പറവ കാണാന്‍ പോകുന്നവരോട് ദുല്‍ഖറിന്റെ അപേക്ഷ
സൗബിനും മുനീര്‍ അലിയും ചേർന്നാണ് പറവയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്
സൌബീന്റെ ആദ്യ സംവിധാന സംരഭം, ദുല്‍ഖര്‍ സല്‍മാന്‍...പറവ കാണാന്‍ വേറെ വല്ല കാരണവും വേണോ. എന്നാല്‍ ചിത്രം കാണാന്‍ പോകുന്നവരോട് ദുല്‍ഖറിന് ഒരു അപേക്ഷയുണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കരുതെന്ന് ഡിക്യൂ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
''നാളെ പറവ കാണാൻ പോകുന്ന പ്രേക്ഷകരോട് പ്രത്യേകിച്ച് ആരാധകരോട് എനിക്ക് ആത്മാർത്ഥമായ ഒരു അപേക്ഷയുണ്ട്. ദയവു ചെയ്തു നിങ്ങൾ സിനിമയിലെ രംഗങ്ങൾ ക്യാമറയിൽ പകർത്തരുത്. അത് ഏതെങ്കിലും ഒരു നടന്റെ ഇൻട്രോയോ,സംഘട്ടന രംഗങ്ങളോ ഗാനരംഗങ്ങളോ ആകാം. ഇതൊക്കെ നിങ്ങളുടെ സ്‌നേഹവും ആവേശവും ആണെന്ന് എനിക്കറിയാം എന്നാൽ എന്നെ സംബന്ധിച്ച് ഇത് പൈറസിയാണ്. നിങ്ങൾ ഷൂട്ട് ചെയ്ത ദൃശ്യം സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റ് വഴിയും പ്രചരിച്ചാല്‍ അത് സിനിമയുടെ ഡിവിഡി/ ബ്ലു റേ ഇറങ്ങുമ്പോഴായിരിക്കും ബാധിക്കുന്നത്. ഇത് ആരെയും വിഷമിപ്പിക്കാന്‍ പറയുന്നതല്ല. ദയവു ചെയ്തു ഇങ്ങിനെ ചെയ്യരുത്.''
സൗബിനും മുനീര്‍ അലിയും ചേർന്നാണ് പറവയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റിൽ സ്വയാമ്പ് പോൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ്; പ്രവീൺ പ്രഭാകർ. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സ്രിന്റ, ഷെയിന്‍ നിഗം, ജേക്കബ് ഗ്രിഗറി, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.