മാഞ്ഞുപോയ മലയാളത്തിന്‍റെ ശ്രീ

ഒക്ടോബര്‍ 19ന് മലയാളത്തിന്‍റെ ശ്രീ വിടവാങ്ങിയിട്ട് 16 വര്‍ഷം തികയുകയാണ്

Update: 2022-10-19 05:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു ശ്രീവിദ്യ, പ്രത്യേകതകളുള്ള സൗന്ദര്യം. അതിലുപരി വെല്ലുവിളി നിറഞ്ഞ ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവും ശ്രീവിദ്യയ്കുണ്ടായിരുന്നു." പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജ്ജ് ഒരിക്കല്‍ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞു. മലയാളത്തിന്‍റെ ശ്രീ ആയിരുന്നു ശ്രീവിദ്യ എന്ന നടി. സൗന്ദര്യത്തിനൊപ്പം അഭിനയത്തികവും ഒത്തുചേര്‍ന്നതാണ് ശ്രീവിദ്യയെ വ്യത്യസ്തമാക്കിയത്. മലയാളത്തിന്‍റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 19ന് മലയാളത്തിന്‍റെ ശ്രീ വിടവാങ്ങിയിട്ട് 16 വര്‍ഷം തികയുകയാണ്.

സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ശ്രീവിദ്യയുടെ ജനനം. ആര്‍.കൃഷ്ണമൂര്‍ത്തിയുടെയും എം.എല്‍ വസന്തകുമാരിയുടെയും മകളായി മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. നൃത്തത്തിന്‍റെയും സംഗീതത്തിന്‍റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്. അത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്ന ഒരു കുട്ടി എത്തിപ്പെടാവുന്ന സിനിമാ മേഖലയില്‍ തന്നെയാണ് വലുതായപ്പോള്‍ ശ്രീവിദ്യയും എത്തിയത്. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യയെ മലയാള സിനിമക്ക് ലഭിക്കുന്നത്. സത്യന്‍റെ നായികയായിട്ടായിരുന്നു ശ്രീയുടെ അരങ്ങേറ്റം. പിന്നീട് ശ്രീവിദ്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളത്തില്‍ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി ശ്രീവിദ്യ. വെറുമൊരു നായികാവേഷം എന്നതിലുപരി അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അവയെല്ലാം. ആദാമിന്‍റെ വാരിയെല്ലിലെ ആലീസ്, എന്‍റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ വസുന്ധരാ ദേവി തുടങ്ങിയവ ശ്രീവിദ്യ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. സൊല്ലത്താന്‍ നിനക്കിറേന്‍, അപൂര്‍വ്വ രാഗങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ അവര്‍ തമിഴകത്തിന്‍റെയും മനം കവര്‍ന്നു . കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

രചന,ദൈവത്തിന്‍റെ വികൃതികള്‍, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും ശ്രീവിദ്യയെ തേടിയെത്തി. മധുവിന്‍റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. സത്യന്‍- ശാരദ, നസീര്‍- ഷീല ജോഡികള്‍ പോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു മധു-ശ്രീവിദ്യ ജോഡി. ചെണ്ട,തീക്കനല്‍,അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്നീ ചിത്രങ്ങളിലെ മധു-ശ്രീവിദ്യ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ നിര്‍മാതാവായിരുന്ന ജോര്‍ജ് തോമസുമായി പ്രണയത്തിലായി . 1979ല്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് പ്രശ്നങ്ങള്‍ മൂലം വേര്‍പിരിഞ്ഞു.

മികച്ച നടിയ്ക്കുള്ള മൂന്ന് കേരള സംസ്ഥാന അവാർഡുകൾ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്. 1979 -ൽ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'ജീവിതം ഒരു ഗാനം' എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983 -ൽ 'രചന', 1992 -ൽ ദൈവത്തിന്‍റെ വികൃതികൾ എന്നീ സിനിമകളിലെ പ്രകടനങ്ങൾക്കും മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ശ്രീവിദ്യയെ തേടിയെത്തി. 1986 -ൽ ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നേടിയ ശ്രീവിദ്യ അതേ അവാർഡ് തൊട്ടടുത്ത വർഷം എന്നെന്നും കണ്ണേട്ടൻ എന്ന ചിത്രത്തിലൂടെ രണ്ടാമതും സ്വന്തമാക്കി.

അമ്മയെപ്പോലെ ഒരു പാട്ടുകാരിയും കൂടിയായിരുന്നു ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങളില്‍ ശ്രീവിദ്യ പാടിയ പാട്ടുകള്‍ എന്നും ഓര്‍ക്കുന്നവയാണ്. അവസാന കാലത്ത് മിനിസ്ക്രീനിലും സജീവമായിരുന്നു അവര്‍. ഒരു നടിയുടെ ജീവിതം എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശ്രീവിദ്യയുടെ ജീവിതം. എല്ലാം നഷ്ടപ്പെട്ട് ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ ആരുമുണ്ടായിരുന്നില്ല കൂട്ടിന്. താരത്തിളക്കങ്ങള്‍ക്കിടയിലും ഒറ്റക്കായിരുന്നു അവര്‍. ശ്രീവിദ്യയുടെ അവസാനനാളില്‍ ആദ്യ കാമുകനായിരുന്ന കമല്‍ഹാസന്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് രഞ്ജിത് തിരക്കഥ എന്ന ചിത്രത്തിന് ആധാരമായത് ഈ സന്ദര്‍ശനമായിരുന്നു. ജീവിച്ചിരിക്കുന്ന കാലത്തോളം സുന്ദരിയായിരിക്കാന്‍ അവര്‍ ആഗ്രഹിച്ചു... മലയാളികളുടെ ഓര്‍മകളില്‍ അവര്‍ എപ്പോഴും സുന്ദരിയാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News