1200 രൂപക്കെടുത്ത മഹാരാജാസുകാരുടെ 'ബാക്കി വന്നവർ' 7-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്
സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം മഹാരാജാസുകാരാണ്
കൊച്ചി: മഹാരാജാസിന്റെ വിദ്യാർത്ഥി കൂട്ടായ്മയിൽ പിറന്ന ചിത്രം 'ബാക്കി വന്നവർ' 7-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 12000 രൂപയാണ് ചിത്രത്തിൻറെ നിർമാണചിലവ്. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി അമൽ പ്രസിയാണ് ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത്. നിരവധി സിനിമകളോട് പൊരുതിയാണ് 'ബാക്കി വന്നവർ' ചലച്ചിത്രമേളയുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്.
സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാനുൽ ഫാരിസും അമൽ പ്രസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നത്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായ ആര്‍ ശരത്ത് ചെയര്‍മാൻ ജീവ കെ ജെ, ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നീ സംവിധായകരുൾപ്പെട്ട സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍, വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡിസംബറില്‍ ചലച്ചിത്ര മേള നടത്തുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു.