ഫേസ് ബുക്ക് പേജിന്‍റെ റേറ്റിങ് അല്ല സംഘടനയുടെ വിശ്വാസ്യത നിർണ്ണയിക്കുന്നത്: ഡബ്ലുസിസി
മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ഡെയ്‍ലിഒ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് ഡബ്ലുസിസിയുടെ പേജില്‍ ഷെയര്‍ ചെയ്ത ശേഷം പിന്‍വലിക്കാനുണ്ടായ സാഹചര്യവും സംഘടന വ്യക്തമാക്കി.
ഫേസ് ബുക്ക് പേജിന്‍റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നതെന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്. ഡബ്ലുസിസിയുടെ ഫേസ് ബുക്ക് പേജിനെതിരെ കൂട്ടമായ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സംഘടന രംഗത്തെത്തിയത്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ഡെയ്‍ലിഒ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് ഡബ്ലുസിസിയുടെ പേജില്‍ ഷെയര്‍ ചെയ്ത ശേഷം പിന്‍വലിക്കാനുണ്ടായ സാഹചര്യവും സംഘടന വ്യക്തമാക്കി.
"മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല" എന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.