Editor - ഷിനോജ് ശംസുദ്ദീന്‍
മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.
ഷാർജയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഇടുക്കി സ്വദേശി വിഷ്ണുവിന്റെ മരണം അടിയേറ്റ് അല്ലെന്ന് ഷാർജ പൊലീസിന്റെ വിശദീകരണം. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ കെട്ടിടത്തിൽ നിന്ന് വീണാണ് വിഷ്ണു മരിച്ചത്.
ചൊവ്വാഴ്ചയാണ് അബൂഷഗാറയിലെ താമസസ്ഥലത്ത് ഇടുക്കി കരണാപുരം സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. ആഫ്രിക്കൻ സ്വദേശികളുടെ അടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ എന്നാൽ, വിഷ്ണു സംഘട്ടത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് ഷാർജ പൊലീസ് വ്യക്തമാക്കുന്നത്. ബാർബർഷോപ്പ് ജീവനക്കാരനായ വിഷ്ണുവിന് ചൊവ്വാഴ്ച അവധിയായിരുന്നു. ഈ സമയം ഇതേ കെട്ടിടത്തിലെ താമസക്കാരയ ആഫ്രിക്കൻ സ്വദേശികൾ തമ്മിൽ സംഘട്ടനമുണ്ടായി. ഇതിൽ പെട്ടുപോകാതിരിക്കാൻ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാൽക്കണിവഴി രക്ഷപ്പെടാൻ ശ്രമിക്കവെ താഴെ വീണാണ് 29 വയസുകാരൻ മരിച്ചത്. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു. മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസിൽ ഉൾപ്പെട്ടെ ആഫ്രിക്കൻ സ്വദേശികളിൽ ചിലർ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.