മഴ നീങ്ങി, മാനം വെളുത്തു; ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും

ടോസ് നേടിയ ഗുജറാത്ത് നായകൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

Update: 2023-05-21 14:42 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ഉച്ച മുതൽ തുള്ളിക്കൊരു കുടം കണയ്‌ക്കെ പെയ്ത മഴയിൽ കുത്തിയൊലിച്ചുപോകാനിരുന്ന ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ. മഴയൊഴിഞ്ഞ അന്തരീക്ഷത്തിൽ ടോസിട്ടപ്പോൾ ഭാഗ്യം ചാംപ്യൻ ടീമായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം. ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുത്തു.

സർവാധിപത്യത്തോടെ പ്ലേഓഫിൽ ആദ്യം ഇരിപ്പിടമുറപ്പിച്ച ഗുജറാത്തിന് ഇന്ന് നഷ്ടപ്പെടാനൊന്നുമില്ല. എന്നാൽ, ബാംഗ്ലൂരിനിത് ജീവന്മരണ പോരാട്ടം. ജയിച്ചാൽ പ്ലേഓഫിലേക്ക്, തോറ്റാൽ പുറത്ത്. ഉച്ചയ്ക്ക് വാങ്കെഡെയിൽ നടന്ന മത്സരത്തിൽ മുംബൈ ഹൈദരാബാദിനെ തകർത്തതോടെ ബാംഗ്ലൂരിനും ജയം അനിവാര്യമായിരിക്കുകയാണ്.

അപ്രസക്തമായ മത്സരമാണെങ്കിലും ടീമിൽ ഒരു മാറ്റവുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. നിർണായക മത്സരത്തിൽ കൂടുതൽ പരീക്ഷണത്തിനൊന്നും ബാംഗ്ലൂരില്ല. കരൺ ശർമയ്ക്കു പകരം ഹിമാൻഷു ശർമ എത്തുന്നതു മാത്രമാണ് ആതിഥേയസംഘത്തിലെ ഏക മാറ്റം.

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്കു രണ്ടു മണിയോടെ ആരംഭിച്ച മഴ നഗരത്തിൽ ഏറെനേരം തകർത്തുപെയ്തു. വൈകീട്ട് ആറു മണിയോടെ മഴ അൽപം ശമിച്ചു. അപ്പോഴും ചാറ്റല്‍മഴ തുടര്‍ന്നതോടെ ടോസ് സെഷന്‍ വൈകി. തുടര്‍ന്ന് 7.45ഒാടെയാണ് ടോസിട്ടത്. ഇരുടീമുകളുടെയും താരങ്ങള്‍ പരിശീലനത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്.

Summary: RCB vs GT Live Updates, IPL 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News