മുൻപും പലരും ചെയ്തിട്ടും ഐ.സി.സി തടഞ്ഞില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു-ഉസ്മാൻ ഖവാജ

ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ചുള്ള ഷൂ ധരിക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു

Update: 2023-12-14 13:35 GMT
Editor : Shaheer | By : Web Desk
Advertising

പെർത്ത്: ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ. മുൻപ് ചില താരങ്ങളുടെ ഭാഗത്തുനിന്ന് ഇതുപോലുള്ള നടപടികളുണ്ടായിട്ടും ഐ.സി.സി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ തനിക്കെതിരായ നടപടി അന്യായമാണെന്നും താരം വ്യക്തമാക്കി. 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്', 'എല്ലാ ജീവിതവും തുല്യമാണ്' തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ഷൂ ധരിച്ച് കളത്തിലിറങ്ങാനുള്ള നീക്കം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തടഞ്ഞിരുന്നു.

പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുമുന്നോടിയായാണു വിവാദങ്ങൾക്കു തുടക്കമായത്. ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ചുള്ള സന്ദേശങ്ങളടങ്ങിയ ഷൂ ധരിച്ച് കളിക്കാൻ താരം നേരത്തെ താൽപര്യമറിയിച്ചിരുന്നു. എന്നാൽ, ഐ.സി.സി ഇടപെട്ട് ഇതു തടയുകയായിരുന്നു. രാഷ്ട്രീയ, മത, വംശീയ ഉള്ളടക്കങ്ങൾ കളിക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഐ.സി.സി ചട്ടമുണ്ടെന്നു കാണിച്ചാണു നടപടി.

എന്നാൽ, നടപടിയോട് പ്രതിഷേധമെന്നോണം നഗ്നപാദനായാണ് ഇന്നു മത്സരത്തിനുമുൻപ് ഖവാജ '7ക്രിക്കറ്റ്' എന്ന ചാനലിന് അഭിമുഖം നൽകിയത്. താൻ മുതിർന്നയാളാണെന്നും ഇഷ്ടമുള്ളത് ചെയ്യാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. എന്നൽ, ഐ.സി.സി അതിനു പിഴയും ചുമത്തും. ചിലപ്പോൾ അത് കളിയിൽനിന്നു ശ്രദ്ധതിരിക്കുകയും ചെയ്യുമെന്നും താരം ചൂണ്ടിക്കാട്ടി.

അതേസമയം, പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ഖവാജ വ്യക്തമാക്കി. എക്കാലവും അതേ നിലപാടായിരിക്കും. എന്നാൽ, അതോടൊപ്പം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മുൻപ് ചിലതൊക്കെ ഐ.സി.സി അനുവദിച്ചിട്ടുണ്ട്. ചില കളിക്കാർ ഇങ്ങനെ പലതും ചെയ്തിട്ടും ഐ.സി.സി തടഞ്ഞിട്ടില്ല. അതുകൊണ്ട് ഈ സമയത്ത് അവർ എനിക്കെതിരെ വന്നത് അന്യായമായാണു തോന്നുന്നതെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേർത്തു.

ഐ.സി.സി വിലക്കിനെ തുടർന്ന് കറുത്ത ആംബാൻഡ് ധരിച്ചാണ് ഇന്ന് ഖവാജ മത്സരത്തിനിറങ്ങിയത്. ഇന്ന് ടോസ് സെഷനുമുൻപ് വിവാദത്തിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വിശദീകരണം നൽകിയിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള താരങ്ങളുടെ അവകാശത്തെ ടീം പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, ചില സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഐ.സി.സിയുടെ വിലക്കുണ്ട്. അതിനാൽ ഖവാജ 'വിവാദ' ഷൂ ധരിക്കില്ലെന്നും കമ്മിൻസ് അറിയിച്ചു.

പെർത്തിൽ നടക്കന്ന മത്സരത്തിന്റെ ആദ്യ ദിവസം സ്റ്റംപ് എടുക്കുമ്പോൾ ആസ്‌ട്രേലിയ അഞ്ചിന് 346 എന്ന നിലയിലാണ്. ഒരുവശത്ത് ബാറ്റർമാരെല്ലാം ഇടവേളകളിൽ കൂടാരം കയറിയപ്പോൾ അസാമാന്യമായി ബാറ്റ് വീശിയ വാർണറാണ് ആതിഥേയരെ രക്ഷിച്ചത്.

211 നേരിട്ട് നാല് സിക്‌സറും 16 ഫോറും സഹിതം 164 റൺസാണ് താരം അടിച്ചെടുത്തത്. ഖവാജ(41), ട്രാവിസ് ഹെഡ്(40) എന്നിവരാണ് പാക് ബൗളിങ് മികവിൽ അൽപമെങ്കിലും പിടിച്ചുനിന്ന മറ്റ് ബാറ്റർമാർ.

Summary: 'I stand by what I said, Find it a bit unfair' - Usman Khawaja in 'barefoot' interview after his Pro-Palestine shoes controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News