ബി.ജെ.പി നേതാവ് സൊണാലിയുടെ ശരീരത്തിൽ ഗുരുതര മുറിവുകൾ; പി.എക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്

നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ട് ചൊവ്വാഴ്ച ഗോവയിലാണ് മരിച്ചത്

Update: 2022-08-25 13:10 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ടിക് ടോക് താരവും നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് ഇന്ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇതിനു പിന്നാലെ സൊണാലിയുടെ സഹായിക്കും സുഹൃത്തിനുമെതിരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.

സൊണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സഗ്‌വാൻ, സുഹൃത്ത് സുഖ്‌വിന്ദർ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലാണ് ഗോവ പൊലീസിന്റെ നടപടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് നോർത്ത് ഗോവയിലെ അഞ്ജുനയിൽ സൊണാലി മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തിങ്കളാഴ്ച സുധീറിനും സുഖ്‌വിന്ദറിനും ഒപ്പമാണ് ഇവർ ഗോവയിലെത്തിയത്. അഞ്ജുനയിലെ ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സൊണാലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

എന്നാൽ, മരണത്തിനു പിന്നാലെ സഹോദരൻ റിങ്കു ധാക്കയാണ് കൊലപാതകമാണെന്ന സംശയവുമായി അഞ്ജുന പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുടുംബത്തിന്റെ അനുമതിയോടെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക്‌മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരൻ പരാതിയിൽ പറുന്നത്. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായും ഇവർ ആരോപിച്ചു.

ആരാണ് സൊണാലി ഫോഗട്ട്?

ടിക് ടോക്കിലൂടെ പ്രശസ്തയായ നടിയാണ് സൊണാലി ഫോഗട്ട്. 2006ൽ ഹരിയാന ദൂരദർശനിൽ അവതാരകയായാണ് കരിയറിനു തുടക്കം. 2008ലാണ് ബി.ജെ.പിയിലെത്തുന്നത്. അധികം വൈകാതെത്തന്നെ പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതി അംഗവുമായി. പിന്നീട് ബി.ജെ.പി മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി ഹരിയാന ചിത്രങ്ങളിൽ വേഷമിട്ട സൊണാലി വിവിധ ചാനലുകളിൽ അവതാരകയായിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2016ൽ സൊണാലിയുടെ ഭർത്താവ് സഞ്ജയ് ഫോഗട്ടിനെ ഹരിയാനയിലെ ഹിസാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Summary: The Goa Police registered a murder case in the death of BJP leader Sonali Phogat after multiple blunt force injuries were found on her body in post-mortem report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News