താമരശ്ശേരിയിൽ വീടുകയറി ആക്രമണം; ഭിന്നശേഷിക്കാരിക്കും വിദ്യാര്‍ത്ഥിക്കും ക്രൂരമർദനം

ആക്രമണം നടത്തിയത് എസ്.എഫ്‌.ഐ സംഘമെന്ന് പരാതി

Update: 2022-12-27 02:04 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ വീടുകയറി ആക്രമണം. ഭിന്നശേഷിക്കാരിയായ വിദ്യാർഥിയെയും അക്രമിസംഘം മർദിച്ചതായി പരാതി. 75 ശതമാനം ചലനശേഷിയില്ലാത്ത പെൺകുട്ടിയെ വീൽചെയറിൽനിന്ന് തള്ളി താഴെയിട്ടെന്നാണ് ആക്ഷേപം. പിന്നിൽ, എസ്.എഫ്.ഐ ആണെന്നും ആരോപണമുണ്ട്.

കോഴിക്കോട് താമരശ്ശേരി പൂലോട്ടിൽ ഒരാഴ്ച മുൻപാണ് സംഭവം. സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന പ്ലസ്ടു വിദ്യാർത്ഥിനി അടക്കമുള്ളവരെയാണ് കഴിഞ്ഞ 21ന് രാത്രി വീട്ടിൽകയറി ആക്രമിച്ചത്. എസ്.എഫ്.ഐ വനിതാ നേതാവിനെ മർദിച്ചെന്ന കേസിൽ കുറ്റാരോപിതനായ മുഹമ്മദ് റുവൈഫിനെ തേടിയാണ് സംഘം എത്തിയതെന്നാണ് അറിയുന്നത്.

മേപ്പാടി പോളിടെക്‌നിക് കോളജിലെ രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു വീടുകയറിയുള്ള അതിക്രമം. എസ്.എഫ്.ഐ നിർദേശപ്രകാരമെത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോളിടെക്‌നിക് മൂന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് റുവൈഫ് പറയുന്നു. മകനെ അക്രമിസംഘം ക്രൂരമായി മര്‍ദിച്ചതായി മാതാവ് പറഞ്ഞു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ റുവൈഫ് ബോധരഹിതനാകുകയും ചെയ്തു. നാട്ടുകാര്‍ ഒാടിയത്തിയതിനു പിന്നാലെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു. 

കേസിൽ രണ്ടുപേർ റിമാൻഡിലാണ്. മറ്റുള്ളവർക്കുവേണ്ടി അന്വേഷണം തുടരുകയാണെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. എന്നാൽ, അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

Summary: Miscreants attacked a house and beaten up a differently-abled student in Poolode, Tamarassery, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News