രണ്ടാമൂഴം ഒരുങ്ങുന്നത് 1000 കോടി ബജറ്റില്‍
വ്യവസായി ബി ആര്‍ ഷെട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മാണം ഏറ്റെടുത്തത്
എം ടി വാസുദേവന്‍ നായരെഴുതിയ രണ്ടാമൂഴത്തിന്‍റെ ചലച്ചിത്രാവിഷ്‌കാരത്തിന്‍റെ ബജറ്റ് 1000 കോടി രൂപ. വ്യവസായി ബി ആര്‍ ഷെട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മാണം ഏറ്റെടുത്തത്. ഭീമസേനന്‍റെ കാഴ്ചപ്പാടിലൂടെ മഹാഭാരതകഥ പറയുന്ന നോവലാണ് രണ്ടാമൂഴം. നോവല്‍ സിനിമയാക്കുമ്പോള്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്ന് എം ടി വാസുദേവന്‍നായര്‍ പറഞ്ഞു. ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകനായ വി എ ശ്രീകുമാര്‍ മോനോനാണ്.
മോഹന്‍ലാല്‍ ഫേസ് ബുക്ക് വീഡിയോയിലൂടെയാണ് ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. മഹാഭാരതം പോലെ തന്നെ സ്വാധീനിച്ച കൃതിയാണ് രണ്ടാമൂഴം. രണ്ടാമൂഴം എത്രതവണ വായിച്ചുവെന്ന് അറിയില്ല. സിനിമയെക്കുറിച്ച് കേട്ട് തുടങ്ങിയ കാലം മുതല്‍ തന്‍റെ പേര് പറഞ്ഞുകേള്‍ക്കുന്നതിലും സന്തോഷമുണ്ട്. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് എംടിയോടുള്ള നന്ദിയും മോഹന്‍ ലാല്‍ വ്യക്തമാക്കി.
ഈ ഇതിഹാസം ലോക സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കേണ്ടത് അതിന്‍റെ എല്ലാ ദൃശ്യസൗന്ദര്യവും ആവാഹിച്ചുകൊണ്ടായിരിക്കണം. അതിന് ലോകനിലവാരത്തിന് ഇണങ്ങിയ ബജറ്റ് ആവശ്യമുണ്ട്. ഇവിടെയാണ് 1000 കോടി നിക്ഷേപിക്കാന്‍ സന്നദ്ധനായ ബി ആര്‍ ഷെട്ടിയുടെ ദീര്‍ഘവീക്ഷണത്തെ സല്യൂട്ട് ചെയ്യുന്നത്. ഈ സിനിമ ഒരു ഇതിഹാസമാക്കി മാറ്റാന്‍ വി എ ശ്രീകുമാറിന് കഴിയും. ഈ സംരംഭത്തിന്‍റെ വിജയത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുക. മറ്റ് വിദേശഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.