പിടിച്ച പിടിയാലെ ബി.സി.സി.ഐ; ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി 'ദ്രാവിഡ യുഗം'
ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫർ ദ്രാവിഡ് മുമ്പ് പലതവണ നിരസിച്ചതാണ്. രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുന്ന ഘട്ടമായപ്പോഴും അടുത്ത പരിശീലകനായി ദ്രാവിഡ് വരണമെന്നായിരുന്നു പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യം.
അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമം. ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക് 'വന്‍മതില്‍' എത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായി ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ അവസാനമായത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുല്‍ ദ്രാവിഡ് എന്‍.സി.എയില്‍ നിന്ന് ഉടന്‍ സ്ഥാനമൊഴിയും.
ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫർ ദ്രാവിഡ് മുമ്പ് പലതവണ നിരസിച്ചതാണ്. രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുന്ന ഘട്ടമായപ്പോഴും അടുത്ത പരിശീലകനായി ദ്രാവിഡ് വരണമെന്നായിരുന്നു പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യം. ഇതു പരിഗണിച്ച് ബി.സി.സി.ഐ ദ്രാവിഡിനെ വീണ്ടും വീണ്ടും സമീപിക്കുകയായിരുന്നു. അപ്പോഴും ഓഫര്‍ സ്നേഹത്തോടെ നിരസിക്കുന്നുവെന്നായിരുന്നു ദ്രാവിഡിന്‍റെ മറുപടി.
ഇന്ത്യയുടെ ജൂനിയര്‍ ക്രിക്കറ്റ് ടീമിനായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നായിരുന്നു ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നത്. പക്ഷേ ബിസിസിഐ രാഹുല്‍ ദ്രാവിഡ് എന്ന ദ്രോണാചാര്യരെ വിടാന്‍ തയ്യാറായിരുന്നില്ല.
ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആന്‍റി ക്ലൈമാക്സ് സംഭവിച്ചത്. ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം മൂളിയ കാര്യം ബി.സി.സി.ഐ പ്രതിനിധിയാണ് ടൈംസ് ഓഫ് ഇന്ത്യയോട് അറിയിച്ചത്. ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ട്വന്‍റി 20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്‍റെ പരിശീല സ്ഥാനം ഒഴിയും. 2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡ് പരിശീലകന്‍റെ കുപ്പായത്തില്‍ ഇറങ്ങുക. രണ്ട് വര്‍ഷത്തെ കരാര്‍ ആകും ബി.സി.സി.ഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും. ഇന്ത്യയുടെ പുതിയ ബൗളിങ് കോച്ചായി പരസ് മാംബ്രെയും എത്തും. രവി ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭാരത് അരുണിന്‍റെ കരാറും അവസാനിക്കുന്ന ഘട്ടത്തിലാണ് പുതിയ ബൌളിങ് കോച്ചും ടീമിലെത്തുന്നത്
നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും ദ്രാവിഡുണ്ടായിരുന്നു.
യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ ഇന്ന് വിലയിരുത്തുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കുകയായിരുന്നു ദ്രാവിഡ്. ഈ കാലയളവില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മല്‍സരങ്ങളാണ് ഓരോ കലണ്ടര്‍ വര്‍ഷവും പൂര്‍ത്തിയാക്കിയത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് ആയാണ് രാഹുല്‍ ദ്രാവിഡ് ചുമതല നോക്കുന്നത്. 2019ല്‍ ആണ് ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുന്നത്. ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് ദ്രാവിഡ് വന്നതിന് പിന്നാലെ എന്‍.സി.എയിലേക്കുള്ള ഫണ്ടിങ്ങും ജൂനിയര്‍ ക്രിക്കറ്റ് ടീമിനായുള്ള പര്യടന പരിപാടികളും ബി.സി.സിഐ വര്‍ധിപ്പിച്ചു.