കണ്ണേ അകലുന്നുള്ളൂ...ഖല്‍ബ് അകലുന്നില്ല..ആശുപത്രി കിടക്കയില്‍ വച്ച് റസാഖ് എഴുതി
ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദ്ദേഹം കുറിച്ച പ്രതീക്ഷാനിര്‍ഭരമായ വരികള്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരില്‍ കണ്ണീര്‍ നിറയ്ക്കുകയാണ്
പെയ്തൊഴിയാത്ത മഴ പെട്ടെന്ന് പെയ്ത് തീര്‍ന്നതു പോലെയായിരുന്നു അത്..കഥയുടെ പെരുമഴക്കാലം ബാക്കിയാക്കി ടി.എ റസാഖ് എന്ന കലാകാരന്‍ യാത്രയാകുമ്പോള്‍ പച്ചയായ ജീവിതങ്ങള്‍ പകര്‍ന്ന കുറെ കഥകള്‍ മാത്രം ബാക്കിയായി. ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. കരള്‍ രോഗം ഒരു കഴുകനെപ്പോലെ പിടിമുറുക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ അദ്ദേഹം ചികിത്സകള്‍ക്ക് വിധേയമായി. ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദ്ദേഹം കുറിച്ച പ്രതീക്ഷാനിര്‍ഭരമായ വരികള്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരില്‍ കണ്ണീര്‍ നിറയ്ക്കുകയാണ്.
കഴിഞ്ഞ ജൂലൈ 30ന് 10.15നായിരുന്നു ആ പോസ്റ്റ് ടി.എ റസാഖ് ഫേസ്ബുക്ക് പേജിന്റെ ചുവരുകളില്‍ എഴുതിയത്. സഹോദരങ്ങളെ...ഞാന്‍ 28 മുതല്‍ കൊച്ചിന്‍ അമൃതാ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്..രണ്ടാമത് കരള്‍ ശസ്ത്രക്രിയ. ഇടയ്ക്ക് കുറച്ചു നാള്‍ നമുക്കിടയില്‍ ഒരു മൌനത്തിന്റെ പുഴ വളര്‍ന്നേക്കാം...കണ്ണേ അകലുന്നുള്ളൂ..ഖല്‍ബ് അകലുന്നില്ല...ടി.എ റസാഖ് അദ്ദേഹം കുറിച്ചു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന രോഗവിവരത്തെക്കുറിച്ച് അറിഞ്ഞവര്‍ കുറിച്ചു, പ്രാര്‍ത്ഥനകളെയും പ്രതീക്ഷകളെയും നിര്‍ഫലമാക്കി ആ അനുഗൃഹീത കലാകാരന്‍ വിട പറഞ്ഞു.