ആദ്യ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ; യുവാവ് അറസ്റ്റിൽ
ജൂലൈ 15നാണ് മൊഹ്സിന എന്ന യുവതി വെടിയേറ്റ് കൊല്ലപ്പെട്ടത്
ഉത്തർപ്രദേശിൽ ആദ്യ ഭാര്യയെ കൊലപ്പെടുത്താൻ കൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ യുവാവ് പിടിയില്‍. സംഭവത്തിൽ മുഹമ്മദ് ഫുർഖാൻ എന്നയാൾക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ജൂലൈ 15നാണ് മൊഹ്സിന എന്ന യുവതി വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ ഭർത്താവ് ഫുർഖാൻ മൂന്ന് ലക്ഷം രൂപ നൽകിയാണ് കൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ബന്ധുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആദ്യ ഭാര്യ മൊഹ്സിന ജയിലിലായപ്പോഴാണ് ഫുർഖാൻ രണ്ടാമതും വിവാഹം കഴിക്കുന്നത്. കുറച്ചുനാളുകൾക്ക് ശേഷം ഇപ്പോഴാണ് മുഹ്സിന ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഈ സമയത്താണ് ഭർത്താവ് മറ്റൊരു വിവാഹംകഴിച്ചതായി അറിഞ്ഞത്. ഇതോടെ മൊഹ്സിനയും ഫുർഖാനും തമ്മിൽ തർക്കമായി.
ഫുർഖാന്റെ സ്വത്തിന്റെ ഒരു ഭാഗം നൽകണമെന്നും മൊഹ്സിന ആവശ്യപ്പെട്ടു. ഒരു കൊലപാതകം നടത്തിയിട്ടുള്ള മൊഹ്സിന തന്റെ പുതിയ ഭാര്യയേയും കൊല്ലുമെന്ന് ഭയന്ന ഫുർഖാൻ ഒടുവിൽ കൊട്ടേഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. അറസ്റ്റിലായ ഫുർഖാൻ നിലവിൽ റിമാൻഡിലാണ്.