുല്‍ ദ്രാവിഡ് സമചിത്തത കൈവിട്ട നിമിഷങ്ങള്‍ വളരെ കുറവായിരിക്കും. കുത്തിത്തിരിയുന്ന പന്തുകളെയും എതിര്‍ടീമിന്‍റെ പ്രകോപനങ്ങളെയുമെല്ലാം അക്ഷോഭ്യനായി നിന്ന് പ്രതിരോധിച്ച് ബൌണ്ടറി കടത്തുന്ന ദ്രാവിഡിന്‍റ സമനില തെറ്റിയ അവസരങ്ങളും കളിക്കളത്തിലുണ്ടായിട്ടുണ്ട്. അങ്ങനെ നിയന്ത്രണം വിട്ട് പെരുമാറിയ മത്സരത്തിനെപ്പറ്റി ദ്രാവിഡ് ഇപ്പോള്‍ ഓര്‍ത്തെടുത്തതാണ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്.

സംഭവം ഇങ്ങനെ...

2014 ലെ ഇന്ത്യൻപ്രീമിയർ ലീഗിലായിരുന്നു ആരാധകരെയടക്കം ഞെട്ടിച്ച ‌സംഭവം. അന്ന് മുംബൈ ഇന്ത്യൻസിനോട് അപ്രതീക്ഷിത തോൽവിയേറ്റ് രാജസ്ഥാൻ പ്ലേ ഓഫിലെത്താതെ പുറത്തായതായതായിരുന്നു ദ്രാവിഡിനെ പ്രകോപിപ്പിച്ചത്. രാജസ്ഥാന്‍ മെന്‍ററായിരുന്ന ദ്രാവിഡ് ഡഗ്ഔട്ടില്‍ തൊപ്പി വലിച്ചൂരിയെറിഞ്ഞാണ് ടീം തോറ്റതില്‍ അന്ന് അരിശം തീര്‍ത്തത്.  മുംബൈ ഇന്ത്യൻസും, രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന‌ പോരാട്ടത്തിൽ രാജസ്ഥാൻ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 14 ഓവറിൽ മറികടന്നാലേ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലെത്താൻ കഴിയുമായിരുന്നുള്ളൂ. എല്ലാവരും അസാധ്യമെന്ന് കരുതിയ ടാര്‍ഗറ്റ് പക്ഷേ മുംബൈ ഇന്ത്യൻസ് നിസാരമായി അടിച്ചെടുത്തു. ജയിച്ചാല്‍ പ്ലേ ഓഫിലെത്താമായിരുന്ന രാജസ്ഥാന്‍ പക്ഷേ തോറ്റമ്പി.

14.3 ഓവറില്‍ 190 റണ്‍സ് എന്ന ഹിമാലയന്‍ ലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് പാട്ടും പാടി അടിച്ചെടുത്തത്. അവസാനത്തെ സിക്‌സറാകട്ടെ ആദിത്യ താരെയുടെ ലെഗ് സ്റ്റംപിന് പുറത്ത് ഒരു ലൂസ് ഫുള്‍ടോസ് ബോളിലായിരുന്നു. ആ ഓവറില്‍ നാല് പന്തില്‍ നിന്ന് മാത്രം 14 റണ്‍സായിരുന്നു ജയിംസ് ഫോക്‌നര്‍ വിട്ടുകൊടുത്തത്. അതില്‍ രണ്ടെണ്ണം ഫുള്‍ടോസ് പന്തുകളുമായിരുന്നു.

ആ കലിപ്പന്‍ ദ്രാവിഡിനെക്കുറിച്ച് ദ്രാവിഡ് തന്നെ പറയുന്നു...

മുംബൈക്കെതിരായ മത്സരത്തില്‍ നടന്ന സംഭവം ആദ്യമല്ലെന്നാണ് ദ്രാവിഡ് പറയുന്നത്.  'വികാരങ്ങള്‍ എപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കാറുള്ള വ്യക്തിയാണ് ഞാന്‍. അങ്ങനെ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടവും. എന്നാല്‍ അന്ന് ഐ.പി.എല്‍ മത്സരത്തിനിടെ നടന്ന സംഭവം എന്‍റെ നിന്ത്രണങ്ങള്‍ക്കപ്പുറമായിരുന്നു. കളിക്കളത്തിലും പുറത്തും അഭിമാനിക്കാവുന്ന സംഭവമേയല്ല അന്ന് നടന്നത്.

ഇത്തരത്തില്‍ മുമ്പും എന്‍റെ നിയന്ത്രണങ്ങള്‍ വിട്ടുപോയ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കാണുന്നത് ഇതാണെന്ന് മാത്രം. ക്രിക്കറ്റ് പോലൊരു കായിക ഇനത്തില്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളിലൂടെയാണ് താരങ്ങള്‍ കടന്നുപോവുക. ഒരുപാട് പേരുടെ പ്രതീക്ഷകളുമായാണ് നാം കളത്തിലിറങ്ങുക. എല്ലാ കണ്ണുകളും നമ്മളിലായിരിക്കും. പുറത്തുനിന്നുള്ള ഇത്തരം ഘടകങ്ങളെയെല്ലാം അതിജീവിച്ചാല്‍ മാത്രമേ നല്ല  ഇന്നിംഗ്‌സ് കളിക്കാനാകൂ... എന്നാല്‍ ചിലപ്പോള്‍ അതിന് സാധിക്കാതെ വരു. അങ്ങനെയുള്ളപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്.' ദ്രാവിഡ് വ്യക്തമാക്കി.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News