തിയേറ്റർ നിറഞ്ഞു; പത്തു ദിവസം കൊണ്ട് നൂറു കോടി വാരി 2018
ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രം
റിലീസ് ചെയ്ത പത്തു ദിവസത്തിനുള്ളിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച് ജൂഡ് ആന്തണി ചിത്രം 2018. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രവും ഇതാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. 12 ദിവസം കൊണ്ട് നൂറു കോടി നേടിയ മോഹൻലാൽ ചിത്രം ലൂസിഫറിനെയാണ് 2018 മറികടന്നത്.
ഈ നാഴികക്കല്ല് പിന്നിടാൻ പ്രാപ്തരാക്കിയ പ്രേക്ഷകരോട് അങ്ങേയറ്റത്തെ കടപ്പാടും നന്ദിയുമുണ്ട് നിർമാണ കമ്പനി കാവ്യ ഫിലിം കമ്പനി സോഷ്യൽ മീഡിയയിൽ കുറിച്ചു. പണത്തിനപ്പുറം പ്രേക്ഷകരുടെ ഊഷ്മളമായ സ്‌നേഹമാണ് മുമ്പോട്ടു നയിക്കുതെന്നും കമ്പനി കൂട്ടിച്ചേർത്തു. രണ്ട് ഇമോജികൾ മാത്രം പങ്കുവച്ചാണ് സംവിധായകൻ ജൂഡ് ആന്തണി വാർത്ത ഷെയർ ചെയ്തത്.
ലൂസിഫറിന് പുറമേ, പുലിമുരുകൻ, ഭീഷ്മപർവം, കുറുപ്പ്, മധുരരാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി എന്നിവയാണ് നേരത്തെ നൂറു കോടി ക്ലബിൽ ഇടംപിടിച്ച മലയാള ചിത്രങ്ങൾ.
കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഇതിവൃത്തമാക്കി ജൂഡ് ഒരുക്കിയ ചിത്രം കാണാൻ തിയേറ്ററിൽ നിറയെ ആളെത്തിയിരുന്നു. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ്, സിദ്ദിഖ്, വിനീത കോശി, ശിവദ തുടങ്ങി വൻതാര നിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.