'മാന്യന്മാരുടെ കളിയിലെ മാന്യൻ' രോഹിതിൻറെ സ്‌പോർട്‌സ്മാൻഷിപ്പിന് കൈയ്യടിയുമായി സോഷ്യൽ മീഡിയ

കളിക്കളത്തിലെ ശരിയായ സ്പിരിറ്റ് ഉൾക്കൊണ്ട്, ഉറപ്പായിരുന്ന ഒരു വിക്കറ്റ് വേണ്ടെന്നുവെച്ച രോഹിതിൻറെ തീരുമാനത്തിനെ സോഷ്യൽ മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

Update: 2022-08-30 12:59 GMT
Advertising

കളിക്കളത്തിലെ പ്രകടനത്തിന് പുറമേ പെരുമാറ്റം കൊണ്ടും കൈയ്യടി നേടുന്ന താരങ്ങള്‍ എല്ലാ കായിക ഇനങ്ങളിലുമുണ്ട്. ഐ.പി.എല്ലില്‍ ഇന്നലെ പഞ്ചാബ് മുംബൈ മത്സരത്തില്‍ നടന്ന 'മാന്യന്മാരുടെ കളി'യിലെ മാന്യതക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. താരമായത് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും... കളിക്കളത്തിലെ ശരിയായ സ്പിരിറ്റ് ഉള്‍ക്കൊണ്ട്, ഉറപ്പായിരുന്ന ഒരു വിക്കറ്റ് വേണ്ടെന്നുവെച്ച രോഹിതിന്‍റെ തീരുമാനത്തിനെ സോഷ്യല്‍ മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്. 


സംഭവം ഇങ്ങനെ...

ഇന്നലെ നടന്ന പഞ്ചാബ്​ കിങ്​സ്​-മുംബൈ ഇന്ത്യൻസ്​ മത്സരത്തിനിടെയാണ്​ സംഭവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന്‍റെ സ്കോര്‍ ഒരു വിക്കറ്റിന് 38 ല്‍ എത്തിനില്‍ക്കുന്നു. പന്തെറിയുന്നത് ക്രൂനാല്‍ പാണ്ഡ്യ, ക്രീസിലുള്ളത്​ സാക്ഷാൽ ക്രിസ്​ ഗെയിൽ. പാണ്ഡ്യയുടെ പന്തില്‍ ഗെയിലിന്‍റെ ഷോട്ട്. ബോള്‍ നേരെ ചെന്നുകൊണ്ടത്​ കെ.എൽ രാഹുലിന്‍റെ ദേഹത്ത്. നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലുള്ള രാഹുലിന്‍റെ ബാലന്‍സ് തെറ്റി താരം ക്രീസിന്‍റെ പുറത്തേക്ക് വീണു. പന്ത് കിട്ടിയ ക്രൂനാല്‍ ഞൊടിയിടയില്‍ രാഹുലിന്‍റെ എന്‍ഡിലെ സ്റ്റമ്പിളക്കി, വിക്കറ്റെന്ന് ഉറപ്പ്... 

പെട്ടെന്നുണ്ടായ ഷോക്കില്‍ രാഹുൽ അന്ധാളിച്ചു നിൽക്കുന്നു. ക്രൂനാല്‍ അപ്പീല്‍ ചെയ്തതിനെത്തുടര്‍ന്ന് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. എന്നാല്‍ കൃത്യസമയത്ത് ടീം ക്യാപ്റ്റന്‍ രോഹിതിന്‍റെ ഇടപെടലെത്തി. ഔട്ട് വേണ്ടെന്ന്​ അമ്പയറോട് രോഹിത് ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍റെ തീരുമാനം ക്രൂനാലും അംഗീകരിച്ചു. രോഹിതിന്‍റെ സ്പോർട്സ്മാന്‍ സ്പിരിറ്റിന് കൈകൊണ്ട് തമ്പ്സ് അപ്  കൊടുത്താണ് രാഹുല്‍ സന്തോഷം പ്രകടിപ്പിച്ചത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തിലായിരുന്നു ഉറപ്പായ ഒരു വിക്കറ്റ് കളിയുടെ സ്പിരിറ്റിനെ തടസപ്പെടുത്താതിരിക്കാന്‍ രോഹിത് ഉപേക്ഷിച്ചത്. രോഹിതിന്‍റെ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകരും സോഷ്യല്‍ മീഡിയയും സ്വീകരിച്ചത്.




മത്സരത്തില്‍ പഞ്ചാബ് ഉയർത്തിയ 136 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19-ാം ഓവറിൽ ലക്ഷ്യം കണ്ടു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. പതിനൊന്ന് കളികളില്‍ എട്ട് പോയിന്‍റുമായി പഞ്ചാബ് ആറാം സ്ഥാനത്താണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News